വാഷിങ്ടണ്‍: ലോകത്തു തന്നെ സമാധാനത്തിലേക്കുള്ള പാത തെളിക്കുന്ന ചരിത്ര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇസ്രയേലിനൊപ്പം സമാധാന കരാര്‍ ഒപ്പിട്ട് യുഎഇയും ബഹ്റൈനും. യു.എസ്. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലായിരുന്നു ചരിത്രപരമായ ചടങ്ങ്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ സാക്ഷിയായി.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ഉടമ്പടിയില്‍ ഒപ്പുവെച്ചു.
ദശാബ്ദങ്ങളുടെ കുടിപ്പകയെ വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് സമാധാനത്തിന്റെ പ്രതീക്ഷ നല്കി ഒപ്പിട്ട ഉടമ്പടിക്ക് അബ്രഹാം ഉടമ്പടി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.എല്ലാ മേഖലയിലും ഇസ്രയേലുമായുള്ള സമ്പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ച് യു.എ.ഇ കരാര്‍ ഒപ്പിട്ടതോടെ 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിനാണ് ഇതോടെ അന്ത്യമായത്. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന്റെ സൂര്യോദയങ്ങളായിരിക്കും ഇനിയെന്ന് ഉടമ്പടി ഒപ്പിടുന്നതിനു സാക്ഷ്യം വഹിക്കവേ ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. അബ്രഹാം ഉടമ്പടിയോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങളുടെ എണ്ണം നാലായി.ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി മുമ്പേ ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. നയതന്ത്ര, സാമ്പത്തികതലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: