മറയൂര്‍: മറയൂരില്‍ കരടിയുടെ ആക്രമണത്തില്‍ 12കാരന് ഗുരുതര പരിക്ക്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പുതുക്കുടി വനവാസി കോളനിയിലെ അരുള്‍കുമാറിന്റെ മകന്‍ കാളിമുത്തു(12) വിനാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് രക്ഷപ്പെടുത്തി വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലും നാലുമണിക്കൂര്‍ സമയം എടുത്താണ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
രാവിലെ പത്തുമണിയോട് കൂടിയാണ് അരുള്‍കുമാര്‍ മക്കളായ വിജയകുമാര്‍, കാളിമുത്തു എന്നിവരോടൊപ്പം മുളങ്ങാമുട്ടി വനമേഖലയിലേക്ക് പോയത്. പരമ്പരാഗത മുതുവാന്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പാല്‍ക്കൊടി എന്ന കാട്ടുവള്ളി വനത്തില്‍ നിന്ന് ശേഖരിക്കുന്നതിനായാണ് മൂവരും പോയത്. ഊരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലയുള്ള ഭാഗത്ത് എത്തി വള്ളിവെട്ടികൊണ്ടിരിക്കുമ്പോഴാണ് സമീപത്തെ പാറയുടെ മുകളില്‍ ഇരുന്ന കാളിമുത്തുവിനെ കരടി ആക്രമിച്ചത്. കുട്ടിയുടെ നിലവിളികേട്ട് സമീപത്ത് ഉണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് കരടിയെ തുരത്തി ഓടിച്ചത്. കാല്‍മുട്ടുകള്‍ക്ക് കരടിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ കാളിമുത്തുവിനെ തോളില്‍ ചുമന്നാണ് കോളനിയില്‍ എത്തിച്ചത്. പിന്നീട് വാഹനത്തില്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചെറിയ ഒരു കരടി ഉള്‍പ്പെടെ മൂന്ന് കരടികളാണ് ഉണ്ടായിരുന്നതെന്നും ഒപ്പം ഉണ്ടായിരുന്ന ആണ്‍ കരടിയാണ് ആക്രമിച്ചതെന്നും ഇവര്‍ വനപാലകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: