പെരുമ്പാവൂര്‍: ലൈഫ് ഭവന പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ്. വെങ്ങോലയില്‍ നിര്‍മ്മിക്കാത്ത വീടിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിപിഎം നേതാവ് സംജാതാണ് തന്റെ മാതാവ് ബീവാത്തുവിന്റെ പേരില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ തന്നെ ഉദ്യോഗസ്ഥരില്‍ നിന്നും പണം തട്ടുകയായിരുന്നു.
വെങ്ങോല പഞ്ചായത്തിലെ വെട്ടിക്കാട്ടുകുന്നിലെ സീറോ ലാന്‍ഡ് പദ്ധതി പ്രകാരം അനുവദിച്ച സ്ഥലത്താണ് സിപിഎം.ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മാതാവിന്റെ പേരില്‍ വീട് നിര്‍മിക്കുന്നത്. നിലവില്‍ തറയുടെ നിര്‍മാണം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എന്നാല്‍ നാല് ഘട്ടങ്ങളിലെയും നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് പറഞ്ഞ് മുഴുവന്‍ പണവും കൈപ്പറ്റുകയായിരുന്നു. വെങ്ങോല പഞ്ചായത്തില്‍ സിപിഎം. ഭരണം നടത്തിയ കാലത്ത് ഭരണസമിതിയില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് ഈ പണം തട്ടിയത്.
തറ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കാണിച്ച് 2018 ജൂലൈ 10 നാണ് ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയത്. പിന്നീട് ഭിത്തി നിര്‍മാണം നടത്തിയതായി കാണിച്ച് 2019 ജനുവരി 5ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയും കൈപ്പറ്റി. പിന്നീട് മേല്‍ക്കൂര നിര്‍മിച്ചതിന്റെ ഒരു ലക്ഷം രൂപ 2019 മാര്‍ച്ച് 30നും, വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഒരു ലക്ഷം രൂപ 2019 ആഗസ്റ്റ് 22നുമാണ് കൈപ്പറ്റിയത്.
അതേസമയം വെങ്ങോല പഞ്ചായത്തില്‍ സിപിഎം ഭരണകാലത്ത് ഇത്തരത്തില്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടുള്ളതായും ആരോപണമുണ്ട്. വാര്‍ഡ് മെമ്പറുടെ ഒത്താശയോടെയാണ് ഇത് നടത്തിയിട്ടുള്ളത്. നാട്ടില്‍ ഒരിഞ്ച് ഭൂമിയ്ക്കും കിടപ്പാടത്തിനുമായി സാധാരണ ജനം നെട്ടോട്ടമോടുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ അനുയായികള്‍ തന്നെ ഇത്തരം പ്രത്യക്ഷ തട്ടിപ്പുകള്‍ നടത്തുന്നതിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഇവിടെ ഉയരും. സാധാരണക്കാര്‍ക്കായുള്ള പണം സിപിഎം നേതാക്കള്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി തട്ടിയെടുക്കുന്നതില്‍ അന്വേഷണം നടത്തണമെന്നും പൊതുജനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: