തൃശൂര്‍: എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന് ആവശ്യപ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണിനു ശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്സ്റ്റൈല്‍ കോര്പ്പറേഷന് മാനേജ്മെന്റിന് കീഴിലുള്ള മില്ലുകള്‍ തുറന്നില്ലെന്നത് ദുരൂഹമാണ്. കൊറോണ സാഹചര്യത്തില്‍ എന്‍ടിസി മില്ലുകളില്‍ ഉത്പാദിപ്പിക്കുന്ന നൂലിന് വിപണിയില്‍ നല്ല വിലയും മാര്ക്കറ്റുമാണുള്ളത്. അടുത്ത കുറേ മാസങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സ്റ്റോക്ക് എല്ലാ മില്ലുകളിലുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓണക്കാലത്ത് എന്‍ടിസി തുണിത്തരങ്ങള്‍ക്ക് നല്ല വില്‍പ്പന കിട്ടിയിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു എന്‍ടിസി മില്ലുകളിലെ 3000ഓളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ല. ലോക്ഡൗണ്‍ കാലത്ത് പകുതി ശമ്പളമാണ് മാനേജ്മെന്റ് നല്‍കിയത്. ഈവര്‍ഷം മിനിമം ബോണസ് മാത്രമേ നല്‍കിയിട്ടുള്ളൂ. മില്ലുകള്‍ തുറക്കാന്‍ യൂണിയനുകളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല. കേരളത്തിലെ അഞ്ചു മില്ലുകള്‍ അടിയന്തരമായി തുറക്കണമെന്നും അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സാമൂഹിക അകലം പാലിച്ച് മില്ലുകള്‍ക്ക് മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്.
14ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രശ്നം അവതരിപ്പിക്കാന്‍ കേരളത്തിലെ 20 എംപിമാരുടെയും സഹായം തേടും. 30ന് ശേഷം സ്ഥിതിഗതികള്‍ നോക്കി പ്രശ്നപരിഹാരത്തിനായി രാജ്ഭവന് മാര്‍ച്ച് നടത്താനും സംസ്ഥാന ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ വി.വി ശശീന്ദ്രന് അധ്യക്ഷനായി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ബാലചന്ദ്രന്,പി.നന്ദകുമാര്‍,ഒ.എസ് രാജന്,വിജയന് കുനിശേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: