കൊല്ലം: രാജ്യത്തിന്റെ നാരീശക്തിയായ സാക്ഷരതാ പഠിതാവാണ് ഭാഗീരഥിയമ്മ. പ്രാഥമിക വിദ്യാഭ്യാസം പോലും ജീവിതപാച്ചിലിനിടയില്‍ നഷ്ടമായ അമ്മയെ, മകളെ പോലെ പരിപാലിച്ച് അക്ഷരവെളിച്ചമേകിയ ടീച്ചറാണ് ഷെര്‍ളി. ബിരുദധാരിയായ ഷെര്‍ളി അടിസ്ഥാനപരമായി തന്നെ സാക്ഷരതാപ്രവര്ത്തകയാണ്. ഭാഗീരഥിയമ്മയ്ക്ക് വയസ് 106 ആണെങ്കില്‍ ടീച്ചറായ ഷെര്ളിക്കാകട്ടെ വയസ് 59 ആണ്.
അമ്മയുടെ വീടായ പ്രാക്കുളം ഗോസ്തലക്കാവ് നന്ദധാമെന്ന വീടിന് വിളിപ്പാടകലെ ഗോസ്തലക്കാവ് ഒമ്പതിന്റയ്യത്താണ് ഷെര്ളിയുടെ കുടുംബവീട്. വളരെ ചെറുപ്പം മുതലെ ഷെര്‍ളിക്ക് ഭാഗീരഥിയമ്മ സ്വന്തം അമ്മയെ പോലെയാണ്. ഷെര്ളിയുടെ അമ്മയും റിട്ട. അധ്യാപികയുമായ ശാരദ ഭാഗീരഥിയമ്മയുടെ കളിക്കൂട്ടുകാരിയാണ്. അതുപോലെയാണ് അമ്മയ്ക്ക് ഇപ്പോള്‍ ഷെര്‍ളിയും. ഷെര്‍ളി പഠിപ്പിച്ചാല്‍ താന്‍ പത്തും പാസാകുമെന്നാണ് തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും അമ്മ പറയുന്നത്.
വിദ്യാഭ്യാസലോകത്തേക്ക് അമ്മയെ കൈപിടിച്ചുയര്‍ത്താന്‍ തീരുമാനിച്ച നാളുകളില്‍ അമ്മയുടെ താത്പര്യം അടുത്തറിയുകയായിരുന്നു ഷെര്‍ളി ആദ്യം ചെയ്തത്. പഠനം തുടങ്ങുന്നതിന് മുമ്പെ സ്വന്തം കൊച്ചുമകളായ അമേയയെയും അങ്കിതിനെയും ഭാഗീരഥിയമ്മക്കൊപ്പം കളിപ്പിക്കും. അതിന്റെ ഊര്‍ജം വിട്ടുമാറുന്നതിന് മുമ്പ് പാഠഭാഗങ്ങള്‍ പറഞ്ഞും സ്ലേറ്റില്‍ എഴുതിച്ചും പഠിപ്പിക്കും. അങ്ങനെ മാസങ്ങളുടെ കഠിനപ്രയത്നം 2019ല്‍ അമ്മയെ മൂന്നാം ക്ലാസ് തുല്യതാ ജേതാവാക്കി. സര്‍ക്കാരില്‍ നിന്നുള്ള പെന്ഷന് വാങ്ങുകയെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഭാഗിരഥിയമ്മ.
ഇതിനുശേഷം ഏഴാം ക്ലാസ് തുല്യതാപഠനത്തിലാണ്. അതും ഷെര്ളിയുടെ ശിക്ഷണത്തില്‍ തന്നെ. കോവിഡ് കാലമായതിനാല്‍ 2021ല്‍ മാത്രമെ ഇതിന്റെ പരീക്ഷയെഴുതാനാകൂ എന്നതാണ് അമ്മയ്ക്കുള്ള വിഷമം. അതിന് ശേഷം പത്താം ക്ലാസ് തുല്യത നേടണമെന്ന ലക്ഷ്യവും അമ്മ പങ്കുവയ്ക്കുന്നു. സാക്ഷരതാമിഷന്‍ റിസോഴ്സ് പേഴ്സണായ വസന്തകുമാറാണ് ഷെര്ളിയുടെ ഭര്‍ത്താവ്. അദ്ദേഹവും എല്ലാ പിന്തുണയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: