ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ താല്‍ക്കാലിക വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ സംഭവത്തില്‍ നടപടി ഇഴയുന്നു. സംഭവം നടന്ന് ഏഴ് മാസം ആകുമ്പോഴും വീഡിയോ തെളിവ് അടക്കം ലഭിച്ചിട്ടും ഇതുവരെയും ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
സ്വാതന്ത്രദിന സന്ദേശത്തില്‍ രാഷ്ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ ഉള്‍പ്പെട്ട വനപാലക സംഘം നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ജനുവരി 25ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചില്‍ തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവം നടന്നത്. 80 ഇഞ്ചോളം വണ്ണമുള്ള കാട്ടുപ്ലാവ് മുറിച്ച് കടത്തിയതറിഞ്ഞാണ് വനംവകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാരും സ്ഥലത്തെത്തിയത്.
പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയനും വനിത ഉദ്യോഗസ്ഥയും അടക്കം നോക്കി നില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഇയാളുടെ കീഴിലുള്ള വനംവകുപ്പ് വാച്ചര്‍മാരും അക്രമണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍, ഐഡി കാര്‍ഡ് അടക്കംപിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. വനത്തില്‍ അതിക്രമിച്ച് കടന്നാല്‍ ഇത് ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥരുണ്ടെന്നിരിക്കെയാണ് വനവാസികളെ ഉപയോഗിച്ച് ഇവിടെ അക്രമണം നടത്തിയത്. വനംവകുപ്പില്‍ തന്നെ ഇതിന്റെ പേരില്‍ ചേരിതിരുവുമുണ്ടായി.
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനും അടക്കം വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. പിന്നീട് കട്ടപ്പന ഡിവൈഎസ്പി അന്വേഷണം ചുമതല ഏറ്റെടുക്കുകയും ചെയ്തു. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് കാട്ടിയും പരാതി നല്കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇടുക്കി ഫ്ളൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച സംഭവത്തില്‍ കേസുമെടുത്തു.
എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരെയും പിടികൂടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും മര്‍ദ്ദനമേറ്റ സുജിത്ത് ജന്മഭൂമിയോട് പറഞ്ഞു. ഇന്റലിജന്‍സിലെ ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള ഏക ഉദ്യോഗസ്ഥനായ സുജിത്ത് നിരവധി വനംകൊള്ള കേസുകള്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ തിങ്കളാഴ്ച റേഞ്ചറുടെയും സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരുടെയും മൊഴി കട്ടപ്പന ഡിവൈഎസ്പി എടുത്തു. എന്നാല്‍ സംഭവത്തില്‍ വനംവകുപ്പ് ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: