ആര്‍പ്പൂക്കര(കോട്ടയം): സര്‍ക്കാര്‍ മേഖലയില്‍ സേവനം നടത്തുന്ന 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി നല്കി. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സേവന വ്യവസ്ഥ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ രാജി. പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതോടെയാണ് ഡോക്ടര്‍മാര്‍ കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. മെഡിക്കല്‍ രംഗത്ത് പ്രതിസന്ധിക്ക് കാരണമാകും ഇത്.
മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലാ, താലൂക്ക് ആശുപത്രികളിലും കൂടുതലും ജൂനിയര്‍ ഡോക്ടര്‍മാരെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം ചികിത്സമുടങ്ങുമെന്നും ആശങ്കയുയര്‍ന്നു. കൊറോണയെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. മികച്ച സേവന വേതന വ്യവസ്ഥകള്‍ നല്‍കാമെന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ തന്നെ ഈ വ്യവസ്ഥകള്‍ അട്ടിമറിക്കുകയായിരുന്നു.
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 42,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ 29,000 രൂപ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. ഇന്‍ഷ്വറന്‍സ് മുതലായവ ഇതില്‍ നിന്ന് പിടിക്കുകയും ചെയ്യുന്നു. ഈ ശമ്പളം പോലും കൃത്യമായി നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജി നല്‍കിയത്. കോട്ടയം ജില്ലയിലെ 75 ഡോക്ടര്‍മാരില്‍ 71 പേരും ജോലി രാജി വച്ചിരിക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ ഡോക്ടേഴ്സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന പ്രതിഷേധിച്ചിരുന്നു.
കൊറോണയെ പ്രതിരോധിക്കുവാന്‍ 24 മണിക്കൂറും സേവനം അനുഷ്ഠിച്ചവരാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. കൊറോണ പടരുന്ന വേളയില്‍ ഇവരുടെ രാജി വൈദ്യ ശുശ്രൂഷാ രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജൂനിയര്നഴ്സുമാരുടെ സമരവും നടന്നു വരികയാണ്. ഇതുകൂടിയാകുമ്പോള്‍ ആരോഗ്യ രംഗം താറുമാറാകും.
കുടമാളൂര്‍ രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: