കണ്ണൂര്‍: താഹയും അലനും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന് പ്രവര്‍ത്തനമാണ് ഇതെന്നും അദേഹം പറഞ്ഞു. ഇരുവര്‍ക്കും ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയര്‍ന്നുവന്ന പ്രസക്തമായ വിഷയങ്ങള്‍ ഇല്ലാതാവുന്നില്ലെന്ന് ട്രൂ കോപ്പി തിങ്കിന് നല്കി അഭിമുഖത്തില്‍ ജയരാജന് പറഞ്ഞു.
മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് താന്‍ ചെയ്യുന്നത്. ഒരു കുറ്റം ചെയ്താല്‍ ഏത് നിയമം അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പോലീസാണ്. എന്നാല്‍ ഗവണ്മെന്റ് നയം അതില്‍നിന്ന് വ്യത്യസ്തമാകുമ്പോള് അതില്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഇടപെടും. യു.എ.പി.എ നിയമത്തിന്റെ കാര്യത്തില്‍ കേസെടുക്കുമ്പോള്‍ ഗവണ്മെന്റ് അനുമതി ആവശ്യമാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസില്‍ എന്‍ഐഎ കടന്നുവന്നത്.
പാലയാട് യൂനിവേഴ്സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടനയായ ഫ്രറ്റേണിറ്റിയുമായി യോജിച്ച് സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ഇരുവരും ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്എഫ്ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിര്‍ക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.
യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യന്‍ മാവോയിസ്റ്റുകളെ പിന്തുണക്കാന്‍ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: