തൃശൂര്‍: ഓണാഘോഷങ്ങള്‍ കൊറോണ കവര്‍ന്നെങ്കിലും നാലോണനാളിലെ തൃശൂരിന്റെ പതിവ് തെറ്റിക്കാതെ ഇത്തവണയും നാടും നഗരവുമുണര്‍ത്തി പുലിക്കൂട്ടമെത്തി. നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നിന്നു സാമൂഹ്യമാധ്യമങ്ങളിലേക്ക് അരങ്ങ് മാറിയെങ്കിലും പുലിക്കളിയുടെ ആവേശം ഒട്ടും കുറഞ്ഞില്ല. അയ്യന്തോള്‍ ദേശം ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച പുലിക്കളി ഫേസ്ബുക്കിലൂടെ ആസ്വദിച്ചത് ജനലക്ഷങ്ങള്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കപ്പെട്ടതോടെയാണ് പുലികള്‍ ഓണ്‍ലൈനിലേക്ക് ചുവടുവച്ചത്.
പുലിക്കളിയോടുള്ള ജനങ്ങളുടെ വികാരം മുഴുവനും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹൈടെക് പുലിക്കളി. കുട്ടിപ്പുലിയായി വേഷമിട്ട 13 വയസുകാരന് സായന്ത് മുതല്‍ 65വയസുകാരന് ഉണ്ണികൃഷ്ണന് വരെ പുലികളായി മാറി ക്യാമറയ്ക്ക് മുന്നില്‍ ആടിത്തിമിര്‍ത്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സായന്തിനൊടൊപ്പം അച്ഛന് സന്തോഷും ചുവടുവച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യന്തോള്‍ ദേശത്തിലെ വിവിധ വീടുകള്‍ കേന്ദ്രീകരിച്ചൊരുക്കിയ പുലിമടകളില്‍ ഇന്നലെ രാവിലെ തന്നെ കളിയൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. 20 പേരാണ് വീടുകളില്‍ പുലികളായി വേഷപ്പകര്‍ച്ച നടത്തിയത്. കരിമ്പുലിയും പുള്ളിപ്പുലിയും വരയന്‍ പുലിയുമെല്ലാമായി അരമണി കുലുക്കി വാദ്യത്തിനൊപ്പം ഒരുപോലെ പുലികള്‍ ചുവടുവച്ചു. പുലികള്‍ സ്വന്തം മടകളില്‍ ചുവടുവയ്ക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഒരുമിപ്പിച്ച് 20 പുലികളെയും ഒരു സ്ക്രീനില്‍ കൊണ്ടുവന്നു. ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 4.30 വരെയാണ് പുലിക്കളി തത്സമയം സംപ്രേക്ഷണം ചെയ്തത്.
അച്ഛന് പുലിയായി മാറിയപ്പോള്‍ മെയ്വരയുമായി അണിയറയില്‍ സജീവമായ മകളും ഇക്കുറി ഓണ്‍ലൈന്‍ പുലിക്കളിയില്‍ ശ്രദ്ധനേടി. ചിത്രകാരി കൂടിയായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വ്വതിയാണ് അച്ഛന് ഷാജി ഗോവിന്ദിന്റെ ദേഹത്ത് പുലിച്ചായങ്ങള് തേച്ചത്. പുലിക്കളി അവതരണം ദൃശ്യവത്കരിക്കുന്നതിനായി തെങ്ങിന് പട്ടിക കൊണ്ട് അയ്യന്തോള്‍ ദേശം സ്വന്തമായി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ സ്റ്റാന്റും ഏറെ ശ്രദ്ധേയമായി. പുലിക്കളിയില്‍ വാശിയോടെ മത്സരിക്കാറുള്ള വിവിധ ദേശങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ അയ്യന്തോള്‍ ദേശമൊരുക്കിയ ഓണ്‍ലൈന്‍ പുലിക്കളിക്ക് സഹായവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലടക്കം പ്രത്യേക പരിശീലനം നടത്തിയാണ് വെര്‍ച്ച്വല്‍ പുലിക്കളി ഒരുക്കിയത്. ചലച്ചിത്രതാരം ജയരാജ് വാര്യരുടെ ആമുഖത്തോടെ ആരംഭിച്ച പുലിക്കളിയില്‍ മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍, ടി.എന്‍. പ്രതാപന് എംപി, മേയര്‍ അജിത ജയരാജന്, നടന് സുനില്‍ സുഖദ എന്നിവരും ഓണ്‍ലൈനിലൂടെ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: