കൊച്ചി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ 24 ന്യൂസ് ചാനല്‍ എം.ഡി കെ ശ്രീകണ്ഠന്‍ നായര്‍ക്ക് താക്കീത് നല്‍കി ഹൈക്കോടതി. അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണിയെന്ന് പറഞ്ഞ കേരള ഹൈക്കോടതി, ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ലന്നും ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംതേടി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ശ്രീകണ്ഠന്‍ നായര്‍ ഷോ’ എന്ന ടിവി പരിപാടിയില്‍ കൊറോണ കണക്കുകള്‍ പെരുപ്പിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ ഹൈക്കോടതിയില്‍ കേസ് എത്തിയത്.
തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കി ജനങ്ങളില്‍ ഭീതിയുളവാക്കും വിധം പ്രചരിപ്പിച്ചുവെന്നാണ് ശ്രീകണ്ഠന്‍ നായര്‍ക്കെതിരെയുള്ള കേസ്. ഐപിസി സെക്ഷന്‍ 505(1) (ബി), കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ വകുപ്പ് പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഷിനു ശ്യാമളനുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിലാണ് ജാമ്യം തേടി 24 എംഡി ഹൈക്കോടതിയില്‍ എത്തിയത്. ഇതില്‍ വാദം കേട്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനിടെയാണ് രൂക്ഷവിമര്‍ശനങ്ങള്‍ ഹൈക്കോടതി ഉയര്‍ത്തിയത്.
ഗോസിപ്പുകള്‍ അടക്കം എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി. അത് ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ കരുതിക്കൂട്ടി ചെയ്യരുത്. ശ്രീകണ്ഠന്‍ നായര്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. അദേഹം വഴികാട്ടുകയാണ് ചെയ്യുന്നത്. അല്ലാതെ വ്യാജവാര്‍ത്തകളും ഗോസിപ്പുകളുമല്ല പ്രചരിപ്പിക്കേണ്ടതെന്ന് ജാമ്യം നല്‍കുന്നതിനിടെ ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: