കാഞ്ഞങ്ങാട്: യുപി സ്കൂള്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയിട്ടും കണ്ഫര്മേഷന് നല്കാനാവുന്നില്ലെന്ന് പരാതി. യുപി സ്കൂള്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാനാകുന്നില്ല. സാങ്കേതിക പിഴവുകൊണ്ട് അപേക്ഷ നഷ്ട്ടമായെന്നാണ് സംശയം.
2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യുപിഎസ്എ ഒഴിവിലേക്കുള്ള അപേക്ഷ സ്വന്തം പ്രൊഫൈല്‍ വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്. പ്രൊഫൈലില്‍ അപേക്ഷ സ്വീകരിച്ചിരുന്നതായി അന്ന് കാണുകയും ചെയ്തിരുന്നു. പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം പ്രൊഫൈല്‍ പരിശോധിച്ചപ്പോഴാണ് അപേക്ഷ കാണാനില്ലെന്ന് മനസ്സിലാക്കിയത്. പരീക്ഷയെഴുതണമെന്നുള്ള ഉറപ്പ് നല്കുവാനുള്ള സന്ദേശവും ഇവര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.
സെപ്റ്റംബര്‍ പതിനൊന്നാണ് ഉറപ്പ് നല്‍കാനുള്ള അവസാന തീയതി. സര്‍ക്കാര്‍ സ്കൂളില്‍ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ അടുത്തെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശയിലാണ്. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. കണ്ഫര്മേഷന് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരുമിച്ച് ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചിരിക്കുകയാണ്.
സന്ദേശം ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ താഴെകാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍: 9567360535. മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി ചെയര്‍മാനും, ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: