തിരുവനന്തപുരം: സര്‍ക്കാരിന്റെ കൈയില്‍ പണമില്ല, സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണം ചെയ്യാനുള്ള പണം കണ്ടെത്താന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സര്‍ക്കാര്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ നടുവൊടിച്ചുു. സഹകരണ സംഘങ്ങളില്‍ നിന്ന് കോടികള്‍ വായ്പയെടുക്കുകയാണ് സര്‍ക്കാര്‍. നിര്‍ബന്ധിതമായി പണം നല്‍കണമെന്നു വന്നതോടെ റിസര്‍വ് ഫണ്ട് സര്‍ക്കാരിലേക്ക് നല്‍കേണ്ട അവസ്ഥയിലാണ് സഹകരണ സംഘങ്ങള്‍.
ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാമൂഹ്യക്ഷേമ പെന്ഷന് നല്കാന് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്കി. ഈ കമ്പനിക്ക് വായ്പ നല്കാന് സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയായിരുന്നു. പ്രാഥമിക സംഘങ്ങളില്‍ നിന്ന് കമ്പനി കടമെടുക്കുന്ന പണത്തിന് 14 മാസം കാലാവധിയും ഒമ്പത് ശതമാനം വാര്‍ഷിക പലിശയുമാണ് സര്‍ക്കാര്‍ വാഗ്ദാനം. കഴിഞ്ഞ മാസം എട്ടിന് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് 1200 കോടിയാണ് സ്വരൂപിക്കുന്നത്.
എന്നാല്‍, നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ എന്ന മോഹനവാഗ്ദാനം നല്കി സഹകരണ സംഘങ്ങളെ കണ്‍സോര്‍ഷ്യത്തിലൂടെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സഹകരണ നിയമ പ്രകാരം അധികം വരുന്ന പണം നിക്ഷേപിക്കേണ്ടത് ജില്ലാ സഹകരണ ബാങ്കിലാണ്. ഇപ്പോള്‍ രജിസ്ട്രാറെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ പണം കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുന്നു.
കൊറോണ മൂലം വായ്പകള്‍ പോകുന്നില്ല. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കണം. ഈ സാഹചര്യം സര്‍ക്കാര്‍ മുതലെടുക്കുകയാണെന്ന് സഹകരണ സംഘം ഭാരവാഹികള്‍ പറയുന്നു. കൊറോണ മാറുന്നതോടെ വായ്പകള്‍ പഴയപടിയാകും. അപ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് പണം ആവശ്യമായി വരും. ഈ സമയം കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുന്ന തുക പെന്ഷന് നല്കി കാലിയാകും. ഇതോടെ തുക തിരികെ ലഭിക്കാതെ വരുമെന്നും ഭരണസമിതികള്‍ പറയുന്നു.
നേരത്തെ കെഎസ്ആര്‍ടിസിക്ക് പെന്ഷന് നല്കാന് സര്‍വീസ് സഹകരണ സംഘത്തില്‍ നിന്നു കടമെടുത്തിരുന്നു. ഈ തുക ഇതുവരെ തിരികെ നല്‍കിയില്ല. പലിശ മാത്രമാണ് നല്‍കുന്നത്. ഇത് കടം നല്കിയ സ്ഥാപനങ്ങള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കി. കേരള ബാങ്കിന്റെ ഷെയറെടുപ്പിക്കുന്നതിനും സഹകരണ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതെല്ലാം പ്രാഥമിക സഹകരണ സംഘങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നും സംഘം പ്രസിഡന്റുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: