കോട്ടയം: വാണിജ്യാടിസ്ഥാനത്തില്‍ ക്ഷേത്രക്കുളങ്ങളില് മീന്‍വളര്‍ത്തല്‍ ആരംഭിക്കുവാനുള്ള നീക്കം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉപേക്ഷിക്കണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. കുളം, കാവ്, ആല്‍ത്തറ , ഗോശാല , തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സങ്കേതങ്ങള്‍ക്ക് ഭക്തരുടെ ആചാരവും വിശ്വാസവുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലനവും നിര്‍വഹിക്കുന്ന അതി മഹത്തായ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ട്. ക്ഷേത്ര സമീപമുള്ള പുഴയിലും കുളത്തിലുമുള്ള മത്സ്യത്തിന് ആഹാരം നല്‍കുന്നത് ഭഗവത് നിവേദ്യമെന്ന നിലക്കുള്ള ഒരു വഴിപാടാണ്.
എല്ലാ ജീവജാലങ്ങളുമായുള്ള സമീകരണത്തിന്റെയും സഹജീവനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്ത ജീവിത മൂല്യങ്ങള്‍ ഭക്തര്‍ ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു. അങ്ങനെ ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുന്ന മീനൂട്ടിനെ പരിഹസിക്കുകയും അവമതിക്കുകയും ചെയ്യുന്ന പുരോഗമനവാദികളാണ് ഇപ്പോള്‍ ക്ഷേത്രക്കുളങ്ങളില് മത്സ്യക്കൃഷിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.
കുളങ്ങള്‍ പരിരക്ഷിച്ചു ജീവസുറ്റ ജലസ്രോതസ്സുകളായി അവയെ മാറ്റണം. കുളത്തിന്റെ തീരങ്ങള്‍ സംരക്ഷിച്ചും ചപ്പുചവറ് മാലിന്യങ്ങള്‍ നീക്കം ചെയ്തും കുളങ്ങള്‍ സ്വച്ഛമാക്കണം. ആറാട്ടും അവഭൃത സ്നാനവും നടത്തുന്ന തീര്‍ത്ഥക്കുളങ്ങളില്‍ മത്സ്യങ്ങളെ ഭഗവദ് സ്വരൂപങ്ങളായി കണ്ട് അവക്ക് ആഹാരവും സൗകര്യങ്ങളും ഭക്തര്‍ നല്കി വരുന്നു. ഒരിക്കലും വാണീജ്യാടിസ്ഥാനത്തില്‍ വിറ്റ് പണമുണ്ടാക്കാനും കൊന്ന് തിന്നാനുമുള്ള ഇടങ്ങളായി ക്ഷേത്ര കുളങ്ങളെ കാണരുത്.
മത്സ്യകൃഷിയിലൂടെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്ന വരുമാന മാര്‍ഗ്ഗമായി മത്സ്യഫാമുകള്‍ അധികൃതര്‍ക്ക് വേറെ ആരംഭിക്കാവുന്നതേയുള്ളു. മത്സ്യ വില്പന വഴി വരുമാനം ഉണ്ടാക്കാനും കഴിയും. പക്ഷേ ക്ഷേത്രങ്ങളിലെ തീര്‍ത്ഥക്കുളത്തിന്റെ സങ്കല്പം മറ്റൊന്നാകെയാല്‍ സര്‍ക്കാര്‍ രണ്ടിനെയും ഒന്നായി കാണരുത്. രണ്ടായി തന്നെ സമീപിക്കണം. ഇവിടെ കാഴ്ചപ്പാടാണ് പ്രധാനം. ദേവസ്വം ബോര്‍ഡ് ഒരിക്കലും ഈ മത്സ്യകച്ചവടത്തിന് കൂട്ട് നില്‍ക്കരുത്. ദേവന്റെ ‘ സ്വ ‘ങ്ങളെ അഥവാ ദേവസ്വത്തെ പരിരക്ഷിക്കാനാണ് നിങ്ങളെ അധികാരസ്ഥാനത്ത് ഇരുത്തിയിട്ടുള്ളതെന്ന് മാത്രം ഓര്‍ക്കുക.
ക്ഷേത്രത്തിലെ ഗോശാലകളെ അറവ്ശാലകളാക്കിയാല്‍ ലാഭം കൊയ്യാം. കാവുകള്‍ വെട്ടി നശിപ്പിച്ചാല്‍ തടിവിലയായി ലക്ഷങ്ങള്‍ കിട്ടും.പക്ഷെ ഇങ്ങനെ ഒന്നും ചിന്തിക്കാന്‍ ഭക്തര്‍ക്ക് ആവില്ല. മയിലും പക്ഷികളുമുള്ള ക്ഷേത്രങ്ങളില്‍ ആരും അവയുടെ ഇറച്ചിവിലയില്‍ കണ്ണുവെച്ചിട്ടില്ല. കുളത്തൂപ്പുഴ ആറ്റിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന ഭക്തന്റെ ആത്മനിര്‍വൃതിയെ ആരും ചോദ്യം ചെയ്യാറില്ല. ഒരിക്കല്‍ പിടിച്ചുകൊണ്ടുപോയ മത്സ്യങ്ങളെ ജനങ്ങള്‍ സംഘടിച്ചു കൈവശപ്പെടുത്തുകയും ശാസ്ത്ര വിധി പ്രകാരം സംസ്ക്കരിക്കുകയും ചെയ്തു. ഇതെല്ലാം സഹജീവി സ്നേഹത്തിന്റെ ആത്മതത്വമാണ് വിളിച്ചോതുന്നത്.
ക്ഷേത്രങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിനെ പിടിച്ച് വില്പന നടത്താന്‍ ഭക്തജനങ്ങള്‍ സമ്മതിക്കകരുത്. ദേവസ്വം ബോര്‍ഡ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്തരോടൊപ്പം നിലകൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: