ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അധ്യക്ഷനെ ചെല്ലിയുള്ള തര്‍ക്കം തമ്മിലടിയിലേക്ക് നീണ്ടതോടെ ഇടക്കാല അധ്യക്ഷയായി വീണ്ടും സോണിയ ഗാന്ധി തുടരും. രാഹുലും മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും നേരിട്ട് ഏറ്റുമുട്ടിയതോടെയാണ് പുതിയ സമവായം ഉണ്ടായത്.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വ്യക്തമാക്കിയത്. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നെഹ്റു കുടുംബത്തിന്റെ കുത്തകയായി നില്ക്കും. യോഗത്തില്‍ ആറു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്ന് നേതാക്കള്‍ ശുഭാക്തി വിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി പ്രത്യേക എഐസിസി സമ്മേളനം വിളിച്ചുകൂട്ടാനും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു.
നേരത്തെ, സോണിയ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി സ്ഥിരം പ്രസിഡന്റായി ചുമതല ഏറ്റെടുക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. നേതാക്കള്‍ അയച്ച കത്തുകള്‍ ചോര്‍ന്നതോടെ അധ്യക്ഷപദവിയില്‍ ഇനിയില്ലെന്ന് സോണിയ അടുത്ത അനുയായികളെ അറിയിച്ചു.
ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളയച്ച കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും ഈ കത്തില്‍ ഒപ്പിട്ടു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് കത്തുകള്‍ക്ക് പിന്നില്‍.
2019ലെ ദയനീയ പരാജയത്തോടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഹുല്‍ ഒളിച്ചോടിയതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷമായി സോണിയയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. അഞ്ചു മാസമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടതിനു ശേഷമാണ് സോണിയയ്ക്കെതിരായ കത്ത് തയാറാക്കിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: