ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷിയെ അടിസ്ഥാനമാക്കിയാണ് ഭാരതത്തില്‍ ജനപഥങ്ങളും, അവരുടെ വിവിധ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഉടലെടുത്തത്. വിത്തിറക്കുന്നതു മുതല്‍ വിളവെടുപ്പുവരെ നീളുന്ന ഒരു കാര്‍ഷിക കലണ്ടര്‍ തുടക്കം മുതലേ ഭാരതത്തില്‍ നിലനിന്നിരുന്നു. ആ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ തികച്ചും ശാസ്ത്രീയമായി ഭാരതീയര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടു. നല്ല ദിവസങ്ങള്‍ നോക്കി പൂര്‍വ്വികര്‍ വയലില്‍ വിത്തെറിഞ്ഞു. പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചു. അങ്ങനെ തികച്ചും ശാസ്ത്രീയമായ ഒരു കൃഷിരീതി ഭാരതത്തിലാണ് ആദ്യമായി ഉടലെടുത്തത്.
ശാസ്ത്രീയമായ ആ കൃഷിരീതിയില്‍ പശുവും, കാളയുമെല്ലാം അവിഭാജ്യഘടകങ്ങളായിരുന്നു. പ്രകൃതി ജന്യ പണിയായുധങ്ങളും പൂര്‍വ്വികര്‍ ഉപയോഗിച്ചു. അതില്‍ കലപ്പയില്ലാതെ ഒരു കൃഷി ചിന്തിക്കാനാകില്ല. കാളകളെ ഉപയോഗിച്ച് നിലമുഴുതുമറിച്ച് കൃഷിയ്ക്ക് പാകപ്പെടുത്തുന്ന കലപ്പയാണ് കൃഷിയുടെ ആധാരം. മനുഷ്യന് കൃഷി കണ്ടുപിടിച്ചപ്പോള്‍ ആദ്യമായി ഉപയോഗിച്ച കൃഷിയായുധം കലപ്പയായിരിക്കണം. കലപ്പ ഉഴുന്നത് രാജാക്കന്മാര്ക്ക് പോലും ശ്രേയസ്കരമായിരുന്നു. യാഗങ്ങളുടെയും, യജ്ഞങ്ങളുടെയും സുവര്‍ണ്ണയുഗമായിരുന്ന വേദകാലത്ത് ഭൂരിഭാഗം യാഗങ്ങളുടെയും അവസാനം യജ്ഞവേദി പൊളിച്ചുമാറ്റി അവിടെ യജമാനന് നിലമുഴുന്നത് യാഗസമാപനത്തിന്റെ പ്രധാന ചടങ്ങായിരുന്നു. അത്തരത്തില്‍ ഒരു യാഗം കഴിഞ്ഞ ശേഷം നിലം ഉഴുമ്പോഴാണ് ഉഴവുചാലില്‍ നിന്നും ലക്ഷ്മീദേവിയുടെ അവതാരമായ സീതയെ ജനകമഹാരാജാവിന് ലഭിച്ചത്. കലപ്പ കൊണ്ടുള്ള അധ്വാനത്തില്‍ നിന്നും ലക്ഷ്മീദേവി അതായത് ഐശ്വര്യമുണ്ടാകുമെന്ന് കാര്‍ഷിക രാജ്യമായ ഭാരതത്തിലെ ജനങ്ങളെ പഠിപ്പിക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണമില്ല. പ്രതീകാത്മകമായി ചിന്തിച്ചാല്‍ കാര്‍ഷിക രാജ്യത്ത് കൃഷിയിലൂടെയുള്ള അദ്ധ്വാനത്തില്‍ നിന്നും ഐശ്വര്യവും, സമ്പത്തും, കീര്‍ത്തിയും ലഭിക്കുന്നു എന്ന് സാരം. കൃഷിയുടെയും, കര്‍ഷകന്റെയും പ്രതീകമായ ഹലം അതായത് കലപ്പ ആയുധമാക്കിയ അവതാരമാണ് ബലരാമന്. ആ ബലരാമനെയാണ് ഭാരതീയ കിസാന്‍ സംഘ് ആരാധ്യപുരുഷനായി സ്വീകരിച്ചിരിക്കുന്നത്. ഭാദ്രപദ മാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഭഗവാന് ബലരാമന് അവതാരമെടുത്ത സുദിനം. കാര്‍ഷികവൃത്തിയുടെ ദേവനായ ഭഗവാന് ബലരാമന്റെ അവതാരദിനം ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആഘോഷിക്കുന്നു.
ഭാരതം ഇന്ന് ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. സ്വാതന്ത്ര്യലബ്ധിയുടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ ദശാബ്ദത്തിലാണ് ഭാരതത്തില്‍ കര്‍ഷകനെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ഇന്ന് ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളില്‍ വരെ അനുഭവവേദ്യമാണ്. ഏക്കറുകണക്കിന് കൃഷിഭൂമി കൈവശമുള്ള സാധാരണ പാരമ്പര്യ കര്ഷകരെപ്പോലെ, ചതുരശ്ര അടിക്കണക്കില്‍ നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ ജീവിക്കുന്ന കൃഷിയുമായി ബന്ധമില്ലാത്ത ഐ.ടി, ബാങ്കിങ്, സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഇന്ന് കൃഷി ചെയ്യാന്‍ തയാറായി അരയും, തലയും മുറുക്കി രംഗത്തിറങ്ങി. ആദ്യഘട്ടങ്ങളില്‍ ഫഌറ്റുകളില്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലായിരുന്നു കൃഷി. ലോക്ക്ഡൗണ്‍ കാലത്ത് ജോലിവരെ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്കെത്തി ഉപയോഗശൂന്യമായിരിക്കുന്ന തരിശുഭൂമികള്‍ ഏറ്റെടുത്ത് തികച്ചും ഉപജീവനമാര്‍ഗ്ഗമായിത്തന്നെ കൃഷിയിറക്കാന്‍ ഐടി, ബാങ്കിങ് പ്രൊഫഷണലുകള്‍ തയാറായിരിക്കുന്നു.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ശീതീകരിച്ച ഓഫീസ് മുറികളില്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുന്ന ജോലികളില്‍ നിന്നും കിട്ടാത്ത ആത്മസംതൃപ്തിയും, മാനസിക സന്തോഷവും സര്‍വോപരി സ്വാതന്ത്ര്യവും കൃഷിയിലൂടെ ലഭ്യമാണെന്ന ഒരു കണ്ടെത്തലിന് ഈ ലോക്ക്ഡൗണ്‍ കാലം സാക്ഷ്യം വഹിച്ചു. അംബരചുംബികളായ ഫഌറ്റുകളില്‍ നിന്നും പ്രകൃതിയുടെ മടിത്തട്ടായ മണ്ണിലേക്കിറങ്ങാന്‍ ഓരോ മനുഷ്യനെയും പ്രേരിപ്പിച്ചത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ ഉടലെടുത്ത കാര്‍ഷിക സംസ്കാരത്തിന്റെ കെടാത്ത കനലുകളായി ആത്മാവില്‍ ഉറങ്ങിക്കിടന്നിരുന്ന കര്‍ഷകന്റെ ജനിതകഗുണമാണ്. ആപത് ഘട്ടത്തില്‍ അതിജീവനത്തിന് പ്രകൃതിയെ അഭയം പ്രാപിക്കാന്‍ മണ്ണിലേയ്ക്ക് തന്നെ ഇറങ്ങണമെന്ന് മനുഷ്യനെ ചിന്തിപ്പിച്ചത് അവരില്‍ സുഷുപ്താവസ്ഥയിലായിരുന്ന ആ ജനിതക ഗുണമാണ്.
വര്‍ത്തമാനകാലത്ത് കൃഷിയെ ദൈവികമായിക്കാണുന്ന സംസ്കാരം തിരിച്ചു വരുന്നതായി കാണാം. എല്ലാവരാലും അവഗണിക്കപ്പെട്ട് അവശനിലയിലായിരുന്ന കര്‍ഷകര്‍ക്ക് ഇന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്കാന് സമൂഹം തയാറായിരിക്കുന്നു. ഓരോ ദിവസവും പത്രത്താളുകളില്‍ കര്‍ഷകരെക്കുറിച്ചുള്ള വാര്‍ത്തകളാണ് കൂടുതലും ഇടം പിടിക്കുന്നത്. ഇന്നത്തെ കാര്‍ഷിക സംസ്കാരത്തിലും വളരെയധികം മാറ്റം വന്നു. പൗരാണിക കാലം മുതല്‍ കൃഷിയെ ആരാധനയായും, യജ്ഞമായും കണ്ടിരുന്ന ഭാരതീയരെ സ്വാതന്ത്ര്യത്തിന് ശേഷം അധികലാഭം, അധികസമ്പത്ത് എന്നുള്ള പ്രലോഭനങ്ങളിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ലാഭക്കൂടുതലിനായി മണ്ണിനെ ചൂഷണം ചെയ്തു കൃഷി നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ പരിപാടികള്‍ നടത്തി. ഇതോടെ കര്‍ഷകര്‍ക്ക് പാരമ്പര്യ കൃഷിരീതികളില്‍ നിന്നും മാറി ചിന്തിക്കേണ്ടിവന്നു. രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയിലേക്ക് അവര്‍ക്ക് മാറേണ്ടിവന്നു. തല്‍ഫലമായി വിളവില്‍ വര്‍ദ്ധനവുണ്ടായെങ്കിലും മണ്ണിന്റെ സ്വാഭാവിക ഉര്‍വരത നശിച്ചു. വിത്തെറിയാന്‍ നിലമൊരുക്കുന്നത് മുതല്‍ തുടങ്ങുന്ന രാസവസ്തുക്കളുടെ പ്രയോഗം ഓരോ ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ വയ്യാത്തതായി. ഇത് നമ്മുടെ വിളകളുടെ സ്വാഭാവിക പ്രതിരോധശക്തി നശിപ്പിച്ചു. വിളവെടുപ്പിന് ശേഷം സംഭരണത്തിനും, സംസ്കരണത്തിനും വരെ രാസവസ്തുക്കളുടെ പ്രയോഗം ആവശ്യമായിവന്നു. ആരോഗ്യകരമായ ഭക്ഷണം എന്ന സങ്കല്പം മാറി ഭക്ഷണം കഴിച്ചാല്‍ രോഗിയാകും എന്ന നില വന്നു. അതിന്റെ ഫലമാണ് ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍.
സമൂഹം തന്നെ രോഗഗ്രസ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനൊരു പ്രതിവിധി ഉത്തമകാര്‍ഷിക രീതികള്‍ സ്വായത്തമാക്കുക എന്നതാണ്. ഉത്തമകാര്‍ഷിക രീതികളിലൂടെ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് പാര്‍ശ്വ ദോഷഫലങ്ങളില്ല. ഇടക്കാലത്ത് അന്യം നിന്നുപോയ മണ്ണിനെ ഭൂമീദേവിയായി സങ്കല്പിച്ചു കൃഷിയിറക്കിയിരുന്ന ആ പഴയ കാര്‍ഷിക സംസ്കാരം ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. കര്‍ഷകരെ പാരമ്പര്യ കൃഷിരീതികള്‍ ഉപേക്ഷിച്ചു രാസവളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ച സര്‍ക്കാരുകള്‍ തന്നെ ഇന്ന് സ്വയം തിരുത്തലിന് തയാറായി ജൈവ കൃഷിയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടിരിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് നല്ല ഭക്ഷണത്തിലൂടെ രോഗത്തെ അകറ്റി നിര്‍ത്തുന്നതാണെന്ന് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അതിനായി ഇന്ന് സര്‍ക്കാര്‍ നാടന്‍ ഗോസമ്പത്തിനെ ആധാരമാക്കിയുള്ള ജൈവകൃഷി വന്‍ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
നാടന്‍ ഗോസമ്പത്ത് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് സഹായധനമായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈയൊരു തിരിച്ചറിവിനായി ദശാബ്ദങ്ങള്‍ വേണ്ടിവന്നു എന്നതാണ് ദുഖകരം. മുന്‍കാലത്ത് ഏതൊരു ആഹാരവും യാതൊരു പേടിയും കൂടാതെ ഭക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കാര്‍ഷികമേഖലയിലെ കഴിഞ്ഞ കാലത്തെ കൃഷിരീതി നമ്മളെ കൊണ്ടെത്തിച്ചത് സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപതികളിലെ ഓപ്പറേഷന് ടേബിളുകളിലും, രാവിലെ മുതല്‍ രാത്രിവരെ കൃത്യമായ ഇടവേളകളില്‍ കഴിക്കേണ്ട മരുന്നുകള്‍ക്കായി വരി നില്ക്കാന് മരുന്നുകടകള്‍ക്ക് മുന്നിലുമാണ്. ശിശുക്കള്‍ മുതല്‍ വയോജനങ്ങള്‍വരെ വിവിധ രോഗങ്ങള്‍ക്ക് അടിമകളാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക നയങ്ങള്‍ ഇതില്‍ നിന്നെല്ലാമുള്ള മോചനത്തിന് വേണ്ടിയാണ്.
പാരമ്പര്യ കൃഷിരീതികളിലേക്കുള്ള തിരിച്ചുപോക്കും, പാരമ്പര്യ അറിവുകളും, ആധുനിക കൃഷി രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള കൃഷിരീതികള്‍ക്കുമാണ് ഇന്ന് പ്രാധാന്യം വര്‍ദ്ധിക്കുന്നത്. അതില്‍ പ്രധാനം നാടന്‍ പശുക്കളെ ആധാരമാക്കിയുള്ള ഗോ ആധാരിത പാരമ്പര്യ കൃഷി സാര്‍വ്വത്രികമായി എന്നുള്ളതാണ്. ഒരു കാലത്ത് കിസാന്‍ സംഘ് പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ഇന്ന് ഫലത്തില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. ആ തിരിച്ചറിവിന്റെ കാലത്ത് ഓരോ പൗരനും, ഓരോ ബലരാമാവതാരമായി പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. ഇന്നത്തെ കാലത്ത് ഭാരതത്തില്‍ പാരമ്പര്യ നാട്ടറിവുകളിലും, ആധുനിക കൃഷി രീതികളിലും അധിഷ്ഠിതമായ കൃഷി പ്രചരിപ്പിക്കാ
നും, അതിനെ പ്രായോഗിക തലത്തില്‍ വിജയകരമാക്കാനും കൃഷിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും കാര്‍ഷിക വൃത്തിയുടെ ദേവനായ ബലരാമനെപ്പോലെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബലരാമാവതാരത്തിന്റെ പൂര്‍ണ്ണത തന്നെ കാര്‍ഷികവൃത്തിയിലൂടെയുള്ള രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയിലാണ്. ആ സമ്പല്‍ സമൃദ്ധിയ്ക്കായി ഈ ബലരാമാവതാര ദിനത്തില്‍ നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുക്കാം.
അഡ്വ. രതീഷ് ഗോപാലന്
(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രചാര്‍ പ്രമുഖ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: