മട്ടാഞ്ചേരി: ഹിന്ദിയെ സ്നേഹിച്ച രമാദേവി ടീച്ചര്‍ ഇന്ന് സന്തുഷ്ടയാണ്. 1977ല്‍ തുടങ്ങി 2017 വരെയായി കൊച്ചിയിലെ ബാപ്പുജി ഹിന്ദി വിദ്യാലയത്തെ കുടുംബമായും വിദ്യാര്‍ഥികളെ മക്കളായും കണ്ട് രമ ടീച്ചര്‍ ജീവിതം ഹിന്ദിക്കായി സമര്‍പ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകാലം നീണ്ട ഹിന്ദി പ്രചാരക ജീവിതത്തില്‍ അധ്യാപികമാര്‍ മുതല്‍ വക്കീല്‍, ഡോക്ടര്‍, പ്രൊഫസര്‍മാര്‍, ഡോക്ടറേറ്റ് നേടിയവരടക്കം 12,000 ത്തോളം വരുന്ന ശിഷ്യ സമ്പത്തിനുടമയാണിന്ന് രമ ടീച്ചര്‍.
നാവിക കേന്ദ്രമായ കൊച്ചി ഐഎന്‍എസ് വെണ്ടുരുത്തിയില്‍ ഡ്രൈവറായിരിക്കെ രണ്ടാം ലോക മഹായുദ്ധത്തില്‍ സൈനികര്‍ക്ക് ട്രക്കില്‍ ഭക്ഷണമെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത ബാഹുലേയന്-ദേവകി ദമ്പതികളുടെ മകള്‍ രമാദേവിക്ക് സ്കൂള്‍ വിദ്യാദ്യാസത്തിനിടെ ശാരീരിക തളര്‍ച്ചയനുഭവപ്പെട്ടു.
വിധിയോട് പൊരുതി സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഹിന്ദി പ്രചാര സഭയില്‍ പഠിച്ചു. ഒപ്പം ബാപ്പുജി ഹിന്ദി വിദ്യാലയം തുടങ്ങി. രാവിലെ ഏഴിന് തുടങ്ങുന്ന ക്ലാസ്സുകള്‍ രാത്രി എട്ട് വരെ തുടരും. 15-20 പേരടങ്ങുന്നതാണ് ബാച്ചുകള്‍. സഹായത്തിന് പൂര്‍വ വിദ്യാര്‍ഥികളും. ഇതിനിടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആറ് ഓപ്പറേഷന് വേളയിലും പൂര്‍വവിദ്യാര്‍ഥികള്‍ സഹായത്തിനെത്തിയെന്ന് ടീച്ചര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പുരസ്ക്കാരങ്ങളൊന്നുമില്ലെങ്കിലും കൊച്ചി നഗരസഭയും ഭാരത് ഫെ സ്റ്റും പ്രാദേശിക സംഘടനകളും ടീച്ചറെ ആദരിച്ചിട്ടുണ്ട്. ”ഒറ്റയ്ക്കുള്ള താമസത്തില്‍ ശിഷ്യരുടെ ഫോണ്‍ വിളികളാണ് ജീവിതത്തില്‍ ആനന്ദം നല്‍കുന്നത്.
രണ്ട് സഹോദരങ്ങളുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാറില്ല. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് കഴിയുന്നു”. രമാദേവി ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: