ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും കപില്‍ സിബലും മുന്നില്‍ നിന്ന് നയിച്ച അപ്രതീക്ഷിത പ്രതിഷേധത്തില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്. ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ ആവശ്യമാണെന്ന നിലപാട് നേതാക്കള്‍ പരസ്യമായി ആവര്‍ത്തിച്ചതോടെ നെഹ്റു കുടുംബവും അനുയായികളും വെട്ടിലായി. ഇതേ തുടര്‍ന്ന് ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുകയാണെന്ന് സോണിയ പ്രവര്‍ത്തക സമിതിയെ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സോണിയയുടെ നിലപാട് പ്രവര്‍ത്തക സമിതിയെ അറിയിച്ചത്.
എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം അധ്യക്ഷ പദവിയില്‍ സോണിയ തന്നെ തുടരാന്‍ നിശ്ചയിച്ചു. ആറുമാസത്തിനകം എഐസിസി സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെയാണിത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതിയെയും നിയോഗിച്ചു.
പ്രവര്‍ത്തക സമിതി ചേരുന്നതിനിടെ കപില്‍ സിബലിന്റെ ട്വീറ്റാണ് ആദ്യ ബോംബ് പൊട്ടിച്ചത്. പുതിയ അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കള്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരാണെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു സിബലിന്റെ രോഷ പ്രകടനം. രാജസ്ഥാനിലും മണിപ്പൂരിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി നിയമ യുദ്ധം നടത്തുന്ന താന്‍ ബിജെപിക്കൊപ്പമാണോയെന്ന് സിബല്‍ ചോദിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ബിജെപിയെ അനുകൂലിക്കുന്ന ഒരു പ്രസ്താവന പോലും നടത്താത്തയാളാണ് താനെന്നും സിബല്‍ പറഞ്ഞു. രാഹുലിനെതിരെ കപില്‍ സിബല്‍ പരസ്യ പ്രതികരണം നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് വ്യക്തമായി. ഇതോടെ സ്ഥിതി വഷളാവാതിരിക്കാന്‍ കപില്‍ സിബലിനെ നേരിട്ട് രാഹുല്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സിബല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.
പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതിനെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ന്യായീകരിച്ചതും നെഹ്റു കുടുംബത്തിനെതിരായ നീക്കങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതായി. എ.കെ ആന്റണി, കെ.സി. വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നെഹ്റു കുടുംബത്തിനെതിരായി നീങ്ങിയ മുതിര്‍ന്ന നേതാക്കളെ നിശിതമായി വിമര്‍ശിച്ചു. രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്, അമരീന്ദര്‍സിങ്, നാരായണസ്വാമി എന്നിവര്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാട് യോഗത്തില്‍ പ്രഖ്യാപിച്ചു. കത്തെഴുതിയ നേതാക്കള്‍ ബിജെപിയെ സഹായിക്കുന്നവരാണെന്ന പ്രസ്താവന ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിതിനെ ഗുലാംനബി ആസാദ് വിമര്‍ശിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കാന്‍ സജ്ജമാണ്, ഗുലാംനബി വ്യക്തമാക്കി. ഇതോടെ കത്തെഴുതിയ നേതാക്കളെ അനുനയിപ്പിക്കാന്‍ നെഹ്റു കുടുംബം നീക്കം തുടങ്ങി. സോണിയയ്ക്ക് കത്തയച്ചത് 23 നേതാക്കളാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം നേതാക്കളാണ് ഇവര്‍ക്കൊപ്പമുള്ളതെന്നാണ് സൂചന. വലിയ തോതില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന വിഷയമാണെന്ന് കണ്ട് ഏതുവിധേനയും പരിഹരിക്കാനാണ് രാഹുലിന്റേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുടേയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: