കൊല്ലം: കോവിഡ് മഹാമാരി തീര്‍ത്ത ദുരിതങ്ങളില്‍ നിന്ന് നാടണയാന്‍ ലോകത്തെ വിവിധ രാജ്യങ്ങളിലായി കാത്തിരിക്കുന്ന പ്രവാസികള്‍ 5.55 ലക്ഷം.
ഏറ്റവുമധികം പേര് യുഎഇയിലാണ്-2,39,554. നോര്‍ക്കയുടെ ആഗസ്റ്റ് 10 വരെയുള്ള കണക്കുപ്രകാരമാണിത്. സൗദിയില്‍ നിന്ന് 95,884, കുവൈറ്റ്-34,942, ബഹറിന്‍-18,483, ഖത്തര്‍-54,945, ഒമാനില്‍നിന്ന് 35,243 പേരും വീട്ടിലെത്താനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. മറ്റ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 76,675 പേരും ഇത് കൂടാതെയുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനഗതാഗതം ആരംഭിച്ച മെയ് ഏഴു മുതല്‍ വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി നാട്ടിലെത്തിയത് 2,90,694 പേരാണ്. അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, മാലിദ്വീപ്, ഉക്രൈന്, റഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ജര്‍മനി, നൈജീരിയ, ഈജിപ്ത്, ഇറാഖ്, റോം, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ, ജപ്പാന്, അര്‍മേനിയ, ഡെന്മാര്ക്ക്, ഫ്രാന്‍സ്, കെനിയ, ചൈന, ജിബൂട്ടി, ജോര്‍ജിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളെത്തി. മടങ്ങിയെത്തിയതില്‍ ഏറ്റവും കൂടുതല്‍ പേരും മലപ്പുറം ജില്ലക്കാരാണ് (45,840). ഏറ്റവും കുറവ് ഇടുക്കിയും (2469).
അതേസമയം, ഇതേകാലയളവില്‍തന്നെ രാജ്യത്തെ ഇതരസംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന 4,60,879 മലയാളികളും നാട്ടിലെത്തി. കൊറോണയുണ്ടാക്കിയ ജീവിത പ്രതിസന്ധികളാണ് 90 ശതമാനം പേരെയും നാടണയാന്‍ പ്രേരിപ്പിച്ചത്. എറണാകുളത്താണ് മറുനാടന്പ്രവാസികള് ഏറ്റവുമധികം എത്തിയതെന്ന് നോര്‍ക്കയുടെ കണക്കുകള്‍ പറയുന്നു. 61,408 പേര്. ഏറ്റവും കുറവ് കാസര്‍കോട്-ണ്-19611. കണ്ണൂരാണ് രണ്ടാമത്-49,168 പേര്. മറ്റ് ജില്ലകളുടെ കണക്ക് ഇപ്രകാരമാണ്; തിരുവനന്തപുരം 43,460, കൊല്ലം 27,299, പത്തനംതിട്ട 22,257, ആലപ്പുഴ 24,447, കോട്ടയം 26,717, ഇടുക്കി 23,470, തൃശൂര്‍ 39,677, പാലക്കാട് 43,929, മലപ്പുറം 29,908, കോഴിക്കോട് 34,761, വയനാട് 14,767.
മരിച്ചത് 372 പ്രവാസികള്‍
നോര്‍ക്കയുടെ റെക്കോഡ് പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ച പ്രവാസികള്‍ 372 പേര്. ഏറ്റവുമധികം പേര് മലപ്പുറത്ത്-53. കുറവാകട്ടെ വയനാടും-ഒന്ന്. ജില്ലതിരിച്ച് കണക്കിങ്ങനെ: തിരുവനന്തപുരം 30, കൊല്ലം 44, പത്തനംതിട്ട 39, ആലപ്പുഴ 26, കോട്ടയം 27, ഇടുക്കി മൂന്ന്, എറണാകുളം 19, തൃശൂര്‍ 45, പാലക്കാട് 13, കോഴിക്കോട് 30, കണ്ണൂര്‍ 29, കാസര്‍ഗോഡ് ഒമ്പത്. കൃത്യമായി ജില്ല തിരിച്ചറിയാതെ പോയ നാലുപേരും ഇതിനുപുറമെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: