കണ്ണൂര്‍: മന്ത്രിമാരായിരുന്ന ഇ.പി. ജയരാജനും തോമസ് ചാണ്ടിക്കും ലഭിക്കാത്ത പരിഗണന ജലീലിലിന് ലഭിക്കുന്നത് സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി ജലീലിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടേയും സിപിഎം നേതൃത്വത്തിന്റെയും നിലപാട് പാര്‍ട്ടി അണികള്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നുണ്ട്. ജയരാജനും തോമസ് ചാണ്ടിക്കും ബാധകമായത് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നടപടിയെടുക്കാത്തതില്‍ ദുരൂഹതയും ഉയരുന്നു.
ജയരാജന്റെയും ചാണ്ടിയുടേയും കാര്യത്തില്‍ പാര്‍ട്ടികളായിരുന്നു പ്രതിക്കൂട്ടില്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും തന്നെ സംശയത്തിന്റെ നിഴലിലാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനും കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ മറച്ചുവെയ്ക്കാനുണ്ടെന്ന സൂചനകളും ഉണ്ട്. ജലീലിനോട് രാജി ആവശ്യപ്പെട്ടാല്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്ന ഭയമാണ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും രാജി ആവശ്യപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും നിലപാടില്‍ അമര്‍ഷം ഉണ്ടെങ്കിലും പുറത്തറിയിക്കാതെ മൂടിവെയ്ക്കുകയാണ്. ലീഗ് നേതാവായിരുന്ന ജലീല്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയതു മുതല്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്, പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന ജലീലിനെ പാര്‍ട്ടിയിലെത്തിയ ഉടന്‍ പിണറായി നടത്തിയ നവകേരള മാര്‍ച്ചിന്റെ നായകരിലോരാളിക്കിയത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മാത്രമല്ല മന്ത്രിസഭ അധികാരത്തിലെത്തിയതു മുതല്‍ പല വിവാദ നടപടികളിലൂടെയും കുരുക്കിലായ ജലീലിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത് എന്നതും ഇപ്പോള്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെടാത്തതും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.
എല്‍ഡിഎഫ് മന്ത്രി സഭ അധികാരത്തിലെത്തി ആറുമാസം തികയും മുമ്പ് വ്യവസായ വകുപ്പിലെ ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ മന്ത്രി സഭയിലെ രണ്ടാമനും വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനോട് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മനമില്ലാ മനസ്സോടെ മന്ത്രി രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട എന്‍സിപി മന്ത്രിയായിരുന്ന തോമസ് ചാണ്ടിയോടും ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും എല്‍ഡിഎഫും രാജി ആവശ്യപ്പെടുകയും അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിക്കെതിരെ കേസോ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ജയരാജനെ രൂക്ഷമായി വിമര്‍ശിക്കുകയും ജയരാജന് പാര്‍ട്ടിയ്ക്ക് അപമാനമാണെന്നും പാര്‍ട്ടി വ്യക്തമാക്കുകയും രാജവെച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. തോമസ്ചാണ്ടിയുടേ പേരില്‍ കായല്‍ കയ്യേറ്റത്തിന് കേസുണ്ടായിരുന്നുവെങ്കിലും എന്‍സിപി തീരുമാനിക്കും മുമ്പ് മുഖ്യമന്ത്രിയും എല്‍ഡിഎഫും രാജി ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണകളളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് ഇത്രയേറെ ആരോപണങ്ങള്‍ക്ക് വിധേയനായ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പഴയകാല സിമി നേതാവുമായിരുന്ന കെ.ടി. ജലീലിനോട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എന്താണിത്ര കടപ്പാടെന്ന ചോദ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നടക്കും സമൂഹത്തിലാകെ ഉയര്‍ന്നു കഴിഞ്ഞു. മന്ത്രിയുടെ രാജിക്കെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊളളുന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ പ്രതിരോധത്തിലാണ് പാര്‍ട്ടി നേതാക്കളും അംഗങ്ങലും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയടക്കം കേസില്‍ ആരോപണ വിധേയനായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും കുടുംബക്കാര്‍ക്കെതിരെ പോലും സംശയം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: