തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസില്‍ തീപിടിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നത് രണ്ടു സിപിഎം നേതാക്കളായ ജീവനക്കാര്‍ ആയിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പ്രോട്ടോക്കോള്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് എന്‍ഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി കൊച്ചിയില്‍ പോയിരുന്നു. എന്നാല്‍, എന്‍ഐഎ കൂടുതല്‍ ഫയലുകള്‍ ആവശ്യപ്പെട്ടു. ഇതോടെ, ആ ഉദ്യോഗസ്ഥന് കൊച്ചിയില്‍ തങ്ങി ചില നിയമോപദേശം തേടിയ ശേഷമാണ് എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകള്‍ കത്തിച്ചത്. സ്വര്‍ണക്കടത്തില്‍ പിണറായി വിജയനും കെ.ടി. ജലീലും കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കാലേക്കൂട്ടി തയാറാക്കിയ ഗൂഢാലോചന ആണ് ഈ തീപിടിത്തം.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പല ഓഫിസുകളില്‍ അലമാരകളിലും റാക്കുകളിലും പേപ്പര്‍ ഫയലുകള്‍ കൂടി ഇരിക്കുന്നത് തീപിടിത്തത്തിനു കാരണമാകുമെന്നും ഉടനെ മാറ്റണമെന്നുമായിരുന്നു സര്‍ക്കുലര്‍. ഇല്ലെങ്കില്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ പ്രകാരം നടപടി സ്വീകരിച്ചെങ്കില്‍ ഒരിക്കലും തീപിടിത്തമുണ്ടാകില്ല. ഇതുപക്ഷേ മുന്‍കൂര്‍ ജാമ്യം എന്നതരത്തില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആണെന്നും സുരേന്ദ്രന്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസ് കോവിഡ് മൂലം അടച്ചത് മാധ്യമങ്ങളെ പോലും അറിയിച്ചിട്ടില്ല. തിരുവനന്തപുരത്ത് കള്ളസ്വാമി ഷിബുവിന്റെ വീടിനു തീപിടിച്ചപ്പോള്‍ അഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തിയ മുഖ്യമന്ത്രി സ്വന്തം ഓഫിസില്‍ തീപിടിച്ചിട്ട് ഒരു വരി പ്രസ്താവന പോലും ഇറക്കിയില്ലെന്നും സുരേന്ദ്രന്. ഈ തീപിടിത്തം ആസൂത്രിതമാണെന്നും സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: