മാഡ്രിഡ്: ബാഴ്സലോണ പ്രസിഡന്റ് ബര്തോമ്യൂവുമായുള്ള അഭിപ്രായ ഭിന്നത തുറന്ന് പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി. കരാര്‍ അവസാനിക്കുന്ന ഒരു വര്‍ഷം കൂടി ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചശേഷമാണ് മെസി മനസ് തുറന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് ബാഴ്സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് നാണം കെട്ടതുകൊണ്ട് മാത്രമല്ല ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ബാഴ്സയില്‍ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബര്തോമ്യുവമായി ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു. ഒന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ ബാഴ്സ വിടണമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യമാണ് ഈ കാര്യം പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ അറിയിച്ചത്.
ബാഴ്സയില്‍ തന്റെ കാലം കഴിഞ്ഞു. ഇനി യുവാക്കളെയാണ് ക്ലബ്ബിന് ആവശ്യമെന്ന് തോന്നി. ബാഴ്സയില്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ പ്രയാസകരമായിരുന്നു. പരിശീലനത്തിലും മത്സരങ്ങളിലും ഡ്രിസ്സിങ് റൂമിലുമൊക്കെ വളരെ കഷ്ടപ്പെട്ടു. അതിനാല്‍ പുതിയ താവളങ്ങള്‍ തേടാന്‍ തീരുമാനിച്ചു.
ഈ കാര്യം ബാഴ്സ പ്രസിഡന്റിനെ അറിയിച്ചു. ഈ സീസണിന്റെ അവസാനത്തോടെ ബാഴസ വിട്ടുപോകാമെന്ന് പ്രസിഡന്റ് വാഗ്ദാനം നല്‍കിയതാണ്. പക്ഷെ അവസാന നിമിഷം അദ്ദേഹം ചതിച്ചു.
ക്ലബ്ബ് വിട്ടുപോകണമെങ്കില്‍ 700 മില്യന്‍ യൂറോസ് പിഴ തുക നല്‍കണമെന്ന് ബാഴ്സലോണ ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചത്.
ഞാന്‍ ബാഴ്സയില്‍ തുടരും. എപ്പോഴും വിജയിക്കാനാണ് ആഗ്രഹം. ടീമിന് വിജയം നേടിക്കൊടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും മെസി പറഞ്ഞു. 13-ാം വയസ് മുതല്‍ ബാഴ്സയില്‍ തുടരുന്ന മെസി കഴിഞ്ഞ മാസമാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: