കൊച്ചി: ബെംഗളൂരു ലഹരിക്കടത്തിലെ ബന്ധം കേരള ക്രിക്കറ്റിലേക്കും. ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കുള്ള ബന്ധം ചര്‍ച്ചയാവുന്നതിനിടെയാണ് ക്രിക്കറ്റ് ബന്ധവും തെളിഞ്ഞുവരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് (കെസിഎ) കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള നോമിനിയാണ് ബിനീഷ് ഇപ്പോള്‍. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഭാരവാഹി ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന സൂചനയുമുണ്ട്.
ബിനീഷ് ഡയറക്ടറായ ബിക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബിക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റൊരു ഡയറക്ടറാണ് ഈ ഭാരവാഹി. 2015 ജൂണിലും ജൂലൈയിലുമാണ് ഈ രണ്ട് കമ്പനികളും ബെംഗളൂരുവില്‍ തുടങ്ങിയതായി രേഖകളിലുള്ളത്. ഏതാണ്ട് ഇതേ സമയത്ത് തന്നെ ബിനീഷ് കണ്ണൂരില്‍ രണ്ട് ക്രിക്കറ്റ് ക്ലബ്ബുകള്‍ വാങ്ങി. ബികെ 55, ബികെ അക്കാദമി. ഇതില്‍ ബികെ 55ന്റെ ചുമതലക്കാരന് ബിനീഷാണ്. തിരുവങ്ങാട്ടെ പ്രസ്റ്റീജ് ക്രിക്കറ്റ് ക്ലബ് വാങ്ങിയാണ് ബികെ 55 ആക്കിയത്. ഫ്രണ്ട്സ് കണ്ണാടിപറമ്പ് ബികെ അക്കാദമിയുമായി. ബികെ 55 എന്ന പേരില്‍ ക്രിക്കറ്റ് ജഴ്സി പുറത്തിറക്കിയത് മുഹമ്മദ് അനൂപാണെന്ന് നേരത്തെ റിപ്പോര്‍ട്ടു വന്നിരുന്നു.
വലിയ തുകയ്ക്കാണ് ഈ രണ്ട് ക്ലബ്ബുകളും സ്വന്തമാക്കിയത്. ഏറ്റെടുക്കലിനെതിരെ പഴയ ക്ലബ്ബുകളിലുള്ളവര് പ്രതിഷേധമുയര്‍ത്തിയെങ്കിലും ബിനീഷിന്റെ സ്വാധീനത്തില്‍ അതെല്ലാം കെട്ടടങ്ങി. സിപിഎമ്മിന്റെ സ്വാധീനമുപയോഗിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെ കൈപ്പിടിയിലൊതുക്കി, തന്റെ ഇടപാടുകള്‍ സുഗമമാക്കുകയാണ് ഇതിലൂടെ ബിനീഷ് ലക്ഷ്യമിട്ടതെന്നാണ് ക്രിക്കറ്റ് മേഖലയിലുള്ളവര്‍ പറയുന്നത്.
ക്ലബ് അധികാരിയെന്ന നിലയിലാണ് ബിനീഷ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെത്തിയത്. ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വന്ന സമയത്ത് കണ്ണൂരില്‍ നിന്ന് പി. ബാബുരാജും ടി. കൃഷ്ണരാജുവുമായിരുന്നു കെസിഎ പ്രതിനിധികള്‍. ഒരു വര്‍ഷത്തിനു ശേഷം ബാബുരാജ് രാജിവച്ചു. പകരം ബിനീഷ് എത്തി. ഈ നീക്കത്തിനു പിന്നില്‍ ബിനീഷാണെന്നാണ് ആരോപണം. അതേസമയം, കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റില്‍ ഇന്നലെ വരെ ബാബുരാജും കൃഷ്ണരാജുമാണ് കെസിഎ പ്രതിനിധികള്‍. ഈയൊരു മാറ്റം വെബ്സൈറ്റില്‍ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്. കെസിഎ നേതൃത്വത്തിലെത്തുക ലക്ഷ്യമിട്ടാണ് ബിനീഷിന്റെ ചരടുവലികളെന്നാണ് ആരോപണം. ഇപ്പോഴത്തെ ഭരണസമിതി മാറി പുതിയതു വരുമ്പോള്‍ നിര്‍ണായക സ്ഥാനമാണ് ലക്ഷ്യം.
ലഹരിക്കടത്ത് കേസ് ഉയര്‍ന്നു വന്ന ശേഷം ബിനീഷിന്റെ ബിനാമിയാണെന്നു കരുതുന്ന ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയെക്കുറിച്ച് വിവരമില്ല. ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഇയാള്‍ സ്വയം ഒഴിവായി. ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗം രംഗത്തുള്ളതായാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐയ്ക്കടക്കം പരാതി നല്‍കാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: