ദുബായ്: പതിമൂന്നാമത് ഐപിഎല്ലിനായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെ ഒരു ബൗളര്‍ക്കും 11 സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യക്കായി ഏകദിനങ്ങള്‍ കളിക്കുന്ന യുവ ബൗളര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ടീമിന്റെ ക്വാറന്റൈന് കാലാവധി സെപ്തംബര്‍ ഒന്നുവരെ നീട്ടി. കൊറോണ മഹാമാരിയെ തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തവരെയാണ് നടക്കുക.
ഐപിഎല്ലിനായി ആഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ദുബായില്‍ എത്തിയത്. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ടീം പൂര്‍ത്തിയാക്കി. ഇന്നലെ പരിശീലനം തുടങ്ങാനിരിക്കെയാണ് ടീമിലെ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് ടീമിലെ എല്ലാവരും നാലാം തവണ കൊറോണ പരിശോധനയ്ക്ക് വിധേയരായി. നേരത്തെ ക്വാറന്റൈന് കാലയളവില്‍ മൂന്ന് തവണ ടീം പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് അറിയും.
ചെന്നൈ ടീം ദുബായില്‍ എത്തിയതിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നിട്ടും ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ദൗര്‍ഭാഗ്യം കൊണ്ടാണെന്ന് ടീമിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: