കണ്ണൂര്‍: ഓണക്കാലത്ത് വില്പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്. അജയകുമാറിന്റെ ഉത്തരവ് പ്രകാരം സെപ്തംബര്‍ അഞ്ച് വരെയാണ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തുന്നത്. ഇതിനായി ജില്ലയില്‍ മൂന്ന് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ. പ്രദീപ് കുമാര്‍ പറഞ്ഞു.
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് മുഖ്യമായും പരിശോധനക്ക് വിധേയമാക്കുക. വെളിച്ചെണ്ണ, ശര്‍ക്കര, പായസ പരിപ്പ്, പായസം മിക്സ്, ബനാന ചിപ്സ്, പാല്, നെയ്യ്, ചായപ്പൊടി, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മാംസം എന്നീ ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. നിര്‍മ്മാണ യൂണിറ്റുകള്‍, വിതരണ കേന്ദ്രങ്ങള്‍, വില്പനശാലകള് എന്നിവിടങ്ങളില്‍ പരിശോധന നടത്തി ശുചിത്വവും ഗുണനിലവാരവും ഉറപ്പു വരുത്തുകയും ചെയ്യും.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ത്ത് വില്പന നടത്തുന്നത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലേബല്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്താല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: