എന്റെ പ്രിയപ്പെട്ട സഹ പൗരന്മാരേ,
നമസ്കാരം!
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. ത്രിവര്‍ണ പതാക പാറിപ്പറത്തുന്നതിലും ആഘോഷങ്ങളുടെ ഭാഗമാകുന്നതിലും ദേശഭക്തിഗീതങ്ങള്‍ കേള്‍ക്കുന്നതിലും ഏറെ ആവേശം നമ്മില്‍ നിറയ്ക്കുന്നതാണ് ഓഗസ്റ്റ് 15. ഒരു സ്വതന്ത്രരാഷ്ട്രത്തിലെ പൗരന്മാര് എന്നതില്‍ ഈ ദിവസം, ഇന്ത്യയിലെ യുവാക്കള്‍ അഭിമാനം കൊള്ളണം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെയും രക്തസാക്ഷികളെയും നാം നന്ദിയോടെ ഓര്‍ക്കുകയാണ്. അവരുടെ ത്യാഗങ്ങളാണ് ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്.
ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ധാര്‍മ്മികതയാണ്.ദീര്‍ഘ ദര്‍ശികളായ നമ്മുടെ നേതാക്കള്‍ പൊതു രാഷ്ട്ര ചേതന കെട്ടിപ്പടുക്കുന്നതിനായി ലോകത്താകമാനമുള്ള വിവിധ വീക്ഷണങ്ങളെ ഏകോപിപ്പിച്ചു. വൈദേശിക അടിച്ചമര്‍ത്തല്‍ ഭരണത്തിനു കീഴില്‍ നിന്ന് ഭാരതമാതാവിനെ സ്വതന്ത്രയാക്കാനും ഭാരതമാതാവിന്റെ സന്താനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. അവരുടെ ചിന്തകളും പ്രവൃത്തികളും ആധുനിക രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്വത്വം രൂപപ്പെടുത്തി.
നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വഴിവിളക്കായി മഹാത്മാഗാന്ധിയെ ലഭിച്ചതില്‍ നാം ഭാഗ്യവാന്മാരാണ്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍, ഒരു മഹാത്മാവെന്ന നിലയില്‍, ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായിരുന്നു അദ്ദേഹം. സാമൂഹ്യകലാപങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാല്‍ പ്രതിസന്ധിയിലായ ലോകം ഗാന്ധിജിയുടെ തത്വങ്ങളില്‍ ആശ്വാസം തേടുകയാണ്. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം നമ്മുടെ റിപ്പബ്ലിക്കിന്റെ മന്ത്രമാണ്. പുതുതലമുറ ഗാന്ധിജിയെ വീണ്ടും കണ്ടെത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രിതമായിരിക്കും. കാരണം വ്യക്തമാണ്. ലോകം മുഴുവന്‍ മാരകമായ ഒരു വൈറസിനെതിരായ പോരാട്ടത്തിലാണ്. അത് എല്ലാ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുകയും വലിയ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. മഹാമാരിക്കുമുമ്പ് നാം ജീവിച്ചിരുന്ന ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു.
കടുത്ത വെല്ലുവിളി കണക്കിലെടുത്ത് കേന്ദ്രഗവണ്മെന്റ് കാര്യക്ഷമമായി, കൃത്യസമയത്തു തന്നെ പ്രതികരിച്ചു എന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള, വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു രാജ്യത്തിന്, ഈ വെല്ലുവിളി നേരിടുന്നതിന് അതിമാനുഷിക പരിശ്രമങ്ങള്‍ ആവശ്യമാണ്. സംസ്ഥാന ഗവണ്മെന്റുകളെല്ലാം അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിച്ചു. ജനങ്ങളും പൂര്‍ണമനസ്സോടെ പിന്തുണയേകി. നമ്മുടെ സമര്‍പ്പിത പരിശ്രമത്തിലൂടെ, മഹാമാരിയുടെ വ്യാപ്തി കുറയ്ക്കാനും ധാരാളം ജീവന് രക്ഷിക്കാനും നമുക്കു കഴിഞ്ഞു. ഇതു ലോകത്തിനാകെ മാതൃകയാക്കാവുന്നതാണ്.
ഈ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തില്‍ മുന്‍നിരയില്‍ അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ അവരില്‍ പലര്‍ക്കും ജീവന് നഷ്ടപ്പെട്ടു. അവര്‍ നമ്മുടെ ദേശീയ നായകരാണ്. കൊറോണ യോദ്ധാക്കളെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധി ജീവന് രക്ഷിക്കാനും അവശ്യസേവനങ്ങള്‍ ഉറപ്പാക്കാനും, അവരുടെ ജോലിക്കും അപ്പുറം അവര്‍ പ്രവര്‍ത്തിക്കുന്നു. ഈ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ദുരന്തനിവാരണ സംഘങ്ങളിലെ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും വിതരണ ജീവനക്കാരും, ഗതാഗത-റെയില്‍വേ- വ്യോമയാന ജീവനക്കാരും വിവിധ സേവനദാതാക്കളും ഗവണ്മെന്റ് ജീവനക്കാരും സാമൂഹ്യസേവന സംഘടനകളും ഉദാരമനസ്കരായ പൗരന്മാരും ധൈര്യത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രചോദനാത്മകമായ കഥകള്‍ രചിക്കുകയാണ്. നഗരങ്ങളും പട്ടണങ്ങളും നിശബ്ദമാകുകയും റോഡുകള്‍ വിജനമാകുകയും ചെയ്യുമ്പോള്‍, ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷയും ആശ്വാസവും, ജലവും വൈദ്യുതിയും, ഗതാഗത- ആശയവിനിമയ സൗകര്യങ്ങളും, പാലും പച്ചക്കറികളും, ഭക്ഷണവും പലചരക്കു സാധനങ്ങളും, മരുന്നും മറ്റ് അവശ്യവസ്തുക്കളും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. നമ്മുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാന്‍ അവര്‍ സ്വന്തം ജീവന് പണയപ്പെടുത്തുന്നു.
ഈ പ്രതിസന്ധിക്കിടയിലാണ് പശ്ചിമ ബംഗാളിലും ഒഡിഷയിലും ഉംപുന്‍ ചുഴലിക്കാറ്റ് നമ്മെ ബാധിച്ചത്. ദുരന്തനിവാരണ സംഘങ്ങള്‍, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍, ജാഗരൂകരായ പൗരന്മാര് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചു. വടക്കുകിഴക്കന്‍-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം നമ്മുടെ ജനജീവിതത്തെ തടസ്സപ്പെടുത്തി. ഇത്തരം ദുരന്തങ്ങള്‍ക്കിടയില്‍, ദുരിതത്തിലായവരെ സഹായിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേരുന്നു എന്നതു സന്തോഷകരമാണ്.
മഹാവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചതു ദരിദ്രരെയും ദിവസ വേതനക്കാരെയുമാണ്. ഈ പ്രതിസന്ധിവേളയില്‍ അവരെ പിന്തുണക്കന്നുതിനായി, വൈറസ് പടരുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കൊപ്പം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തിവരുന്നു. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ നടപ്പാക്കുക വഴി ഗവമെന്റ് കോടിക്കണക്കിനു ജനങ്ങളെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനും മഹാവ്യാധി നിമിത്തമുണ്ടായ തൊഴില്‍നഷ്ടം, മാറിത്താമസിക്കല്‍, മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ സൃഷ്ടിക്കുന്ന പ്രത്യാഘാതം മറികടക്കുന്നതിനും പ്രാപ്തരാക്കി. കോര്‍പറേറ്റ് മേഖലയും സമൂഹവും പൂര്‍ണ മനസ്സോടെ പിന്തുണയ്ക്കുന്ന പല പദ്ധതികളിലൂടെയും ഗവമെന്റ് സഹായം എത്തിക്കുന്നത് തുടരുന്നു.
ആവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്കുന്നതിനാല് ഒരു കുടുംബവും വിശന്നു കഴിയേണ്ടിവരുന്ന സാഹചര്യമില്ല. എല്ലാ മാസവും 80 കോടി ജനങ്ങള്‍ക്ക് അഭയമായി നിലകൊള്ളുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭക്ഷണ വിതരണ പദ്ധതി 2020 നവംബര്‍ അവസാനം വരെ നീട്ടിയിട്ടുണ്ട്. കുടിയേറ്റക്കാരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു രാജ്യത്ത് എവിടെയായാലും റേഷന്‍ കിട്ടുന്നണ്ടെന്ന്് ഉറപ്പുവരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളെയും ‘ഒരു രാഷ്ട്രം-ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തിന്റെ ഏതു കോണിലുമാകട്ടൈ, ഒറ്റപ്പെട്ട’ നിലയില്‍ കഴിയുന്ന നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി ‘വന്ദേ ഭാരത് ദൗത്യം’ വഴി 10 ലക്ഷത്തിലേറെ ഇന്ത്യക്കാരെ ഗവമെന്റ് തിരികെ എത്തിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ആളുകളുടെ സഞ്ചാരവും ഒപ്പം ചരക്കുനീക്കവും സാധ്യമാക്കുതിനായി ഇന്ത്യന്‍ റെയില്‍വേ തീവണ്ടി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ആത്മവിശ്വാസത്തിന്റെ കരുത്തോടെ നാം കോവിഡ്- 19 നെതിരായ പോരാട്ടത്തിനു മറ്റു രാജ്യങ്ങള്‍ക്കു പിന്തുണയേകി.
മരുന്നു ലഭ്യമാക്കണമെന്ന മറ്റു രാജ്യങ്ങളുടെ അഭ്യര്‍ഥനയോട് അനുകൂലമായി പ്രതികരിക്കുക വഴി വിഷമഘട്ടങ്ങളില്‍ ആഗോള സമൂഹത്തിനൊപ്പം നില്‍ക്കുമെന്ന് ഇന്ത്യ ഒരിക്കല്‍കൂടി തെളിയിച്ചു. മഹാവ്യാധിക്കെതിരായ ഫലപ്രദമായ തന്ത്രം മേഖലാ തലത്തിലും ആഗോള തലത്തിലും നടപ്പാക്കുന്നതിനു നാം മുന്‍പന്തിയില്‍ നിലകൊണ്ടു. ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗസിലില്‍ സ്ഥിരമല്ലാത്ത അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇന്ത്യക്ക് ആവേശപൂര്‍ണമായ പിന്തുണ ലഭിച്ചു എന്നതു രാജ്യാന്തര തലത്തില്‍ നമുക്കുള്ള സല്‍പ്പേരു വെളിപ്പെടുത്തുന്നു.
നമുക്കു വേണ്ടി മാത്രമായി ജീവിക്കുകയല്ല, ലോകത്തിന്റെയാകെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നത് ഇന്ത്യയുടെ പാരമ്പര്യമാണ്. ഇന്ത്യയുടെ സ്വാശ്രയത്വം എന്നതു ലോകത്തില്‍നിന്നു വിട്ടുനില്‍ക്കുകയോ അകലം പാലിക്കുകയോ ചെയ്യാതെ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ്. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയുമായി ഇടപഴകുമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.
നമ്മുടെ മുനിമാര്‍ പണ്ട് പറഞ്ഞ ‘വസുധൈവ കുടുംബംകം’ അഥവാ ആഗോള സമൂഹം ഒരു കുടുംബമാണ് എന്ന ആശയം ശരിയാണെന്നു ലോകം ഇപ്പോള്‍ തിരിച്ചറിയുന്നു. മാനവികതയ്ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയോടു പൊരുതാന്‍ ലോകം ഒരുമിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലും നമ്മുടെ അയല്പക്കത്തുള്ള ചിലര്‍ വിപുലീകരണത്തിനുള്ള അതിസാഹസികതയ്ക്കു ശ്രമിച്ചു. നമ്മുടെ അതിര്‍ത്തികള്‍ പ്രതിരോധിക്കുതിനായി നമ്മുടെ ധീര യോദ്ധാക്കള്‍ ജീവന് ത്യജിച്ചു. ഭാരത മാതാവിന്റെ ഉത്തമരായ ആ മക്കള്‍ രാഷ്ട്രത്തിന്റെ അഭിമാനത്തിനായി ജീവിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഗാല്‍വന്‍ താഴ്വരയിലെ രക്തസാക്ഷികളെ രാജ്യമൊന്നാകെ അഭിവാദ്യം ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളോട് ഓരോ ഇന്ത്യക്കാരനും കടപ്പാടുണ്ട്. സമാധാനത്തില്‍ വിശ്വസിക്കുമ്പോഴും കടന്നുകയറ്റം നടത്താനുള്ള ഏതു ശ്രമത്തിനും ശക്തമായ തിരിച്ചടി നല്കാന് നാം പ്രാപ്തരാണ് എന്നാണ് അവരുടെ പോര്‍വീര്യം തെളിയിച്ചിരിക്കുത്. അതിര്‍ത്തികള്‍ കാക്കുകയും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സായുധ സേനയിലും സമാന്തര സൈനിക വിഭാഗങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരിലും നാം അഭിമാനം കൊള്ളുന്നു.
കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ ജീവനും ഉപജീവനവും പ്രധാനപ്പെട്ടതാണെന്നു ഞാന്‍ കരുതുന്നു. എല്ലാവരുടെയും, വിശേഷിച്ച് കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും നേട്ടത്തിനായി സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുതിനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള അവസരമായി നാം ഇപ്പോഴത്തെ പ്രതിസന്ധിയെ കണ്ടു. കാര്‍ഷിക മേഖലയില്‍ നാഴികക്കല്ലായ പരിഷ്കാരങ്ങള്‍ നടപ്പാക്കി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ തടസ്സങ്ങളില്ലാതെ രാജ്യത്തെങ്ങും വ്യാപാരം നടത്താനും അതുവഴി ഉല്പന്നങ്ങള്ക്കു മികച്ച വില നേടിയെടുക്കാനും സാധിക്കുന്നു. കര്‍ഷകര്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനായി അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തു. ഇതു കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകും.
2020 ല്‍ ചില കഠിനമായ പാഠങ്ങളാണ് നാം പഠിച്ചത്. പ്രകൃതിയുടെ അധിപരാണ് മനുഷ്യര്‍ എന്ന തെറ്റായ ചിന്ത ഈ അദൃശ്യമായ വൈറസ് തകര്‍ത്തുകളഞ്ഞു. നമ്മുടെ തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അങ്ങനെ പ്രകൃതിയുമായി സന്തുലനത്തില്‍ ജീവിക്കാനും. ആഗോള സമൂഹത്തിന് തങ്ങളുടെ പൊതുവായ ഒരു വിധിയെപ്പറ്റി അവബോധം ഉണ്ടാക്കാന്‍ കാലാവസ്ഥവ്യതിയാനം പോലെ തന്നെ ഈ മഹാമാരിയും ഉപകരിച്ചിരിക്കുന്നു. എന്റെ വീക്ഷണത്തില്‍, ‘സമ്പദ് വ്യവസ്ഥ കേന്ദ്രീകൃത ഉള്‍പ്പെടുത്തലി’ നേക്കാള്‍, ‘മനുഷ്യ കേന്ദ്രീകൃത പങ്കാളിത്തത്തിന്’ ആണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യം. ഈ മാറ്റം എത്ര വലുതാകുമോ മനുഷ്യകുലത്തിന് അത് അത്രയും ഗുണകരമായി ഭവിക്കും. ഇരുത്തിയൊന്നാം നൂറ്റാണ്ടിനെ ഭാവിതലമുറ സ്മരിക്കേണ്ടത്, വ്യത്യാസങ്ങള്‍ മറന്ന്, ഭൂമിയെ സംരക്ഷിക്കാനായി മനുഷ്യകുലം ഒരുമിച്ച ഒരു നൂറ്റാണ്ട് എന്ന പേരില്‍ ആയിരിക്കണം.
പ്രകൃതി മാതാവിന് മുന്പില് നാം എല്ലാവരും സമന്മാരാണ് എന്നും, നമ്മുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നമുക്കുചുറ്റും ഉള്ളവരെ നമുക്ക് ആശ്രയിച്ചേ മതിയാകൂ എന്നുമുള്ളതാണ് രണ്ടാമത്തെ പാഠം. മനുഷ്യസമൂഹം നിര്‍മ്മിച്ച കൃത്രിമമായ വേലിക്കെട്ടുകള്‍ക്കുളില്‍ കൊറോണവൈറസ് ഒതുങ്ങി നിന്നിട്ടില്ല. ഇത് വിരല്‍ചൂണ്ടുന്നത് മനുഷ്യനിര്‍മ്മിതമായ വ്യത്യാസങ്ങള്‍, മുന്‍ധാരണകള്‍, തടസ്സങ്ങള്‍ എന്നിവയ്ക്ക് അപ്പുറം നാം വളരേണ്ടതുണ്ട് എന്ന വിശ്വാസത്തിലേയ്ക്കാണ്. അനുകമ്പയും പരസ്പര സഹായവുമാണ് ഭാരതീയര്‍ തങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ ആയി സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ കര്‍മ്മ പഥങ്ങളില്‍ ഇവ കൊണ്ടുവരുവാനും അതുവഴി ഇവയെ ശക്തിപ്പെടുത്താനും നാം ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ശോഭനമായ ഒരു ഭാവി നമുക്ക് നിര്‍മിക്കാനാകൂ.
മൂന്നാമത്തെ പാഠം നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്. കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികളും ലബോറട്ടറികളും ആണ്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പൊതു ആരോഗ്യ സേവനങ്ങള്‍ ഏറെ ഗുണം ചെയ്തു. ഇത് കണക്കിലെടുത്ത് പൊതു ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും വേണം.
നാലാമത്തെ പാഠം ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ്. ഈ മേഖലയിലെ വികസനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യകത ഈ മഹാമാരി നമുക്ക് പഠിപ്പിച്ചു തന്നു. ലോക്ഡൗണ്‍ കാലയളവിലും അതേത്തുടര്‍ന്നുള്ള അണ്‍ലോക് കാലത്തും ഭരണനിര്‍വഹണം, വിദ്യാഭ്യാസം, വ്യാപാരം, കാര്യാലയ പ്രവര്‍ത്തനം, സാമൂഹികബന്ധങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന ഉപാധിയായി വിവരവിനിമയ സാങ്കേതിക വിദ്യ മാറി. ജീവനുകള്‍ രക്ഷിക്കുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടത്തുക എന്നീ ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് ഏറെ സഹായിച്ചു.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്യാലയങ്ങള്‍ വെര്‍ച്വല്‍ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയും വെര്‍ച്ച്വല്‍ കോടതി നടപടികള്‍ നടത്തി വരുന്നു. രാഷ്ട്രപതിഭവനിലും വെര്‍ച്വല്‍ സമ്മേളനങ്ങള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നാം സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ചു. ഐടി, വിവര വിനിമയ സംവിധാനങ്ങള്‍ ഇ-ലേണിങ്, വിദൂര വിദ്യാഭ്യാസം എന്നിവ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. വീട്ടിലിരുന്ന് കൊണ്ടുള്ള ജോലി നിരവധി മേഖലകളില്‍ സാധാരണമായി. സാമ്പത്തിക രംഗത്തെ നയിക്കാന്‍, നമ്മുടെ രാജ്യത്തെ നിരവധി പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികവിദ്യ ശക്തിപകര്‍ന്നു. അങ്ങനെ പ്രകൃതിയുമായി സന്തുലനം പാലിച്ചുകൊണ്ട് ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ നിലനില്‍പ്പിനെയും വളര്‍ച്ചയും ഗുണകരമായ ബാധിക്കുമെന്ന് നാം തിരിച്ചറിഞ്ഞു.
ഈ പാഠങ്ങള്‍ മനുഷ്യകുലത്തിന് ഗുണകരമായി ഭവിക്കും. നമ്മുടെ യുവ തലമുറ ഈ പാഠങ്ങളെല്ലാം പഠിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭാവി സുരക്ഷിത കരങ്ങളിലാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ കോവിഡ് കാലം നമ്മുക്ക്, പ്രത്യേകിച്ച് നമ്മുടെ യുവതയ്ക്ക് കഠിനമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചത് നമ്മുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശങ്കകള്‍ സമ്മാനിക്കാന്‍ സാധ്യതയുണ്ട്; കുറച്ചു കാലത്തേയ്ക്ക് എങ്കിലും അവരുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്താനും. എങ്കിലും ഈ ദുര്‍ഘടസ്ഥിതി അധികനാള്‍ തുടരില്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നും. വലിയ തകര്‍ച്ചകള്‍ക്ക് ശേഷം വീണ്ടെടുക്കപ്പെട്ട സമൂഹങ്ങളുടെയും സാമ്പത്തിക രംഗങ്ങളുടെയും രാജ്യങ്ങളുടെയും ചരിത്രത്താല്‍ നിറഞ്ഞതാണ് നമ്മുടെ ഭൂതകാലം. ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു, നമ്മുടെ രാജ്യത്തെയും നമ്മുടെ യുവാക്കളെയും ശോഭനമായ ഒരു ഭാവി കാത്തിരിപ്പുണ്ട്.
.നമ്മുടെ കുട്ടികളുടെയും യുവാക്കള്‍ക്കളുടെയും ഭാവിയിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നയം നടപ്പാകുന്നതോടെ നൂതനവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്ക്കരിക്കാനും ഭാവിയിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഒരു പുതിയ ഇന്ത്യയ്ക്ക് അരങ്ങൊരുങ്ങുമെന്നും എനിക്ക് ഉറപ്പുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്കും കഴിവുകള്‍ക്കും അനുസൃതമായി വിഷയങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയും. അവരുടെ കഴിവ് തിരിച്ചറിയാന്‍ അവര്‍ക്ക് അവസരമുണ്ടാകും. നമ്മുടെ ഭാവിതലമുറയ്ക്ക് അത്തരം കഴിവുകളുടെ ശക്തിയില്‍ തൊഴില്‍ നേടാന്‍ സാധിക്കുമെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന ഒരു ദീര്‍ഘകാല ദര്‍ശനമാണ് പുതിയ ‘ദേശീയ വിദ്യാഭ്യാസ നയം’. ഇത് വിദ്യാഭ്യാസ മേഖലയില്‍ ‘ഉള്‍ക്കൊള്ളല്‍ ‘, ‘നൂതനത്വം’, ‘സ്ഥാപനവത്ക്കരണം ‘ എന്നീ സംസ്കാരങ്ങള്‍ ശക്തിപ്പെടുത്തും. യുവമനസ്സുകളെ നൈസര്‍ഗ്ഗികമായി വളരാന്‍ സഹായിക്കുന്നതിന് മാതൃഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പുതിയ നയം ഊന്നിപ്പറയുന്നു. ഇത് ഇന്ത്യന്‍ ഭാഷകളെയും രാജ്യത്തിന്റെ ഐക്യത്തെയും ശക്തിപ്പെടുത്തും. ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങളുടെ ശാക്തീകരണം അനിവാര്യമാണ്. ഈ ദിശയിലെ ശരിയായ നടപടിയാണ് ‘ദേശീയ വിദ്യാഭ്യാസ നയം’.
പത്തുദിവസം മുമ്പാണ് അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. തീര്‍ച്ചയായും അത് എല്ലാവര്ക്കും അഭിമാന നിമിഷമായിരുന്നു. രാജ്യത്തെ ജനങ്ങള്‍ വളരെക്കാലം സംയമനവും ക്ഷമയും കൈവിടാതെ നീതിന്യായ വ്യവസ്ഥയില്‍ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ചു. നീതിന്യായ നടപടികളിലൂടെയാണ് രാമ ജന്മഭൂമി പ്രശ്നം പരിഹരിച്ചത്. ബന്ധപ്പെട്ട എല്ലാ കക്ഷികളും, ജനങ്ങളും സുപ്രീം കോടതി വിധി ആദരപൂര്‍വ്വം അംഗീകരിക്കുകയും, സമാധാനം, അഹിംസ, സ്നേഹം, ഐക്യം എന്നിവയിലൂന്നിയ ഇന്ത്യന്‍ ധാര്‍മ്മികത ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എല്ലാ സഹ പൗരന്മാരുടെയും സ്തുത്യര്‍ഹമായ പെരുമാറ്റത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ അവസരത്തില്‍ ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണക്രമം എന്ന നമ്മുടെ പരീക്ഷണം അധികകാലം നിലനില്‍ക്കില്ലെന്ന് പലരും പ്രവചിച്ചു. നമ്മുടെ പുരാതനമായ പാരമ്പര്യവും സമ്പന്നമായ വൈവിധ്യവും ജനാധിപത്യവല്‍ക്കരണത്തിനുള്ള തടസ്സങ്ങളായി അവര്‍ കണ്ടു. എന്നാല്‍ ജനാധിപത്യത്തെ നമ്മുടെ ശക്തിയായി പരിപോഷിപ്പിച്ചു കൊണ്ട് ലോകത്തെ തന്നെ ഏറ്റവും ഊര്‍ജ്ജ്വസ്വലമായ ജനാധിപത്യ സംവിധാനമായി നാം മാറി. മാനവികതയുടെ ഉന്നതിക്കായി തുടര്‍ന്നും സുപ്രധാന പങ്കാണ് ഇന്ത്യക്ക് വഹിക്കാനുള്ളത്.
മഹാമാരിയെ നേരിടുന്നതിനായി നിങ്ങള്‍ ഓരോരുത്തരും പ്രകടിപ്പിച്ച ക്ഷമയും വിവേകവും ലോകമെമ്പാടും അഭിനന്ദിക്കപ്പെടുന്നു. തുടര്‍ന്നും നിങ്ങള്‍ ഓരോരുത്തരും ജാഗ്രത കൈവിടാതെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ആഗോള സമൂഹത്തിന്റെ ബൗദ്ധികവും ആത്മീയവുമായ സമ്പുഷ്ടീകരണത്തിനും ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ധാരാളം സംഭാവനകള്‍ നമുക്ക് നല്‍കാനുണ്ട്. എല്ലാവരുടെയും ക്ഷേമത്തിനായി ഞാന്‍ ചൈതന്യവത്തായ ഈ പ്രാര്‍ത്ഥന നടത്തുന്നു:
എല്ലാവരും സന്തോഷമായിരിക്കട്ടെ,
എല്ലാവരും രോഗത്തില്‍ നിന്ന് മുക്തരാകട്ടെ,
എല്ലാവരും ശുഭകരമായത് കാണട്ടെ,
ആരും സങ്കടപ്പെടാതിരിക്കട്ടെ.
സാര്‍വത്രികമായ ക്ഷേമത്തിനുള്ള ഈ പ്രാര്‍ത്ഥന നല്കുന്ന സന്ദേശം മനുഷ്യരാശിക്കുള്ള ഇന്ത്യയുടെ അതുല്യ വരദാനമാണ്.
74-ാം സ്വാതന്ത്ര്യ ദിന തലേന്ന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരെയും വീണ്ടും അഭിനന്ദിക്കുന്നു. എല്ലാവര്ക്കും ആയുരാരോഗ്യവും, ശോഭനമായ ഭാവിയും നേരുന്നു.
നന്ദി, ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: