തിരുവനന്തപുരം: ജില്ലയില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണിലും ലോക്ഡൗണിലുമാണ്. ആയിരക്കണക്കിന് ആള്ക്കാര് ക്വാറന്റൈനിലുമാണ്. ആഗസ്റ്റ് 26 വരെയാണ് ഇപ്പോള്‍ വോട്ട് ചേര്‍ക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്. ഇത് 15 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് ക്വാറന്റൈനില്‍ ആയവര്‍ അതില്‍ നിന്നും മുക്തമാകാന്‍ ചുരുങ്ങിയത് 15 ദിവസം എടുക്കും. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളില്‍ കടന്ന് അവരുടെ രേഖകള്‍ ശേഖരിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല. അവിടെയുള്ളവര്‍ക്ക് പുറത്തുപോകാനും സാധിക്കില്ല. മൊബൈല്‍വഴി ഫോട്ടോ സ്കാന്‍ ചെയ്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ സാധിക്കാത്ത നിരവധിപേരുണ്ട്. അതിനാല്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയില്ലെങ്കില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാന്‍ സാധിക്കില്ലെന്നും രാജേഷ് പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി.വി. രാജേഷ് നിവേദനവും നല്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയുടെ ഹിയറിംഗിന് പുതിയ വോട്ടര്‍മാരെ നേരിട്ട് വരുത്താതെ അവരുടെ രേഖകള്‍ എത്തിച്ചാല്‍ മതിയെന്ന നിബന്ധനയും വീണ്ടും നടപ്പിലാക്കണം. ഇല്ലെങ്കില്‍ ആയിരക്കണക്കിന് പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ട് നില്‍ക്കരുത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നെട്ടയം വാര്‍ഡ് ലോക്ഡൗണിലായതിനു കാരണം തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിലായപ്പോള്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുടുംബശ്രീ യോഗം നടന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനവും നല്കി. നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഒരാള്‍ രോഗം പിടിപെട്ട് മരിച്ചു. മീറ്റിംഗില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൊവിഡും ബാധിച്ചു. ഭരണകക്ഷി തന്നെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു. ഇതിനു നേതൃത്വം നല്കിയ കൗണ്‍സിലര്‍ക്ക് എതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണം. ഈ ഭാഗത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പക്ഷപാതം കാണിക്കുന്നു. രാഷ്ട്രീയ വിവേചനത്തില്‍ നിരവധി വീടുകളെ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്. ഈ വിവേചനം മാറ്റി എല്ലാ വീടുകളിലും പരിശോധന നടത്തണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് യഥാസമയം ഭക്ഷണം നല്‍കുന്നില്ല. വിവിധ രോഗങ്ങള്‍ ഉള്ളവരും ചികിത്സയിലുണ്ട്. ഇവര്‍ക്ക് യഥാസമയം ഭക്ഷണം നല്കാത്തതിനാല് രാവിലെയുള്ള മരുന്നുകള്‍ കഴിക്കാന്‍ സാധിക്കുന്നില്ല. നല്കുന്ന ഭക്ഷണം വളരെ മോശമായതും. സര്‍ക്കാര്‍ നേരിട്ട് ഭക്ഷണം നല്‍കാതെ കാറ്ററിംഗ് വിഭാഗക്കാരെയാണ് പണം തട്ടിയെടുക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിനു സാധിച്ചില്ലെങ്കില്‍ സേവാഭാരതി പോലുള്ള സംഘടനകളെയോ ബിജെപിയോ ഏല്‍പ്പിക്കണമെന്നും രാജേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നില്ല. എന്നാല്‍ പ്രചരണരംഗത്ത് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: