കോട്ടയം: ഹിമാലയന്‍ യാത്ര… അതെ, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരപ്രിയരുടെ ഉള്ളില്‍ കുളിരുകോരും. ഇങ്ങ് കേരളത്തില്‍ നിന്നാകുമ്പോള്‍ ലേ, ലെഡാക്ക് വഴിയുള്ള സ്വപ്ന യാത്രയ്ക്ക് മാറ്റും കൂടും. ഹിമാലയത്തിലേക്ക് ബുള്ളറ്റിലോ ഹിമാലയന്‍ ബൈക്കിലോ അല്ലാതെ സൈക്കിളില്‍ വിട്ടാലോ? അങ്ങനെ എളുപ്പത്തിലാരും മുതിരാത്ത ആ കടുംകൈയ്ക്ക് സ്വമനസാലേ മുതിരുകയാണ് കോട്ടയം മൗണ്ട് കാര്‍മല്‍ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സേതുലക്ഷ്മി.
കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഹിമാലയന്‍ യാത്ര. ഇഷ്ട വിനോദമായ സൈക്കിളിങ്ങും യാത്രയുടെ ഭാഗമായാല്‍ സംഗതി പൊളിക്കുമെന്ന് സേതുലക്ഷ്മിക്കറിയാം. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സൈക്കിളില്‍ ഹിമാലയത്തില്‍ പോയി വരിക, ആരു കേട്ടാലും അമ്പരപ്പുണ്ടാകുന്ന യാത്രയ്ക്ക് ഒരു ആശയത്തിന്റെ പിന്‍ബലവുമുണ്ട്. കൊറോണ വ്യാപനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയുടെ സൂചന നല്‍കണം. ഈ കാലവും മാറുമെന്ന് വിശ്വസിപ്പിക്കണം. ഒപ്പം കൊറോണയെ ശക്തമായി പ്രതിരോധിക്കണമെന്ന മുന്നറിയിപ്പും നല്‍കണം.
സേതുലക്ഷ്മിയുടെ ആഗ്രഹത്തിന് പിന്തുണയുമായി അങ്കമാലി പാലിശേരി വെട്ടിയാടന്‍ വീട്ടില്‍ ബിജു വി.സിയും സിനി ബിജുവും ഒപ്പമുണ്ട്. മൂന്നര വയസ്സ് മുതല്‍ കൊച്ചുമിടുക്കി സൈക്കിളിങ്ങിനെ സ്നേഹിക്കുന്നു. ഇതിനകം സൈക്കിളില്‍ ബഹുദൂരം യാത്ര ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ ഇളയച്ഛന് ജോഷി വി.സിക്കും ഭാര്യ പ്രീതയ്ക്കുമൊപ്പം കോട്ടയം വടവാതൂരാണ് താമസം. ചെറുപ്പം മുതല്‍ നഗരത്തിലെ പരിശീലന കേന്ദ്രത്തില്‍ സ്കേറ്റിങ്ങും, പാലായിലുളള നീന്തല്‍ പരീശീലനകേന്ദ്രത്തില്‍ നീന്തലും പഠിക്കുന്നു. വിവിധ തലങ്ങളില്‍ നീന്തല്‍ മത്സരത്തില്‍ സമ്മാനം നേടി. സൈക്ലിങ് പരിശീലനത്തിനായി ദിവസവും രാവിലെ അഞ്ചുമുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ചുമുതല്‍ ഏഴ് വരെയും മാറ്റിവയ്ക്കുന്നു.
ലോക്ഡൗണ്‍ സമയത്ത് പരിശീലനം മുടങ്ങി. അതിനുശേഷം മൂന്നാര്‍, ആതിരപ്പളളി, വാഗമണ്‍, കുമളി, ആലപ്പുഴ, ചെങ്ങന്നൂര്‍, കുമരകം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊറോണ പ്രതിരോധ സന്ദേശവുമായി സൈക്കിള്‍ ചവിട്ടി. ഈ മഹത്തായ സന്ദേശവുമായി ആറായിരം കിലോമീറ്ററോളം സഞ്ചരിച്ചു. ഇളയച്ഛന് സമ്മാനിച്ച പതിനയ്യായിരം രൂപയുടെ സൈക്കിളിലാണ് യാത്ര. ഇനി ലേ-ലഡാക്ക്. ആ സ്വപ്നത്തിനായി സുമ്മനസുകളുടെ പ്രോത്സാഹനമാണ് സേതുലക്ഷ്മിക്ക് വേണ്ടത്.
ദേശീയ കായിക ദിനത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും സേതുലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ലോകം മോശം കാലാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ആരോഗ്യ സംരക്ഷണം എത്രത്തോളം പ്രാധാന്യമാണെന്ന സൂചന സൈക്കിളിങ്ങിലൂടെ വിശദീകരിക്കാനാണ് താത്പര്യം.
ചിത്രവും എഴുത്തും:
വി.ബി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: