എട്ട് വര്‍ഷമായി ജപ്പാനെ നയിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം ജപ്പാന്റെ പ്രധാനമന്ത്രിയായ ആളാണ് ആബെ. ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാണ് രാജി. 2006ല്‍ 52-ാമത്തെ വയസ്സില്‍ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പദവിയൊഴിയേണ്ടിവന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി.
ഇപ്പോള്‍ ഭരണകാലം അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് സ്ഥാനം ഒഴിയുന്നത്. അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലം മുതല്‍ വന്‍കുടല്‍വീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഒഴിയുന്നത്. ഈ മാസമാദ്യം തുടര്‍ച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്ക്ക് ടോക്യോയിലെ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പല തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ഐവി ഇഞ്ചക്ഷനുകള്‍ ആവശ്യമായ പുതിയ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. ജപ്പാന് രാഷ്ട്രീയത്തിന് സ്ഥിരത നല്കിയ നേതാവായാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായ ആബെയെ കരുതുന്നത്. ‘ആബെനോമിക്സ്’ എന്നറിയപ്പെടുന്ന ആബെയുടെ സമര്‍ഥമായ സാമ്പത്തികനയങ്ങളാണ് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിലേക്ക് ജപ്പാനെ നയിച്ചത്.
പല ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാതെയാണ് ആബെയുടെ മടക്കം. റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാനും വര്‍ഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാന്‍കാരെ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
‘ദ പ്രിന്‍സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന് മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.
എന്നാല്‍ പല വിവാദങ്ങളിലും ആബെ സര്‍ക്കാര്‍ ഉള്‍പ്പെട്ടു. പെന്ഷന് രേഖകള്‍ നഷ്ടമായ സംഭവമുള്‍പ്പടെയുള്ള അഴിമതികള്‍ ആബെയുടെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. കൊറോണ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന് ബന്ധത്തില്‍ പുതിയൊരു യുഗം ആബെ തുറന്നു. ചതുര് രാഷ്ട്ര കൂട്ടായ്മ അഥവാ ക്വാഡ് രൂപവത്കരിച്ച് ചൈനക്ക് വലിയൊരു സന്ദേശവും ആബെ നല്കി. ഇന്‍ഡോ-പസിഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെയാണ്. 1964 മുതല്‍ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായ അമ്മാവന് ഇസാകു സാറ്റോയുടെ റെക്കോഡാണ് ആബെ മറികടന്നത്.
ഡോ. സന്തോഷ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: