തൃശൂര്‍: വ്യാപാരികളും സര്‍ക്കാരും രണ്ട് തട്ടില്‍. ശക്തന് മാര്‍ക്കറ്റ് തുറക്കുന്നകാര്യത്തില്‍ തീരുമാനമായില്ല. മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
പച്ചക്കറി മാര്‍ക്കറ്റില്‍ 85ഓളം കടകളാണുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം വീതം പകുതി കടകള്‍ തുറക്കാമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് അപ്രായോഗികമാണെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികള്‍ വരുന്നത് എല്ലാ കടകള്ക്കുമായുള്ള ലോഡായാണ്. പകുതി കടകള്‍ മാത്രം തുറന്നാല്‍ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും വലിയ നഷ്ടമുണ്ടാകും.
എണ്ണൂറോളം പീടികത്തൊഴിലാളികളും മുന്നൂറോളം കൈവണ്ടി തൊഴിലാളികളും മാര്‍ക്കറ്റിലുണ്ട്. ഇവരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇവരെക്കൂടാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.ചുമട്ട് തൊഴിലാളികളുടെ എണ്ണം കുറക്കാനും കഴിയില്ല. നിലവില്‍ 85 പേരാണ് ചുമട്ടുതൊഴിലാളികള്‍.പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്‍പ് എത്തുന്ന ലോഡുകള്‍ ഇറക്കിത്തീരണമെങ്കില് മുഴുവന്‍ തൊഴിലാളികളും ആവശ്യമാണ്.വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഓണക്കാലമായതിനാല്‍ മാര്‍ക്കറ്റ് അധിക ദിവസം അടച്ചിടാനാകാത്തതും പ്രതിസന്ധിയാണ്. മധ്യ കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നാണ് ശക്തന്. മാര്‍ക്കറ്റ് തുടര്‍ച്ചയായി അടച്ചിടുന്നത് ഓണവിപണി ലക്ഷ്യമിടുന്ന കര്‍ഷകരേയും ദുരിതത്തിലാക്കും.
ഓണത്തിന് മുന്‍പ് തുറന്നില്ലെങ്കില്‍ 1000ലേറെ വരുന്ന തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാകും. ടോക്കണ്‍ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങളോടെ മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം മുഴുവന്‍ പേരെയും ഒരേസമയം അനുവദിച്ചാല്‍ രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ശക്തന് പ്രത്യേക ക്ളസ്റ്ററായായാണ് ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട ജില്ലയിലെ മറ്റു ക്ലസ്റ്ററുകളിലും രോഗവ്യാപനം രൂക്ഷമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: