തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിവാദമാക്കിയ വീഡിയോയ്ക്ക് മറുപടിയുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. മാതൃഭൂമി സാഹിത്യോത്സവത്തിലെ രണ്ടു വര്‍ഷം പഴയ വീഡിയോയാണ് കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെചുള്ളിക്കാടിനെതിരെ പ്രചരിപ്പിച്ചത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്, അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുതെന്നും അദേഹം പറഞ്ഞു.
സാഹിത്യോത്സവത്തിലെ മുഖാമുഖത്തിനിടെ ഒരാള്‍ ചുള്ളിക്കാടിനോട് ഒരു ചോദ്യം ചോദിക്കുകയും അതിന് അദേഹം നല്കുന്ന മറുപടിയുമാണ് വിവാദത്തിലായത്. ‘
‘കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ?’ എന്നായിരുന്നു ചോദ്യം.
‘സൗകര്യമില്ല’ എന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും അദേഹം മറുപടി പറഞ്ഞിരുന്നു.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :
സുഹൃത്തുക്കളേ,
രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്സവത്തില് ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.
സ്നേഹപൂര്‍വ്വം
ബാലന്.
ബാലചന്ദ്രന് ചുള്ളിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: