വടശേരിക്കര (പത്തനംതിട്ട): ഇഷ്ടക്കാരെ നിലനിര്‍ത്തിയും, മറ്റുള്ളവരെ അവഗണിച്ചും കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ അട്ടിമറിക്കുന്നു. വര്‍ക്ക് അറേഞ്ച്മെന്റുകള്‍ സുതാര്യമാക്കുന്നതിനും, അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലംമാറ്റം നല്കുന്നതിനുമായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കിയെങ്കിലും കാര്യങ്ങള്‍ യഥാവിധിയല്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തില്‍ സ്വാഭാവികമായി വരുന്ന അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് വകവയ്ക്കാതെ തന്നിഷ്ടമനുസരിച്ചു സ്ഥലംമാറ്റം നടപ്പാക്കുന്നതായാണ് പരാതി.
250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ച നിരവധി ഉദ്യോഗസ്ഥരെ നിശ്ചിത സമയപരിധി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ നിലനിര്‍ത്തുന്നതായാണ് പരാതി. അതേസമയം 15 വര്‍ഷത്തിലേറെയായി ഒരേ ഡിവിഷനില്‍ ജോലി ചെയ്യുന്നവരുമുണ്ട്. മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരും, യൂണിയന് നേതാക്കളുമാണ് സ്ഥലമാറ്റ ചട്ടങ്ങള്‍ ബാധിക്കാതെ സ്ഥിരം ലാവണത്തില്‍ വര്‍ഷങ്ങളായി തുടരുന്നത്.
500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് സ്ഥലംമാറി പോയ നിരവധി ഉദ്യോഗസ്ഥര്‍ സമയ പരിധി കഴിഞ്ഞും അവിടെ തുടരുന്നു. ഇവരില്‍ ചിലര്‍ ഉടന്‍ വിരമിക്കുന്നവരാണ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ മുതല്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ വരെയുണ്ട്. വീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ ഉള്‍പ്പടെയുള്ളവരും വര്‍ഷങ്ങളായി ദൂരങ്ങളില്‍ ജോലി ചെയ്യുന്നു. ഇതൊന്നും പരിഗണിക്കാതെ ചില യൂണിയനുകളെ പ്രീണിപ്പിക്കുന്ന തരത്തിലാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.
ആര്. സതീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: