കാസര്‍കോട്: കാസര്‍കോട് നഗരസഭാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീനിംഗ് ജീവനക്കാര്‍ക്കുമായി നടത്തിയ കൊവിഡ് പരിശോധനയില്‍ 32 പേര്‍ക്ക് പോസിറ്റീവ്. നഗരസഭാ കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര് നഗരസഭാ ജീവനക്കാരും ഏഴ് പേര് ക്ലീനിംഗ് സ്റ്റാഫുമാണ്.
ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ കണ്ടെത്തിയതോടെയാണ് നഗരസഭാ കാര്യലയം അടച്ചിടാന്‍ തീരുമാനിച്ചത്. ഓണാവധി കഴിഞ്ഞ് നഗരസഭാ കാര്യാലയം ഇന്നലെ തുറക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ക്കും ശുചീകരണം ജീവനക്കാര്‍ക്കും അടക്കം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയിലും പലര്‍ക്കും രോഗ ബാധ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനാല്‍ സെപ്തംബര്‍ 14 വരെ കാര്യാലയം അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിശദമായ വിവരം പൊതുജനങ്ങളെ പിന്നീട് അറിയിക്കുമെന്നും നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാസര്‍കോട് മുന്‍സിപ്പല്‍ മത്സ്യ മാര്‍ക്കറ്റിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പു വരുത്താനുമുള്ള നടപടികള്‍ പ്രായോഗികമല്ലെന്നതിനാല്‍, തല്ക്കാലം മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് അനുമതി നല്കേണ്ടതില്ലയെന്ന് ജില്ലാതല കോറോണ കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തി വരുന്ന മത്സ്യ കച്ചവടം തുടരാം.ഈ സ്ഥലത്തിന് തൊട്ടടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഈ ആവശ്യത്തിനായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായി കാസര്‍കോട് ഡി.വൈ.എസ്.പി യോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എഡിഎം എന്‍.ദേവീദാസ് ഡിഎംഒ ഡോ.എ.വി. രാംദാസ് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍, കോര്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: