ലഡാക്ക് അതിര്‍ത്തിയിലേക്ക് നീങ്ങുന്ന ഭാരത സൈനികരെ ആവേശപൂര്‍വം അഭിവാദ്യം ചെയ്യുന്ന ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വെറുമൊരു സന്തോഷ പ്രകടനം മാത്രമായിരുന്നില്ല അവരില്‍ ലോകം വീക്ഷിച്ചത്. മാറുന്ന ലോക രാഷ്ട്രീയത്തില്‍ ഒരു സ്വതന്ത്ര ടിബറ്റ് യാഥാര്‍ഥ്യമാകും എന്ന ആത്മവിശ്വാസം അവര്‍ക്കിന്ന് ലഭിച്ചിരിക്കുന്നു.
1950 ലാണ് ചൈന ടിബറ്റ് കീഴടക്കുന്നത്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തില്‍ നിരവധി ടിബറ്റന്‍ ജനത ഭാരതത്തില്‍ അഭയം പ്രാപിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിച്ചു വരികയും ചെയ്യുന്നു. ചൈനീസ് അധിനിവേശം ടിബറ്റിന് നഷ്ടമാക്കിയത് 12 ലക്ഷത്തോളം പൗരന്മാരെയാണ്.
98 ശതമാനത്തോളം ബുദ്ധ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ച് ടിബറ്റന്‍ സംസ്കാരത്തെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തികൊണ്ടിരിക്കുന്നത്. അടുത്ത കാലത്തു ലോകത്തുണ്ടായ വലിയ മാറ്റങ്ങളാണ് ടിബറ്റിന്റെ മോചനത്തെക്കുറിച്ചുള്ള നിഗമനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ലോക ജനതയെ പ്രേരിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ചൈനയെ ശിഥിലീകരിക്കാന്‍ നടത്തുന്ന നീക്കങ്ങളും അവയില്‍ ഭാരതത്തിന്റെ പ്രത്യക്ഷ പങ്കാളിത്തവും അടുത്തിടെ ഭാരതം ചൈനയ്ക്ക് നല്കിയ തിരിച്ചടികളും ഈ നിഗമനങ്ങള്‍ക്ക് ശക്തിപകരുന്നു. ആഭ്യന്തര തലത്തില്‍ കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദ് ചെയ്യുകയും കാശ്മീരി പണ്ഡിറ്റുകളെ തങ്ങളുടെ നഷ്ട്ടപെട്ട ജന്മഭൂമിയിലേക്ക് തിരികെയെത്തിക്കുകയുമെന്ന നയം ഭാരത സര്‍ക്കാരിനുണ്ട്. ഭാരതത്തിനു നഷ്ടമായ പാക് അധീന കശ്മീരും അക്സായി വീണ്ടെടുക്കുന്നതും ഭാരതത്തിന്റെ പരിഗണന വിഷയങ്ങളാണ്. ചൈനയെ ശിഥിലീകരിക്കുകയെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പ്രാദേശിക അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ കൂട്ടായ്മകളിലും ഭാരതം ഇന്ന് ഭാഗമാണ്. ചൈനയുടെ തകര്‍ച്ചയാണ് ടിബറ്റന്‍ ജനതയ്ക്ക് തങ്ങളുടെ മാതൃ രാഷ്ട്രം വീണ്ടെടുക്കാനുള്ള ഏക വഴിയും.
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചില നീക്കങ്ങളും ചൈനയെ അടിയറവ് പറയിക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ്. കുറച്ചു നാളുകളിലായി ചൈന പുറത്തു കാണിക്കുന്ന അസ്വസ്ഥതകള്‍ക്കും കാരണമിതാണ്. സൈനിക നീക്കത്തിലൂടെ ഭയപ്പെടുത്തി ഭാരതത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി ചൈന നടത്തുന്നുണ്ടെങ്കിലും വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു.
തായ്വാന്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് കൈപ്പിടിയില്‍ അമരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് അമേരിക്കന്‍ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അമേരിക്കന്‍ സൈനിക സാന്നിധ്യം ഷി ജിന്‍ പിങ്ങിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ശീതയുദ്ധകാലത്ത് യൂറോപ്പില്‍ നിയോഗിച്ച സൈനിക സാന്നിധ്യം അമേരിക്ക ഏഷ്യയിലേക്ക് മാറ്റുകയാണ്. ഇതിനായി ജര്‍മനിയില്‍ നിലവിലുള്ള 52,000 ത്തോളം വരുന്ന സൈനികരെ 25000 മായി കുറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. നിലവില്‍ ചൈനയ്ക്ക് സമീപമായി തെക്കന്‍ കൊറിയയില്‍ 28,000 ത്തോളം അമേരിക്കന്‍ സൈനികരുണ്ട്. അന്‍പത് പടക്കപ്പലുകളും 20,000 നാവികരും അടങ്ങിയ അമേരിക്കയുടെ ഏഴാം കപ്പല്‍ പടയടക്കം 54,000 അമേരിക്കന്‍ സൈനികരാണ് ജപ്പാനിലുള്ളത്. ഗുവാം ദ്വീപിലുള്ള അമേരിക്കന്‍ സൈനിക താവളത്തില്‍ 5,000 ത്തോളം സൈനികരും നിലയുറപ്പിച്ചിരുന്നു. തായ്വാന്, ഹോങ് കോങ്ങ് പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അയച്ച മൂന്ന് അമേരിക്കന്‍ വിമാന വാഹിനി കപ്പലുകള്‍ ഇപ്പോഴും തായ്വാന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുമായി പ്രശ്നമുള്ള രാജ്യങ്ങളെ ഒപ്പം കൂട്ടുമെന്ന തീരുമാനവും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യകത്മാക്കി കഴിഞ്ഞു.
ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ള ബന്ധവും ഇപ്പോള്‍ ശക്തമാണ്. ഭാരതത്തിന്റെ കടന്നുവരവും ചൈനയുടെ അക്രമോത്സുക നയങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കുന്നത്.
ചരിത്രപരമായി തന്നെ ടിബറ്റിനെക്കുറിച്ചുള്ള അമേരിക്കന്‍ നയം ലോക രാഷ്ട്രീയത്തില്‍ ഒരു വലിയ ഇടം സൃഷ്ടിക്കേണ്ടിയിരുന്ന ഒരു സംഭവമായിരുന്നു. ചൈനയില്‍ വളര്‍ന്നു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം തകര്‍ക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യയുടെ സഹായത്തോടെ ഇത് എളുപ്പത്തില്‍ ചെയ്യാമെന്ന് അമേരിക്ക മനസ്സിലാക്കിയിരുന്നു. ദക്ഷിണേഷ്യയിലെ കമ്യൂണിസ്റ്റ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ രണ്ട് തവണ പ്രധാനമന്ത്രി നെഹ്രുവിന് കത്തെഴുതിയിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം ടിബറ്റ് പിടിച്ചടക്കലിലേക്കും ഭാവിയില്‍ നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങളിലേക്കും ഒടുവില്‍ ഭാരതത്തിലേക്കും കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റവും അട്ടിമറി പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിന് ഒരു അടിത്തറ നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്നാല്‍ അമേരിക്കന്‍ പദ്ധതിയുമായി സഹകരിക്കാന്‍ നെഹ്റു വിസമ്മതിച്ചു. ഒടുവില്‍ 1950 ല്‍ ചൈന ടിബറ്റ് പിടിച്ചെടുക്കകയും 1962ല്‍ ഭാരതത്തെ ആക്രമിക്കുകയും അക് സായി ചിന്നും, നേഫ പ്രദേശങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപിന്റെ കാലത്തു ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതിലൊന്നാണ് അടുത്തിടെ ഇറങ്ങിയ നിയമം, ടിബറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് നിയമിക്കപെട്ടിട്ടുളള ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ പ്രവേശനം നിഷേധിക്കുന്നു. ഒപ്പം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ടിബറ്റിലേക്കുള്ള പ്രവേശനം പ്രോത്സാഹിക്കുകയും ചെയ്യുന്നു. ഇന്ന് ഭാരതത്തിന്റെ പിന്തുണ അമേരിക്കയ്ക്ക് ലഭിക്കുന്നുണ്ട്. ടിബറ്റിന്റെ മോചനം ഭാരതത്തിന്റെ സുരക്ഷയ്ക്ക് അതിപ്രധാനമാണ്. ചൈനീസ് അധിനിവേശ ടിബറ്റ് മോചിതമായാല്‍ ഭാരതവുമായി ചൈനയ്ക്കുള്ള അതിര്‍ത്തി ഇല്ലാതാക്കാം. ഭാരത സര്‍ക്കാരിന്റെ നിലവിലെ നയങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് ചൈനയുമായുള്ള ആശ്രയത്വം കുറയ്ക്കുക എന്നതാണ്. ഈ നയം തുടര്‍ന്ന് പോയാല്‍ ടിബറ്റിനെ ചൈനയുടെ ഭാഗമായി കണ്ടിരുന്ന നയത്തെ ഭാവിയില്‍ പുനഃപരിശോധിക്കാന്‍ ഭാരതം തയ്യാറാവുമെന്നതില്‍ സംശയമില്ല. ഒപ്പം ടിബറ്റന്‍ ജനതയുടെ ദീര്‍ഘ നാളായുള്ള കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകുമെന്നു പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: