കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ പേമാരിക്ക് ശമനമായതോടെ ജില്ലയിലെ കാര്‍ഷിക മേഖല സജീവമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ നെല്‍കൃഷിക്കാവശ്യമായ നിലമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
മുന്‍ കാലങ്ങളില്‍ വയനാട്ടില്‍ വലിയതോതില്‍ നെല്‍ കൃഷിയുണ്ടായിരുന്നു. കാലക്രമേണ നെല്‍വയലുകള്‍ കമുങ്ങിന് തോപ്പുകളായും വാഴത്തോട്ടങ്ങളായും മാറുകയായിരുന്നു. ഭൂഗര്‍ഭ ജലസംഭരണത്തിനും ജല ലഭ്യതക്കും സഹായകരമായിരുന്ന നെല്‍വയലുകള്‍ അപ്രത്യക്ഷമായതോടെ ജില്ലയിലെ പലയിടങ്ങളും വരള്‍ചയുടെ രൂക്ഷതയും അറിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ വയനാട് നെല്‍കൃഷിക്ക് പേര് കേട്ട സ്ഥലമായിരുന്നു.വയല്‍ നാടായ വയനാടിന്റെ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയും, ജീരകശാലയും പോലുള്ള നെല്ലിനങ്ങള്‍ അന്യം നിന്നുപോകുന്ന സ്ഥിതിയാണുള്ളത്.
മുന്‍ കാലങ്ങളില്‍ പോത്തിനെയും, കാളയേയും ഉപയോഗിച്ചുള്ള കറ്റ മെതിക്കലാണ് അനുവര്‍ത്തിച്ച് പോന്നിരുന്നത്. മറ്റു നെല്ലിനങ്ങളുടെ കൂടിച്ചേരല്‍ ഇല്ലാതെയാണ് സുഗന്ധ നെല്ലിനങ്ങള്‍ സംഭരിച്ചിരുന്നത്. കൊയ്ത്തും മെതിയും യന്ത്രവത്കൃതമായതോടെ സുഗന്ധ നെല്ലിനങ്ങളുടെ സംഭരണത്തിനും, മെതിക്കും ബുദ്ധിമുട്ട് നേരിട്ടു. കൂലി ചെലവും ജോലിക്കാരുടെ ലഭ്യത കുറവും നേരിട്ടതോടെ ഞാറു പറച്ച് നാട്ടുന്ന സമ്പ്രദായത്തില്‍ നിന്നും വിതച്ച് കൊയ്യുന്ന രീതിയിലേക്ക് കര്‍ഷകര്‍ ചുവട് മാറ്റി. ഇതോടെ ഉത്സവ അന്തരീക്ഷത്തില്‍ നടത്തിയിരുന്ന കമ്പള നാട്ടിയും കുത്തക ചവിട്ടലും വിസ്മൃതിയിലായി. വയനാടിന്റെ തനത് നെല്ലിനങ്ങളായ തൊണ്ടിയും, കയമയും പോലുള്ള നെല്ലിനങ്ങള്‍ വിളവെടുപ്പിനുള്ള സൗകര്യവും കൂടിയ ഉത്പാദനക്ഷമതയും കണക്കിലെടുത്ത് കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ പാടങ്ങളിലെ കമുങ്ങുകള്ക്ക് വ്യാപകമായി ബാധിച്ച മഞ്ഞളിപ്പ് രോഗം നെല്‍കൃഷിയുടെ പുനര്‍ജ്ജീവനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും ധാരാളം യുവാക്കളെ നെല്‍കൃഷിയിലേക്ക് തിരിയാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: