കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ മറ്റ് കൃഷികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇവരെ പിടികൂടാന്‍ എക്സൈസ് സ്ക്വാഡുകള്‍ രംഗത്ത്. വ്യാപകമായി കഞ്ചാവ് കൃഷി നടത്തുന്നവരുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ക്വാഡുകള്‍ തിരിച്ച് എക്സൈസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനടുത്ത മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ ഒരുവീട്ടുവളപ്പില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചേമ്പും ചേനയും കൃഷി ചെയ്തതിനിടയിലാണ് കഞ്ചാവ് ചെടികളും വളര്‍ത്തിയത്. എക്സൈസ് രണ്ട് ചെടികളും പിഴുതെടുത്ത് കൊണ്ടുപോകുകയും കാട്ടുകുളങ്ങരയിലെ വി.വി മനു(30)വിനെതിരെ കേസെടുക്കുകയും ചെയ്തു. മനു സ്ഥലത്തില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി എക്സൈസ് പറഞ്ഞു.
ഔഷധച്ചെടിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വിനു കഞ്ചാവ് ചെടികള്‍ നട്ടത്. തടമുണ്ടാക്കിയും കമ്പിവേലി കെട്ടിയും വളരെ ശ്രദ്ധയോടെയാണ് ഈ ചെടികളെ വിനു പരിപാലിച്ചത്. വീടിന്റെ തെക്കുകിഴക്ക് മൂലയില്‍ വെവ്വേറെ ഇടങ്ങളിലായാണ് ചെടി നട്ടത്. ഒരുചെടിക്ക് 165 സെന്റിമീറ്ററും മറ്റേതിന് 120 സെന്റീമീറ്ററുമാണ് ഉയരം. ഏതാനും ദിവസം കഴിഞ്ഞാല്‍ ചെടികള്‍ പൂത്തുതുടങ്ങും. കഞ്ചാവ് ചെടിയുടെ ഇലയും പൂവും കായും കഴിച്ചാല്‍ വീര്യമുള്ള ലഹരി ലഭിക്കും. അതുകൊണ്ട് തന്നെ ഇതിനെല്ലാം ആവശ്യക്കാരെറെയാണ്.
ലഹരിക്ക് അടിമകളായവരെ ലക്ഷ്യമിട്ടും സ്വന്തം ആവശ്യത്തിനും രഹസ്യമായി കഞ്ചാവ് കൃഷി ചെയ്യുന്നവര്‍ ഏറെയുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് ചിലര്‍ പിടിയിലാകുന്നത്. രണ്ടുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ടിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടിയിരുന്നു.
മലയോരപ്രദേശങ്ങളിലെ ദുര്‍ഘടം നിറഞ്ഞ ചില പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം മുമ്പ് എക്സൈസിന് ലഭിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളിലെത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം അന്വേഷണത്തിന് ആരും മിനക്കെടാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഞ്ചാവ്; നിയന്ത്രിക്കുന്നത് മംഗഌരു സംഘം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവ് സൂക്ഷിക്കാനുള്ള ഇടത്താവളമായി മഞ്ചേശ്വരം മാറുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ സംഭരണ വിതരണ കേന്ദ്രങ്ങളുണ്ടെന്നാണ് പോലീസ് തന്നെ പറയുന്നത്. സമീപകാലത്തായി കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്നായി പിടികൂടിയ കഞ്ചാവുകളുടെ ഉറവിടം സംബന്ധിച്ച് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സൂചനകള്‍ ലഭിച്ചത്. മംഗഌരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘമാണ് ഈ ഇടത്താവളങ്ങള്‍ക്ക് പിന്നിലെന്ന് സൂചനയുണ്ട്.
ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തി കൊണ്ടുവരുന്ന കഞ്ചാവ് കര്‍ണ്ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ആദ്യം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് ചെറിയ അളവുകളിലുള്ള പാക്കറ്റുകള്‍ പ്രധാനമായും ഇരുചക്രവാഹനങ്ങളിലും മറ്റുമായി അതിര്‍ത്തി കടത്തുന്നുവെന്നും അവ ഇടനിലക്കാരുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയുമാണ് രീതിയെന്ന് പോലീസ് പറയുന്നു. അത്തരം കേന്ദ്രങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തി കൊണ്ടുപോകുന്നത്.
ഏതാനും ദിവസം മുമ്പ് വടകര തൊട്ടില് പാലത്തിന് സമീപത്ത് വെച്ച് മഞ്ചേശ്വരം സ്വദേശി കിരണ്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ഇയാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ മുടക്കില്ലാതെ വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ കഞ്ചാവ് കടത്ത് രംഗത്തെത്തുന്നതായി അധികൃതര്‍ പറയുന്നു.
അതേസമയം കഞ്ചാവ് കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പകയും വൈരാഗ്യവും വര്‍ദ്ധിച്ചുവരുന്നതായും ഇത് അവര്‍ തമ്മിലുള്ള പരസ്യ സംഘട്ടനങ്ങളിലേക്കെത്തുന്നത് വലിയ ക്രമാസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്ക കൂടിവരികയാണ്.
ഫ്ളാറ്റില്‍ സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഹബ്ബായി മാറിയ ഉപ്പള മൊര്‍ത്തണയില്‍ വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന ഫഌറ്റിന്റെ മൂന്നാം നിലയില്‍ ആളൊഴിഞ്ഞ ഭാഗത്ത് സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഞ്ചാവ് വിതരണക്കാരനായ മൊര്‍ത്തണയിലെ സയ്യിദ് ജാബിറിനെ(32) അറസ്റ്റ് ചെയ്തു. ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കാനാണ് ജാബിര്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് കുമ്പള എക്സൈസ് സംഘം പറഞ്ഞു. കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ് ളാറ്റില്‍ പരിശോധന നടത്തിയത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മോഹന്‍, പി. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, സുധീഷ്, നസ്റുദ്ദീന്‍, ഹസ്രത്ത് അലി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മേയ്മോള് ജോണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അതേസമയം പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം നടക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: