ആലപ്പുഴ: കോവിഡ് രോഗികളില്‍ ഗുരുതരലക്ഷണമുള്ളവരെ മാത്രമെ ഇനി മുതല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കൂ. ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.
കോവിഡ് രോഗികളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗുരുതരരോഗമുള്ള സി വിഭാഗത്തിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കൂ. ചെറിയ രോഗലക്ഷണങ്ങളുള്ള ബി വിഭാഗത്തിലെ രോഗികളെ സെഞ്ച്വറി, പിഎം ആശുപത്രികളിലും പുന്നപ്ര എഞ്ചിനീയറിങ് കോളേജിലുമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗലക്ഷണമില്ലാത്തവരെ മറ്റു ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലുമായി പ്രവേശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കോവിഡ് രോഗികള്‍ക്ക് ഡയാലിസിസ് വേണ്ടി വന്നാലോ, നേരത്തെ ഡയാലിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് കോവിഡ് വന്നാലോ പ്രത്യേക ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചാണ് നിലവില്‍ സൗകര്യമൊരുക്കുന്നത്. ഡയാലിസിസിനായുള്ള നാല് മെഷീനുകള്‍ കൂടി സജ്ജീകരിച്ച് മെഡിക്കല്‍ കോളേജിലെ ഈ പ്രത്യേക ഡയാലിസിസ് യൂണിറ്റ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ക്വാറന്റീന് സംവിധാനം ഒരുക്കും.
മെഡിക്കല്‍ കോളേജില്‍ കോവിഡിതര ഗുരുതര രോഗവുമായി വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേക വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: