വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍പ്പെട്ട കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി. പുഴകളില്‍ ജലനിരപ്പ് താഴുന്നില്ല. നിരവധി കുടുംബങ്ങളെ മാലോത്തു കസബ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് ഏഴിടങ്ങളില്‍ ഉരുള്‍ പൊട്ടിയതായാണ് വിവരം. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ സംഭവ സ്ഥലത്തെത്തി ഇതിന് വ്യക്തത വരുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. കൊന്നക്കാട് മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ അധികൃതര്‍ ദുരിതാശ്വാസ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി,
ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ ഇന്നലെ വൈകീട്ടും ഈ പ്രദേശങ്ങളില്‍ തുടരുകയാണ്. മിക്ക റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. മഞ്ജുച്ചാല്, അശോക ചാല് പാലങ്ങള്‍ മലവെള്ളത്തില്‍ ഒലിച്ചു പോയതിനാല്‍ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബളാല്‍ പഞ്ചായത്തിനെയും വെസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരുവങ്കയം പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഈ പാലത്തിന്റെ കൈവരികളും അരിക് ഭിത്തിയും തകര്‍ന്ന നിലയിലാണ്.
മൂത്താടി കോളനിയിലെ നാല് കുടുംബങ്ങളെ ശനിയാഴ്ച പുലര്‍ച്ചെ തന്നെ പോലീസും പഞ്ചായത്ത് അധികൃതരും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മാലോത്തു കസബ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ആദ്യം പോലീസെത്തി ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ച ഈ കുടുംബങ്ങളെ ശനിയാഴ്ച പുലര്‍ച്ചെയോട് കൂടി സ്കൂളിലേക്ക് മാറ്റുകയായിരുന്നു.ദുരിതാശ്വാസ ക്യാമ്പിലുള്ള കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവിധ ചികിത്സാ സ്വകര്യങ്ങളും ലഭ്യമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ എസ് രാജശ്രീ അറിയിച്ചു.
ചൈത്രവാഹിനിപ്പുഴ കരകവിഞൊഴുകുന്നതിനാല് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ തേജസ്വിനി പുഴയും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പെരുമ്പട്ട, മൗക്കോട്, ബെഡൂര്‍, അണ്ടോള്‍, പുലിയന്നൂര്‍, മുക്കട, കുന്നുംകൈ, വേളൂര്‍ എന്നീ സ്ഥലങ്ങളില്‍ വീടുകളിലേക്ക് പുഴവെള്ളം കയറിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെയും മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: