ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയതില്‍ അല്‍ഖ്വയ്ദയുടെയും ഐഎസിന്റെയും ഇവിടുത്തെ അനുചരന്മാര്ക്കു മാത്രമല്ല, ജമാഅത്തെ ഇസ്ലാമി മുതല്‍ ഇമാം കൗണ്‍സില്‍ വരെയുള്ള ഇസ്ലാമിക മതമൗലികവാദികള്‍ക്ക് വിടുപണിയെടുക്കുന്ന എഴുത്തുകാര്‍ക്കും വലിയ പങ്കുണ്ട്. അല്‍ഖ്വയ്ദയും ഐഎസുമൊന്നും ആ പേരുകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇവയുടെ വിധ്വംസകമായ ആശയസംഹിതയെ ശരിവയ്ക്കുന്ന എഴുത്തുകാരുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. ഇക്കൂട്ടരുടെ ഒത്താശയോടെയാണല്ലോ ഇസ്ലാമിക തീവ്രവാദികള്‍ ടി.ജെ.ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതും, അല്‍ റുബായിഷ് എന്ന അല്‍ഖ്വയ്ദ ഭീകരനെ കവിയായി അവതരിപ്പിച്ച് കോഴിക്കോട് സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ ഉള്പ്പെട്ടുത്തിയതും.
കെ. സച്ചിദാനന്ദനെയും കെ.ആര്. മീരയേയും കെ.പി. രാമനുണ്ണിയേയും പോലുള്ളവര്‍ ഇസ്ലാമിക ചേരിയെ തൃപ്തിപ്പെടുത്താന്‍ കവിത, കഥ, നോവല്‍ എന്നിങ്ങനെ പുറന്തള്ളുന്ന അക്ഷരമാലിന്യം നമ്മുടെ സാംസ്കാരിക പരിസരത്തെ ദുര്ഗന്ധപൂരിതമാക്കുകയാണ്. ലൗജിഹാദു മുതല്‍ കള്ളക്കടത്ത് ജിഹാദുവരെ, കണ്മുന്നില് കാണുന്ന സാമൂഹ്യ വിപത്തുകളോട് ഒരു കാരണവശാലും പ്രതികരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള എഴുത്തുകാര്‍ക്കിടയിലേക്ക് വള്ളുവനാടന്‍ പൈങ്കിളിയുടെ വളവളപ്പുമായി ഒരാള്‍കൂടി വന്നെത്തിയിരിക്കുന്നു- ആലങ്കോട് ലീലാകൃഷ്ണന്.
മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ മാതൃഭൂമി ദിനപത്രത്തിലാണ് ലീലാകൃഷ്ണന് തന്റെ മനോമാലിന്യം ഇറക്കിവച്ചത്. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് പ്രസംഗിച്ച ഗാന്ധിജിക്കൊപ്പം, ഖാന് ബഹാദൂര്‍ മുത്തുക്കോയ തങ്ങള്‍, കെ. മാധവന് നായര്‍, കെ. കേളപ്പന്, രാമുണ്ണി മേനോന്, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവര്‍ക്കൊപ്പം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചേര്‍ന്ന് മതങ്ങളതിരിടാത്ത ഒരു പുതിയ ദേശീയൈക്യനിര പടുത്തുയര്‍ത്തി എന്നാണ് ലീലാകൃഷ്ണന് ലേഖനത്തില്‍ ഭാവന ചെയ്യുന്നത്!
വെള്ളയില്‍ കടപ്പുറത്ത് ഗാന്ധിജി പ്രസംഗിച്ചുവെന്നതും, സ്വാതന്ത്ര്യ സമരത്തിന്റെയും ഖിലാഫത്തിന്റെയും നേതാക്കള്‍ വേദി പങ്കിട്ടുവെന്നതും ചരിത്രമാണ്. പക്ഷേ ഇവര്‍ക്കൊപ്പം, മലബാറിലെ മാപ്പിള ലഹളയില്‍ കൊള്ളയും കൊലയും നടത്തി കുപ്രസിദ്ധനായ ഒരു മതഭ്രാന്തനെ തിരുകിക്കയറ്റി ഐക്യനിര തീര്‍ത്ത ലീലാകൃഷ്ണന്റെ ഭാവനാവിലാസം ആരെ സുഖിപ്പിക്കാനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1920 ലാണ് ഗാന്ധിജി കോഴിക്കോട് വന്നത്. അക്കാലത്ത് താനോ മറ്റ് സ്വാതന്ത്ര്യസമര നേതാക്കളോ കേട്ടിട്ടുപോലുമില്ലെന്ന് കെപിസിസി സെക്രട്ടറിയായിരുന്ന കെ. മാധവന് നായര്‍ പറയുന്ന വാരിയംകുന്നനെ അവര്‍ക്കൊപ്പം ഉള്‍പ്പെടുത്തി ഐക്യനിര സൃഷ്ടിക്കുന്നതിലെ ചരിത്രനിഷേധം ലീലാകൃഷ്ണന് ഒരു പ്രശ്നമായി കാണുന്നില്ല. തന്റേത് എഴുത്തുകാരന്റെ ഭാവനയാണത്രേ.
ചരിത്ര വസ്തുതകളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ക്ഷുദ്രമായ ഭാവനയുടെ കുറുക്കുവഴി നേടുകയാണ് ലീലാകൃഷ്ണന്. ഹിന്ദുവംശഹത്യയെന്ന് ഗാന്ധിജി മുതല്‍ അംബേദ്കര്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള 1921 ലെ മാപ്പിളലഹളയിലെ ഹിംസയുടെ പ്രതിപുരുഷനാണ് വാരിയംകുന്നന്. കവര്‍ച്ചയും കൊലപാതകങ്ങളും നടത്താനുള്ള സഹജമായ താല്‍പ്പര്യമാണ് ഇയാളെ ഖിലാഫത്തിന്റെ നേതാവാക്കുന്നത്. ഇങ്ങനെയൊരാളെ ഗാന്ധിജിയുടെ അനുയായിയാക്കുന്നതില്‍ കവിഞ്ഞ ഗാന്ധി നിന്ദയില്ല. മാതൃഭൂമി പത്രം നല്കുന്ന അവസരം ഉപയോഗിച്ച് യാതൊരു മടിയുമില്ലാതെ ലീലാകൃഷ്ണന് അത് ചെയ്യുകയാണ്.
ലക്ഷ്യത്തിലോ മാര്‍ഗത്തിലോ ഒന്നിച്ചുപോകുന്നതായിരുന്നില്ല സ്വാതന്ത്ര്യസമരവും ഖിലാഫത്തും. മലബാറിലെ മാപ്പിളലഹളയോടെ ഗാന്ധിജിക്ക് അത് പകല്‍ പോലെ വ്യക്തമാവുകയും ചെയ്തു. മലബാറിലെ നമ്മുടെ മാപ്പിള സഹോദരന്മാര്ക്ക് ഭ്രാന്തുപിടിച്ചിരിക്കുന്നു എന്നല്ലേ തന്റെ പത്രമായ ‘യങ് ഇന്ത്യ’യില്‍ ഒന്നിലേറെ തവണ ഗാന്ധിജി എഴുതിയത്. ആ ഭ്രാന്തന്മാരുടെ നേതാവായിരുന്നു വാരിയംകുന്നന്. ഇത്തരമൊരാള്‍ ഗാന്ധിജിയുമായി ചേര്‍ന്ന് ഐക്യനിര, അതും മതാതീതമായ ദേശീയ ഐക്യനിര കെട്ടിപ്പടുത്തു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എത്ര നിന്ദ്യമാണ്! മതഭ്രാന്ത് ഒന്നുകൊണ്ടുമാത്രം അന്യമതസ്ഥരെ കണ്ണില്‍ച്ചോരയില്ലാതെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കിയെന്ന് മാധവന് നായര്‍ തന്നെ സ്വന്തം പുസ്തകത്തില്‍ വിവരിക്കുന്നയാള്‍, ആ മനുഷ്യനൊപ്പം ചേര്‍ന്ന് ഐക്യനിര സൃഷ്ടിക്കുന്നതായി ചിത്രീകരിക്കുന്നത് എത്ര നീചമാണ്!!
നാവ് മാത്രമല്ല തൂലികയും വാടകയ്ക്ക് കൊടുക്കുന്നയാളാണ് താനെന്ന്, ഐതിഹ്യപ്പെരുമയുള്ള പെരുന്തച്ചനെ ക്രൈസ്തവനാക്കിയതിലൂടെ, ലീലാകൃഷ്ണന് തെളിയിച്ചതാണ്. ഇതിന് കൂട്ടുപിടിച്ചത് കേസരി ബാലകൃഷ്ണപിള്ളയുടെ അസംബന്ധ ചരിത്ര രചനയെയും. വിവാദമായപ്പോള്‍ തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് പറഞ്ഞൊഴിയുകയും ചെയ്തു. വാരിയംകുന്നനെ ഗാന്ധിയനാക്കുന്ന ലീലാവിലാസത്തെ ചോദ്യം ചെയ്ത ഒരു വായനക്കാരനോടും ‘ആ എഴുത്ത് കള്ളെഴുത്താണെന്ന് വിചാരിച്ചോളൂ’ എന്നാണ് ലീലാകൃഷ്ണന് ഫോണിലൂടെ പ്രതികരിച്ചത്. ചരിത്രമെന്ന പേരില്‍ കള്ളത്തരങ്ങള്‍ എഴുതിവിടുക. അത് ഭാവനയാണെന്ന് തൊടുന്യായം പറയുക. യഥാര്‍ത്ഥത്തില്‍ ഇത് ഭാവനയല്ല, ലജ്ജയില്ലായ്മയാണ്. ലീലാകൃഷ്ണന് അത് വേണ്ടുവോളമുണ്ട്.
ഗാന്ധി സന്ദര്‍ശനത്തിന്റെ മറപിടിച്ച് വാരിയംകുന്നനെ സ്വാതന്ത്ര്യസമര നായകനാക്കാന്‍ ലീലാകൃഷ്ണന് ഒരുമ്പെട്ടത് വെറുതെയൊന്നുമല്ല. അറപ്പും വെറുപ്പുമുളവാക്കുന്ന അക്രമങ്ങളിലൂടെ വാരിയംകുന്നനും കൂട്ടാളികളും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ച 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടുകയാണ്. മലപ്പുറം ജില്ല രൂപീകരണത്തിന്റെ ചുവടുപിടിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജില്ലകള്‍ക്കുവേണ്ടി വാദിച്ച് മലബാറിന്റെ അതിര്‍ത്തിക്കുള്ളില്‍ ഇസ്ലാമിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് ഇതിനു പിന്നിലുള്ളത്. പാക്കിസ്ഥാന്റെ പിറവിക്ക് കാരണക്കാരായ മുസ്ലിംലീഗിന്റെ കൂടി പിന്തുണയോടെ മലപ്പുറം മോഡലില്‍ തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മാപ്പിളലഹളയുടെ നൂറാം വാര്‍ഷികാഘോഷം ഈ നീക്കത്തിന് കരുത്തുപകരാനുള്ള അവസരമാക്കി മാറ്റുകയാണ്. ഇതിന്റെ ഭാഗമാണ് മതഭ്രാന്തനായിരുന്ന വാരിയംകുന്നനില്‍ ഇല്ലാത്ത മഹത്വം കെട്ടിയേല്‍പ്പിക്കുന്നത്.
മാപ്പിളലഹളക്കാലത്ത് ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്തയാളെത്തന്നെ മതേതരവാദിയായും ദേശീയവാദിയായുമൊക്കെ മാറ്റാന്‍ കഴിഞ്ഞാല്‍, ഒറ്റയടിക്ക് മാപ്പിളലഹളയെത്തന്നെ മഹത്തായ ജനമുന്നേറ്റമായി ചിത്രീകരിക്കാന്‍ എളുപ്പമാവുമല്ലോ. അവകാശപ്പെടുന്ന സ്വന്തം പാരമ്പര്യം തന്ത്രപൂര്‍വം വിസ്മരിച്ചും, ദേശീയ ചിന്താഗതിക്കാര്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയും ഇസ്ലാമിക ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്തുന്ന നയമാണ് കുറെക്കാലമായി മാതൃഭൂമി സ്വീകരിച്ചു വരുന്നത്. ഇതിന്റെ ദല്ലാള്‍ പണിയെടുത്തുകൊണ്ടിരുന്നയാള്‍ക്ക് മാതൃഭൂമി വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടി വന്നു. പക്ഷേ പകരക്കാരനായി വന്നയാള്‍ മാത്രമല്ല, വാരികയ്ക്കൊപ്പം പത്രവും പഴയ നയം തുടരുകയാണ്. കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് സമീപകാല ചരിത്രമൊന്നുമില്ലെന്ന് മുഖപ്രസംഗത്തിലൂടെ തന്നെ ഈ നയം പ്രഖ്യാപിക്കാനും പത്രം മടിക്കുന്നില്ല.
ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള വലിയൊരു വിഭാഗം എഴുത്തുകാര്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ കള്‍ച്ചറല്‍ മാസ്ക്കുകളായി മാറിയിരിക്കുകയാണ്. സത്യസന്ധരും പുരോഗമന ചിന്താഗതിക്കാരുമായ എഴുത്തുകാര്‍ ലോകമെമ്പാടും ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും എതിര്‍ചേരിയില്‍ നിലയുറപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സ്ഥിതി. ഇസ്ലാമിക ഭീകരരുടെ മാനസികാവസ്ഥ തന്നെ ഇവര്‍ പങ്കുവയ്ക്കുന്നു. കവി സച്ചിദാനന്ദനില്‍നിന്ന് കവിയായി അവതരിപ്പിക്കപ്പെട്ട ഭീകരന് അല്‍ റുബായിഷിലേക്കുള്ള ദൂരം ഐഎസില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിലേക്കുള്ള ദൂരം മാത്രമാണ്. സുപ്രീംകോടതി പോലും അംഗീകരിച്ച അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ അംഗീകരിക്കരുതെന്നാണ് ഐഎസിന്റെ ഫത്വ. ഇതേ നിലപാട് സച്ചിദാനന്ദന് ‘അയോധ്യ: ഒരാത്മഗതം’ എന്ന കവിതയില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ലൗജിഹാദില്‍പ്പെട്ട മകളെ തിരിച്ചുകിട്ടാന്‍ ആഗ്രഹിച്ച വൈക്കത്തുകാരനായ ഒരച്ഛന് ഭ്രാന്താണെന്നു പറയാന്‍ സച്ചിദാനന്ദ കവി മടിച്ചില്ല. ലൗജിഹാദിന് ഇരകളായി മതംമാറിയ യുവതികളുടെ ഭര്ത്താക്കന്മാര് ഐഎസ് ഭീകരരായി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും മറ്റും പോയി. അവിടെ ഈ യുവാക്കള്‍ക്ക് സൈനികാക്രമണത്തില്‍ തെരുവുനായ്ക്കളെപ്പോലെ പടുമരണം സംഭവിച്ചപ്പോള്‍ കേരളത്തിന് വന്ന ദുര്‍ഗതിയോര്‍ത്ത് കവി മനസ്സ് നടുങ്ങിയില്ല. അനാഥരായ യുവതികളെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കളെ വാക്കുകൊണ്ടുപോലും അലോസരപ്പെടുത്തേണ്ട എന്നു കരുതിയാണിത്. സത്യവും ധര്‍മവും സ്വാതന്ത്ര്യവുമൊക്കെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്ക്കുന്ന ഇത്തരം എഴുത്തുകാര്‍ക്ക് മതേതരത്വവും ജനാധിപത്യവും പുലരുന്ന ഒരു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: