തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ത്തു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കും. വിമാനത്താവളം വിട്ടുനല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ പൊതു വികാരം ഉയര്‍ന്നു.
കേരളത്തിന്റെ വികസനത്തിന് സഹായകരമായ പദ്ധതികളില്‍ പണം മുടക്കാന്‍ തയ്യാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ കേരള വികസനത്തിനു വിരുദ്ധമായ സമീപനമാണ് ഇടത് -വലത് കക്ഷികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല,മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.
വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് ഉന്നതതലത്തില്‍ സംസാരിച്ചപ്പോള്‍ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസിലാക്കിയാല്‍ അവരും പിന്മാറും. ഒന്നിച്ചു നിന്നാല്‍ ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്കി.
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വിമാനത്താവള വികസനത്തിനായി ചെറുവിരലനക്കാത്തവര്‍ ഇപ്പാഴത്തെ വികസനപ്രവര്‍ത്തന പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന് ജോര്‍ജ്ജ് കുര്യന് പറഞ്ഞു. 2006 ലാണ് വിമാനതാവള സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ തുടങ്ങുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് സിപിഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസാണ്. അന്ന് എതിര്‍ക്കാതിരുന്നവര്‍ ഇന്ന് എതിര്‍പ്പുമായി വരുന്നതില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് വിമാന താവളം ഏറ്റെടുക്കാന്‍ അദാനി വന്നാല്‍ വിപരീത ഫലമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. തങ്ങള്‍ ആഗ്രഹിക്കും പോല കാര്യങ്ങള്‍ നടന്നില്ലങ്കില്‍ വിമാന താവള വികസനത്തിന് സഹകരിക്കില്ലന്ന മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന താവളങ്ങളെല്ലാം സ്വകാര്യവത്കരിച്ച കോണ്‍ഗ്രസുകാരാണിപ്പോള്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെ എതിര്‍ക്കുന്നത്. തിരുവനന്തപുരം വിമാനതാവളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ എതിര്‍പ്പിനു പിന്നില്‍ പിണറായിയുടെ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. പൊതുസമൂഹവും വ്യവസായ ലോകവും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പമാണ്. ഇടത് വലത്കക്ഷികളുടെ വികസന വിരുദ്ധത ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
എം.വി.ഗോവിന്ദന് മാസ്റ്റര്‍ (സിപിഎം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ), മന്ത്രി ഇ.ചന്ദ്രശേഖരന്, സി.ദിവാകരന് (സിപിഐ), പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ.നാണു (ജനതാദള്‍ എസ്), പി.ജെ.ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി.പീതാംബരന് മാസ്റ്റര്‍ (എന്‍സിപി), ഷെയ്ക് പി.ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍എസ്പി),, മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി.ജോര്‍ജ് എംഎല്‍എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: