കാസര്‍കോട്: അന്തര്‍ സംസ്ഥാന യാത്ര വിലക്ക് പ്രശ്നത്തില്‍ ജില്ലയിലെ എംപി എംഎല്‍എ മാരുടെ മൗനം അവര്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ഈ മൂകത പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കേരള സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പാസ് ലംഘന പ്രക്ഷോഭം ഉദ്ഘാടനം തലപ്പാടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയില്‍ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആ ഉത്തരവ് കേരള സര്‍ക്കാര്‍ ലംഘിച്ച് ദേശീയ പാതയില്‍ കേരള സര്‍ക്കാര്‍ ബാരിക്കേഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാറിന്റ അണ്‍ലോക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് ദേശീയ പാത തലപ്പാടിയില്‍ കേരള സര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പാസ് മുലം പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി തലപ്പാടി ചെക്ക് പോസ്റ്റില്‍ പാസ്സ് ലംഘന സമരം സംഘടിപ്പിച്ചത്. അശാസ്ത്രീയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണ്ണാടകയിലേക്ക് ജോലിക്കും വ്യാപാരത്തിനും ചികിത്സയ്ക്കും പോയി വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ആളിക്കത്തി. കര്‍ണ്ണാടകയില്‍ പോയി വരുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നുവെന്ന അസംബന്ധമായ കാരണം പറഞ്ഞാണ് കേരള സര്‍ക്കാര്‍ യാത്ര വിലക്കേര്‍പ്പെടുത്തിയത്. കാസര്‍കോട് ജില്ലാ ഭരണകൂടം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ മാസങ്ങളില്‍ 5000 ഡെയ്ലി പാസ്സ് അനുവദിച്ചത് വഴി കര്‍ണ്ണാടകയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്ത പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയെന്നാണ് പറയുന്നത്. ദക്ഷിണ കന്നട ജില്ലകളില്‍ കോവിഡ് ബാധ മൂര്‍ദ്ധന്യത്തിലുള്ള സമയങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മുവായിരത്തിലധികം പേര് കര്‍ണ്ണാടകയില്‍ പോയി എന്‍ട്രന്‍സ്, എസ്എസ്എല്‍സി, പിഎസ്സി പരീക്ഷകള്‍ എഴുതി സുരക്ഷിതമായി തിരിച്ച് വന്നിട്ടുണ്ട്. ഡിസാസ്റ്റര്‍ മാനേജുമെന്റ് കമ്മറ്റിയെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി എം.പി, മന്ത്രി ഇ.ചന്ദ്രശേഖരന് എംഎല്‍എമാര്‍ എന്നിവര്‍ കോറോണ കോര്കമ്മറ്റിയെന്ന പേരില്‍ യോഗം ചേര്‍ന്ന് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തികച്ചും അപ്രായോഗികമായ നിബന്ധകളോടെ കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ജനങ്ങളുടെ വേദനകളും രോധനങ്ങളും കേള്‍ക്കാനല്ല കേരള സര്‍ക്കാറിന് ഇപ്പോള്‍ സമയം. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെ പങ്കുണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ മൂടിവെയ്ക്കുന്നതിലാണ് താല്പര്യമെന്ന് ശ്രീകാന്ത് പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി അശാസ്ത്രീയ നിബന്ധനകളോടെ ദേശീയപാതയില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ശക്തമായ പ്രതിഷേധമാണ് തലപ്പാടിയില്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കേരളം നടപ്പാക്കിയല്ലെങ്കില്‍ ഞങ്ങളത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കാല്‍നടയായി തലപ്പാടി ചെക് പോസ്റ്റ് കടന്ന് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുകയും പാസ്സില്ലാതെ കേരളത്തിലേക്ക് തിരിച്ച് വരികയും ചെയ്ത് പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനുള്ള ശക്തമായ മറുപടിയാണ് നല്‍കിയത്.
ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.കൈയ്യാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ.നവീന്‍രാജ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാന്ദ റൈ, സംസ്ഥാന കൗണ്‍സിലംഗം സത്യ ശങ്കര ഭട്ട്, മണ്ഡലം വൈസ് പ്രസിഡണ്ട് പത്മനാഭ കടപ്പുറം, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, സെക്രട്ടറി ജയരാജ് ഷെട്ടി തുടങ്ങിയവര്‍ പാസ് ലംഘന പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ഠ റൈ അധ്യക്ഷത വഹിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധര യാദവ് സ്വാഗതവും ബി.എം ആദര്‍ശ് നന്ദിയും പറഞ്ഞു.
തലപ്പാടി ചെക്ക് പോസ്റ്റില്‍ കൊടുങ്കാറ്റായി വീണ്ടും ബിജെപി
കാസര്‍കോട്: ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പഴയ തലപ്പാടി ചെക്ക് പോസ്റ്റ് സമരത്തെ ഓര്‍മ്മിപ്പിക്കുംവിധം ചെക്ക് പോസ്റ്റ് ലംഘിച്ച് പാസ് ലംഘന സമരവുമായി കൊടുങ്കാറ്റായി വീണ്ടും ബിജെപി ആഞ്ഞടിച്ചു. കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്ത് തിരിച്ച് വരുന്ന ജനങ്ങളെ ദുരിതത്തിലാക്കി കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തികച്ചും അശാസ്ത്രീയ നിര്‍ദ്ദേശങ്ങളോടെയുള്ള പാസ്സ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാസ്സ് ലംഘന പ്രക്ഷോഭം സംഘടിപ്പിച്ചത്. പണ്ട് ഭക്ഷ്യധാന്യങ്ങള്‍ ഒരു സംസ്ഥാനങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനേര്പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് തലപ്പാടി ചെക്ക് പോസ്റ്റ് ആദ്യമായി കെ.ജി.മാരാരുടെ നേതൃത്വത്തില്‍ സമരമുഖമായി മാറിയത്. ഉമാനാധറാവുജി, കെ.ജി.മാരാര്‍, മടിക്കൈ കമ്മാരന്, വി.രവീന്ദ്രന്, എസ്കുമാര്‍, എം.സഞ്ജീവഷെട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്ന് സമരം നടന്നത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി വെറും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ യാത്രാവിലക്കേര്‍പ്പെടുത്തി നിത്യവും ജോലിക്കും വ്യാപാരത്തിനും പഠനത്തിനും ചികിത്സയ്ക്കും മറ്റുമായി പോകുന്നവരെ കഷ്ടപ്പെടുത്തുന്നത്. കേരളത്തില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റെന് ഉള്‍പ്പെടെയുള്ള നിദ്ദേശങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം ദ്രോഹിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ പ്രകടനമായി ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരും നേതാക്കളും ചെക്ക് പോസ്റ്റ് കടന്ന് കര്‍ണ്ണാടകയിലേക്ക് പ്രവേശിച്ച് തിരിച്ച് വരികയും ഹൈക്കോടതി വിധിക്ക് വിരുദ്ധമായി കേരള സര്‍ക്കാര്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാരിക്കേഡുകളെടുത്ത് മാറ്റി വാഹനങ്ങള്‍ കടത്തി വിടുകയും ചെയ്തു. ജനങ്ങളുടെ സ്വതന്ത്ര്യമായ യാത്രയ്ക്ക് തടസ്സമായി നില്ക്കുന്ന കേരളസര്‍ക്കാറിന്റെ ഇത്തരം ഉത്തരവുകള്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: