ബദിയഡുക്ക: ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തിറങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഭീതിയില്‍. കാട് വിട്ടു നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കാര്‍ഷിക മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. നെട്ടണിഗെ ഗിളിയാലുവിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കാട്ടുപോത്തിറങ്ങിയത്. കൃഷിയിടത്തിലെ പച്ചക്കറി കൃഷി വ്യാപകമായി നശിപ്പിച്ചു. വീട്ടിലെ വളര്‍ത്തു നായയുടെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീട്ടുമുറ്റത്ത് നില്ക്കുന്ന കാട്ടു പോത്തിനെയാണ് കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വീട്ടുകാര്‍ കരുതി വെച്ചിരുന്ന പടക്കം പൊട്ടിച്ചതോടെ ശബ്ദം കോട്ട് കാട്ടുപോത്ത് ഓടി മറഞ്ഞു.
മുമ്പ് കാട്ടാനക്കൂട്ടങ്ങളുടെ ശല്യമായിരുന്നു നേരിടേണ്ടി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നിരവധ വന്യമൃഗങ്ങളാണ് നാട്ടിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. കേരളാ-കര്‍ണ്ണാടക വനമേഖലയില്‍ നിന്നും കൂട്ടമായെത്തുന്ന കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ നെട്ടണിഗെ ജാംബ്രി ഗുഹക്ക് സമീപം വിജനമായ സ്ഥലത്ത് പത്തോളം കാട്ടുപോത്തിന് കൂട്ടങ്ങളെ കണ്ടിരുന്നു. നെട്ടണിഗെയിലെയും സമീപ പ്രദേശത്തെ പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചിരുന്ന ചില കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ശല്യം സഹിക്കാനാകാതെ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. കൂട്ടമായെത്തുന്ന പോത്തിന് കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിയെത്തുന്നവയാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പരിഭ്രാന്തി പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ബദിയഡുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടു പോത്തിന് പുറമെ കാട്ടുപന്നി, കുരങ്ങ്, മുയല്, മയിലുകള്‍, കീരി തുടങ്ങിയവയും കര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പറയുന്നു. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെങ്ങനെ തുരത്തി ഓടിക്കാമെന്നത് സംബന്ധിച്ച് വനം വകുപ്പ് അധികൃതര്‍ക്കും വ്യക്തമായ അറിവില്ല. ചില കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പ്ലാസ്റ്റിക് വലകളും മറ്റും കെട്ടി സുരക്ഷാകവചം തീര്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: