തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പട്ടികജാതിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വെട്ടിപരിക്കേല്പിച്ച കേസില്‍ പ്രതിയ്ക്ക് തടവും പിഴയും. മുപ്ലിയം പൂത്തെറ്റി വീട്ടില്‍ രവി(48)യെയാണ് കോടതി ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആകെ 6 മാസം അധികതടവ് അനുഭവിക്കണം.
2015 ഫെബ്രുവരി 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങാലൂരുള്ള ഓട്ടുകമ്പനിയിലെ ജീവനക്കാരനായ മുപ്ലിയം മുല്ലക്കപ്പറമ്പില്‍ ശ്രീനിവാസനെ(57)യാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കമ്പനിയില്‍വെച്ച് സഹപ്രവര്‍ത്തകനായ പ്രതി രവി ക്രൂരമായി മര്‍ദ്ദിക്കുകയും മണ്‍വെട്ടിയെടുത്ത് തലയ്ക്കു പുറകില്‍ അടിച്ച് പരിക്കേല്പിക്കുകയും ചെയ്തത്. പ്രതി പതിവായി ശ്രീനിവാസനോട് വഴക്ക് കൂടുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ശ്രീനിവാസനെ പണിയായുധമായ കൈക്കോട്ട് കൊണ്ട് രവി കൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേല്ക്കയായിരുന്നു.
മര്‍ദ്ദനത്തില്‍ ശ്രീനിവാസന്റെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു. അവശനായ ശ്രീനിവാസനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് തലക്ക് ഇരുപത്തഞ്ചോളം തുന്നലിടേണ്ടി വന്നിരുന്നു.അതിക്രൂരമായ പ്രവര്‍ത്തിയാണ് പ്രതി ചെയ്തതെന്നും, യാതൊരുവിധത്തിലുള്ള ദയയും പ്രതി അര്‍ഹിക്കുന്നില്ലെന്നും കണ്ടെത്തിയാണ് കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 326-ാം വകുപ്പ് പ്രകാരം 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴയടക്കുന്നതിനും, പട്ടികജാതി പീഢന നിരോധന നിയമമനുസരിച്ച് ജീവപര്യന്തം തടവിനും 50000 രൂപ പിഴയും അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: