ലിസ്ബണ്‍: കന്നി കിരീടം ലക്ഷ്യമിട്ട പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) കണ്ണീരിലാഴ്ത്തി ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. അവസരങ്ങള്‍ കളഞ്ഞുകുളിച്ച പിഎസ്ജിയെ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ടീം മറികടന്നു. പിഎസ്ജിയുടെ മുന്‍ താരമായ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയഗോള്‍ കുറിച്ചത്. ഇത് ആറാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടുന്നത്.
ഇതാദ്യമായി ഫൈനലിലെത്തിയ പിഎസ്ജിക്ക് അവസരങ്ങള്‍ തുലച്ചതാണ് വിനയായത്. സൂപ്പര്‍ സ്റ്റാറുകളായ കൈലിയന്‍ എംബാപ്പെയും നെയ്മറും അവസരങ്ങള്‍ നശിപ്പിച്ചു. അതേസമയം , കിട്ടിയ അവസരം മുതലാക്കി കോമാന് ബയേണിന് കിരീട വിജയം സമ്മാനിച്ചു. ഫ്രഞ്ചു താരമായ കോമാന് തന്റെ കരിയര്‍ തുടങ്ങിയത് പിഎസ്ജിയിലാണ്. 2014 ലാണ് ഈ ഇരുപത്തിനാലുകാരന് പിഎസ്ജി വിട്ടത്.
അമ്പത്തിയൊമ്പതാം മിനിറ്റിലാണ് വിധി നിര്‍ണായകമായ ഗോള്‍ പിറന്നത്. ജോഷ്വാ കിമ്മിച്ച് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ ചാടി തലവെച്ചാണ് കോമാന് ഗോള്‍ നേടിയത്. ഈ കിരീടത്തോടെ ബയേണ്‍ ഈ സീസണില്‍ ട്രെബിള്‍ തികച്ചു. നേരത്തെ ബുന്ദസ് ലീഗ, ജര്‍മന്‍ കപ്പ് കിരീടങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു.
ഫൈനലിന്റെ തുടക്കത്തില്‍ ബയേണിനാണ് അവസരം കിട്ടിയത്. എന്നാല്‍ അവരുടെ സൂപ്പര്‍ സ്റ്റാര്‍ ലെവന്‍ഡോസ്കിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പിന്നീട് ലെവന്‍ഡോസ്കിയുടെ ഒന്നാന്തരം ഹെഡ്ഡര്‍ പിഎസ്ജി ഗോളി കെയ്ലര് നവാസ് കൈപ്പിടയിലൊതുക്കി.
പിന്നീട് പിഎസ്ജിയുടെ നെയ്മറും എംബാപ്പെയും ചേര്‍ന്ന് നടത്തിയ ശ്രമം ഗോളിന് തൊട്ടടുത്തെത്തിയതാണ്. എംബാപ്പെയുടെ പാസ് നെയ്മര്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബയേണ്‍ ഗോളി പന്ത് പിടിച്ച് അപകടം ഒഴിവാക്കി. എംബാപ്പെയും അവസരം കളഞ്ഞു. ഷോട്ട് നേരെ ബയേണ്‍ ഗോളിലുടെ കൈകളിലേക്കാണ് പോയത്. അവസാന നിമിഷങ്ങളില്‍ നെയ്മര്‍ക്ക് മഞ്ഞകാര്‍ഡും കിട്ടി. ലെവന്‍ഡോസ്കിയെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞകാര്‍ഡ് കാട്ടിയത്.
ഇതാദ്യമായാണ് പിഎസ്ജി യുറോപ്യന്‍ ചാമ്പ്യന്‍സിന്റെ ഫൈനലില്‍ കടന്നത്. പിഎസ്ജിക്ക് കിരീടം നേടിക്കൊടുത്ത് യുറോപ്യന്‍ ചാമ്പ്യന്‍സ് ജേതാക്കളാകുന്ന ഫ്രാന്‍സിലെ രണ്ടാമത്തെ ടീമാക്കുമെന്ന് എംബാപ്പെ ഫൈനലിന് മുമ്പ് വീമ്പു പറഞ്ഞിരുന്നു. പിഎസ്ജിക്ക് ചാമ്പ്യന്‍സ് കിരീടം നേടാന്‍ ഇനിയും കാത്തിരിക്കണം. മാഴ്സെലിയാണ് യുറോപ്യന്‍ ചാമ്പ്യന്‍സ് കിരീടം നേടിയ ആദ്യ ഫ്രഞ്ച് ടീം. 1993 ലെ പ്രഥമ ചാമ്പ്യന്‍സ് ലീഗിലാണ് അവര്‍ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: