തൃശൂര്‍: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷ പരിപാടികള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം നടത്താന്‍ നിരവധി ഭക്തര്‍ ക്ഷേത്രങ്ങളിലെത്തി. ആഘോഷത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ ചടങ്ങില്‍ പൂജിച്ചു. ക്ഷേത്രം മേല്‍ശാന്തിമാരായ അണിമംഗലം രാമന്‍നമ്പൂതിരി,കൊറ്റംപിള്ളി നാരായണന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. ഗോപൂജക്ക് ശേഷം പ്രസാദം വിതരണം ചെയ്തു.
ആഘോഷങ്ങള്‍ ചുരുക്കിയിരുന്നെങ്കിലും അഷ്ടമിരോഹിണി ദിനത്തില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളടക്കം നിരവധി ഭക്തരെത്തി. പുലര്‍ച്ചെ നാലിന് നടതുറന്നപ്പോള്‍ മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. ഉഷശീവേലിക്ക് ഒരാനപ്പുറത്തായിരുന്നു ഭഗവാന്റെ എഴുന്നെള്ളിപ്പ്. ചെറിയ രീതിയില്‍ മേളത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പില്‍ ശങ്കരംകുളങ്ങര മണികണ്ഠന് ഭഗവാന്റെ തിടമ്പേറ്റി.
ശ്രീകൃഷ്ണാവതാരത്തില്‍ ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായി. രാത്രി അത്താഴപൂജക്കും തൃപ്പുകക്കും ശേഷം നടയടച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരി, മേല്‍ശാന്തിമാരായ പൊഴിച്ചൂര്‍ ദിനേശന് നമ്പൂതിരി, പ്രദീപ് നമ്പൂതിരി എന്നിവര്‍ വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്കി. കൊറോണ മാനദണ്ഡം പാലിച്ചായിരുന്നു ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്താറുള്ള പ്രസാദ ഊട്ട് കൊറോണയെ തുടര്‍ന്ന് ഇത്തവണ ഒഴിവാക്കി.
വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണപതിഹോമം,കലശപൂജകള്‍,ദീപാരാധന,നിറമാല,ചുറ്റുവിളക്ക്,അത്താഴ പൂജ എന്നിവയുണ്ടായി. കോണത്തുകുന്ന് മനക്കലപ്പടി അടപ്പയില് ശ്രീകൃഷ്ണ ക്ഷേത്രം, കല്‍പ്പറമ്പ് പള്ളിപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.
ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വിവേകാനന്ദ ബാലഗോകുലം ഗുരുപാദപുരിയുടെ ആഭിമുഖ്യത്തില്‍ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി എം.കെ ശിവാനന്ദന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പി.ജെ മിഥുന്,ഗോപിനാഥന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: