മക്കളേ,
എന്തിനും ഏതിനും വിദേശീയരെ, പ്രത്യേകിച്ചും പാശ്ചാത്യരെ അനുകരിക്കുന്ന രീതി ഭാരതീയര്‍ക്കുണ്ട്. അനുകരണഭ്രമത്തില്‍ ഒരുപക്ഷെ ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നവര് നമ്മളായിരിക്കും. എന്നാല്‍, പാശ്ചാത്യരുടെ നല്ല ഗുണങ്ങളും ശീലങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ നമ്മള് താല്പര്യം കാണിക്കാറില്ല എന്നത് ദുഃഖസത്യമാണ്.
ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും കൃത്യനിഷ്ഠ പാലിക്കുകയും ചെയ്യും. വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഏതു ജോലിയും പൂര്‍ണമനസ്സോടെ ചെയ്യും. കോടീശ്വരന്റെ മകനാണെങ്കിലും പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്ക്കാന് ശ്രമിക്കും. രാത്രിയില്‍ ഹോട്ടലുകളില്‍ പാത്രം കഴുകിയോ അതുപോലെ മറ്റെന്തെങ്കിലും പണിയെടുത്തോ പണംസ്വരൂപിച്ച് ഉന്നതവിദ്യാഭ്യാസം നേടും. അതാണവരുടെ രീതി. അവിടെ ഇവിടത്തെപ്പോലെ സമരമില്ല. ഇവിടെയുള്ളവര്‍ സമരമില്ലാത്ത ദിവസങ്ങളില്‍പോലും കൃത്യമായി ജോലിചെയ്യുന്നുണ്ടെന്നു പറയാനാവില്ല. എന്നാല്‍ ഭാരതത്തിലെ മക്കള്‍തന്നെ വിദേശത്തു ചെന്നാല്‍ സംഗതി മാറും. പതിനെട്ടും ഇരുപതും മണിക്കൂര്‍വരെ വിദേശത്തു ജോലി ചെയ്യാന്‍ അവര്‍ക്കു മടിയില്ല. അതിലധികം ജോലി ചെയ്യുന്നവരെയും അമ്മയ്ക്കറിയാം. രാവും പകലും ജോലി കഴിഞ്ഞുവവന്ന് സ്വന്തമായി ഭക്ഷണം പാകം ചെയ്തുകഴിച്ചിട്ട് ഇടയ്ക്കിടെ നമ്മുടെ കാലിഫോര്‍ണിയ ആശ്രമത്തില്‍ വന്നു സേവനം ചെയ്യുന്ന ഭാരതത്തിലെ മക്കളുണ്ട്. ഇവിടുത്തെ മക്കള്‍ ഗള്‍ഫുരാജ്യങ്ങളില്‍ പോയാലുള്ള സ്ഥിതിയും വ്യത്യസ്ഥമല്ല.
ഒരിക്കല്‍ ഒരു വിനോദസഞ്ചാരി പരലോകത്തെത്തി. അവിടെ ഒരു ഹോട്ടലിനുമുമ്പില്‍ ഒരു അമേരിക്കക്കാരന് നില്ക്കുന്നതു കണ്ടു. സഞ്ചാരി ചോദിച്ചു, ”നിങ്ങള്‍ എന്താ ഇവിടെ നില്‍ക്കുന്നത്?” അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഞാന്‍ എന്തെങ്കിലും ജോലികിട്ടുമോ എന്നു നോക്കുകയാണ്.” സഞ്ചാരി മുന്നോട്ടു നടന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരു ജപ്പാന്കാരന് വഴിയില്‍ നില്ക്കുന്നു. ”നിങ്ങള്‍ എന്തുചെയ്യുകയാണ്?” അയാള്‍ പറഞ്ഞു, ”ഞാന്‍ ഒരു കച്ചവടം തുടങ്ങാന്‍ ശ്രമിക്കുകയാണ്.” ആ സഞ്ചാരി വീണ്ടും മുന്നോട്ടു നടന്നു. അപ്പോള്‍ ഒരു കടയുടെ തൂണുംചാരി ഒരിന്ത്യക്കാരന് നില്ക്കുന്നതു കണ്ടു. ”നിങ്ങള്‍ എന്താ ഇവിടെ നില്‍ക്കുന്നത്?”, സഞ്ചാരി ചോദിച്ചു. ഇന്ത്യക്കാരന് പറഞ്ഞു, ”ഓ, വെറുതെ!”
ജപ്പാനില്‍ പന്ത്രണ്ട് മണിക്കൂറെങ്കിലും ജോലി ചെയ്തില്ലെങ്കില്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരെ വഴക്കു പറയും. അല്പം നേരത്തെ എത്തിയാല്‍ ഭാര്യമാര്‍ ചോദിക്കും, ‘എന്താ ഇന്നു ജോലിയ്ക്കു പോയിട്ടു നേരത്തെ മടങ്ങിയത്?’ എന്ന്. എന്നാല്‍ ഭാരതത്തിലാകട്ടെ ജനങ്ങള്‍ ദിവസം എട്ടു മണിക്കൂര്‍തന്നെ ജോലി ചെയ്യുന്നുണ്ടോ എന്നു സംശയമാണ്. ഊണും വിശ്രമവും ചായകുടിയും കൊച്ചുവര്‍ത്തമാനവും കഴിഞ്ഞാല്‍പ്പിന്നെ എത്ര സമയം ജോലിചെയ്യുവാന്‍ ലഭിക്കും. വിദേശരാജ്യങ്ങളുടെ ഉയര്‍ച്ചയ്ക്കു കാരണം അവിടെയുള്ളവരുടെ അദ്ധ്വാനവും ഉത്തരവാദിത്വബോധവുമാണ്.
ഭാരതീയര്‍ എല്ലാവരും അലസന്മാരാണെന്നല്ല പറയുന്നത്. എന്നാല്‍ നമ്മുടെ ധാരാളം സമയം പാഴായിപ്പോകുന്നുണ്ട് എന്നത് സത്യമാണ്. അതു നമ്മള് തിരിച്ചറിയണം. കൃത്യനിഷ്ഠയും ഉത്സാഹവും അദ്ധ്വാനശീലവും വളര്‍ത്തിയെടുക്കണം. ശ്രദ്ധയുണ്ടെങ്കില്‍ നമുക്കതു തീര്‍ച്ചയായും സാധിക്കും. കേരളത്തില്‍, രണ്ടുവര്‍ഷം മുന്‍പ് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ എത്ര ഉത്സാഹത്തോടും ത്യാഗത്തോടും കൂടിയാണ് നമ്മള് ഓരോരുത്തരും മറ്റുള്ളവരെ രക്ഷിക്കാന്‍ പ്രയത്നിച്ചത്. ആവശ്യമെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കഴിവ് നമ്മുടെ ഉള്ളിലുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എന്നാല്‍ ആ കര്‍മ്മവീര്യത്തെ നമ്മള് ഉണര്ത്തിയെടുക്കണം. ജീവിതത്തിന്റെ ഭാഗമായി അതിനെ മാറ്റണം.
ഇവിടെയുള്ളവരില്‍ അങ്ങേയറ്റം ബുദ്ധിയും കഴിവുമുണ്ടെങ്കിലും അവരില്‍ മടിയാണു മുന്നിട്ടു നില്ക്കുന്നതു്. ഉള്ള ജോലിതന്നെ എങ്ങനെ കുറയ്ക്കാമെന്നാണു ചിന്ത. എന്നാല്‍ വേതനത്തിന്റെ കാര്യത്തില്‍ ഒരു കുറവും അംഗീകരിക്കില്ലതാനും. ‘നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും’ എന്ന ചിന്തയില്ല. ഈ മനോഭാവം മാറാതെ എങ്ങനെ രാഷ്ട്രം പുരോഗതി പ്രാപിക്കും? അമ്മ ഇങ്ങനെ പറഞ്ഞുവെങ്കിലും ഭാരതം പുരോഗതിയുടെ പാതയില്ത്തന്നെയാണു്. പക്ഷേ, നമ്മള് ശ്രമിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുവാന്‍ കഴിയും. ഇന്നു നമ്മള് ഉണര്‍ന്നെങ്കിലും കിടക്കവിട്ട് എഴുന്നേറ്റിട്ടില്ല. അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. അതു മാറണം. എഴുനേല്ക്കണം കര്‍മ്മധീരരാകണം. എങ്കിലേ ഉണര്‍ന്നതിന്റെ പ്രയോജനം ലഭിക്കൂ. അങ്ങനെയായാല്‍ നമ്മുടെ രാഷ്ട്രം പുരോഗതി പ്രാപിക്കും, മറ്റു രാഷ്ട്രങ്ങള്‍ക്കും വെളിച്ചമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: