പെരിയ: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി കൈമാറിതോടെ കാസര്‍കോട് ജില്ലയിലെ സിപിഎം നേതൃത്വം വീണ്ടും പ്രതിരോധത്തിലാകുന്നു. നിയമപരമായ തടസങ്ങള്‍ നീങ്ങിയതോടെ അന്വേഷണചുമതല സിബിഐ എത്രയും വേഗമേറ്റെടുക്കും. സിപിഎമ്മിലെ ചില പ്രമുഖര്‍ക്ക് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടെന്നതാണ് കൊല്ലപ്പെട്ടവരുടെയും മറ്റും പ്രധാന ആരോപണം. ഇങ്ങനെ സംശയിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും ഇവരാരും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണപരിധിയില്‍ വന്നിരുന്നില്ല. സിബിഐ അന്വേഷണം വന്നാല്‍ സംശയമുനയിലുള്ളവരെയെല്ലാം ചോദ്യം ചെയ്യുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഇവരുടെ ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്(45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജിജോര്‍ജ്(40), തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കത്തെ കെ.എം സുരേഷ്(27), ഓട്ടോഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍(35), കല്യോട്ടെ ജി.ഗിജിന്‍(26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ ആര്.ശ്രീരാഗ് എന്ന കുട്ടു(22), കുണ്ടംകുഴി മലാങ്കോട്ടെ എ.അശ്വിന്(18), പാക്കം വെളുത്തോളിയിലെ എ.സുബീഷ്(29), തന്നിത്തോട്ടെ എം.മുരളി(36), ടി.രഞ്ജിത്(46), പ്രദീപ് എന്ന കുട്ടന്(42), അലക്കോട്ടെ ബി.മണികണ്ഠന്, സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന് എന്നിവരെയാണ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ കേസില്‍ സാക്ഷികളെ ഉള്‍പ്പെടുത്തിയതിലടക്കം പ്രതികള്‍ക്ക് സഹായകരമായ പഴുതുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. സിപിഎം പ്രാദേശിക നേതാക്കളും അനുഭാവികളും അടക്കം പ്രതികളാണെങ്കിലും വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നായിരുന്നു കുറ്റപത്രത്തിലെ പരാമര്‍ശം. ലോക്കല്‍ ഏരിയാ സെക്രട്ടറിമാരെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതിനാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. മറ്റ് പ്രതികള്‍ റിമാന്റിലാണ്. അതേ സമയം കൊലപാതക ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രമുഖരായ ചില സിപിഎം നേതാക്കളുടെ പേരുവിവരങ്ങള്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണമൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്കിയ ഹരജിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
കല്ല്യോട്ട് ഇരട്ടക്കൊല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമായ സമയത്താണ് ഇരട്ടക്കൊലപാതകം നടന്നത്. കാസര്‍കോട് ലോക്സഭാ മണ്ഡലം സിപിഎമ്മില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ യുഡിഎഫിന് സാധിച്ചതിന് ഒരു പ്രധാനകാരണം കല്ല്യോട്ട് ഇരട്ടക്കൊലപാതകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഈ കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി സിപിഎം വീണ്ടും പ്രതിരോധത്തിലാകാന്‍ ഇടവരുത്തിയിരിക്കുകയാണ്. സംശയിക്കപ്പെടുന്ന സിപിഎം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടിക്ക് മുന്നില്‍ വലിയൊരു പ്രതിബന്ധമായി മാറിയേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളുടെയും പരമാര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: