വൈശാഖ് എന്‍.വി.
ഇടുക്കി: സുരേഷ് ഇപ്പോഴും ചെവി വട്ടം പിടിക്കുകയാണ്, ആര്‍ത്തുലച്ച് വരുന്ന വെള്ളത്തിന്റെയോ പാറക്കൂട്ടങ്ങളുടെയോ ഇടിമുഴക്കം പോലുള്ള പ്രകമ്പനം അടുത്തുണ്ടോ എന്നറിയാന്‍. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ച പെട്ടിമുടിയില്‍ നിന്നും ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ് ഇരവികുളം ദേശീയോധ്യാനത്തിലെ താത്കാലിക ഡ്രൈവറായ സുരേഷും കുടുംബവും. ഏറെ ഭയപ്പാടോടെയാണ് സുരേഷ് ദുരന്തരാത്രി ഓര്‍ക്കുന്നത്. രാത്രി അത്താഴത്തിന് ശേഷം പത്തേ മുക്കാലോടെയാണ് ഇവരുടെ കുടുംബം ഉറങ്ങാന്‍ കിടന്നത്.
രാത്രി 11.10 കഴിഞ്ഞതോടെ കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം ഉണ്ടായി. തലേ ദിവസം തകര്‍ത്ത പെയ്ത മഴയില്‍ സമീപത്തെ ലയങ്ങളില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ തകര്‍ന്നിരുന്നു. ശബ്ദംകേട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ കനത്ത മഴയുടെ ശബ്ദമാണിതെന്ന് സമീപവാസികള്‍ പറഞ്ഞു. വീണ്ടും ഉറങ്ങാന്‍ കിടന്നു. പത്ത് മിനിട്ടിനുശേഷം പ്രദേശത്താകെ ഭീതിയുടെ നിഴല്‍ പതിഞ്ഞെന്ന് സുരേഷ് പറയുന്നു. ജനങ്ങള്‍ എന്തെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞെന്നും എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് ആരും ഒന്നിനും കൃത്യമായ മറുപടി നല്‍കിയില്ലെന്നും സുരേഷ് പറഞ്ഞു.
ഇടയില്‍ ആരോക്കൊയോ മുകളില്‍ നിന്നും വെള്ളം വരുന്നുണ്ടെന്ന തരത്തില്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. മനസ് ഒന്ന് പകച്ചെങ്കിലും ഒരു വയസുള്ള മകള്‍ ധന്യയേയും എടുത്ത് ഭാര്യ ഉമാറാണിയോടൊപ്പം എങ്ങോട്ടാണ് പോകുന്നതെന്ന് നിശ്ചയമില്ലാതെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഇറങ്ങുന്ന വഴിയില്‍ ഇരുട്ടും വെള്ളവും കല്ലും നിറഞ്ഞ് ദുര്‍ഘടമായ സ്ഥിതിയായിരുന്നെന്ന് സുരേഷ് ഓര്‍ക്കുന്നു. വീട്ടില്‍ നിന്ന് 250 മീറ്റര്‍ താഴെ എത്തിയപ്പോഴെക്കും പ്രദേശമാകെ വെള്ളത്താല്‍ നിറഞ്ഞിരുന്നു.
താഴെയുള്ള തന്റെ ചിറ്റപ്പന്റെ വീട്ടിലെത്താനാണ് പിന്നീട് സുരേഷ് ശ്രമിച്ചത്. ഇതിനിടെ ഇവര്‍ക്ക് സമീപം താമസിച്ചിരുന്ന ദുരൈ, അമൃതരാജ് എന്നിവര്‍ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇവര്‍ക്ക് അടുത്തെത്തുകയും ഇവരെ സുരക്ഷിതയിടത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് നിമിഷം കൊണ്ട് ഇവര്‍ താമസിച്ചിരുന്ന പ്രദേശം ദുരന്തഭൂമിയായി തീര്‍ന്നുവെന്ന് രക്ഷപ്പെടുത്തിയവര്‍ പറഞ്ഞപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് വ്യക്തമായതെന്ന് സുരേഷ് പറഞ്ഞു.
മണ്ണിടിച്ചിലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തനിക്കും കുടുംബത്തിനും ജീവന് കിട്ടിയതിന്റെ ആശ്വാസത്തിലാണ് സുരേഷ്. സുരേഷിനൊപ്പം സമീപത്ത് താമസിച്ചിരുന്ന മൂന്നാര്‍ ഡിവിഷന് ഓഫീസിലെ ക്ലര്‍ക്ക് അനിലും രക്ഷപ്പെട്ടു. അതേ സമയം കാണാതായ ആറ് വാച്ചര്‍മാരില്‍ മൂന്ന് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: