രാജമല: അലമുറയിട്ട് ഓടിയെത്തി, ഉറ്റവരെ തിരയുന്ന ബന്ധുക്കളെക്കൊണ്ട് മൂന്നാര്‍ ടാറ്റാ ആശുപത്രിയും പെട്ടിമലയിലെ ക്ലിനിക്കും നിറഞ്ഞു. ജീവന് നിലനിര്‍ത്തിയവരില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടാകണേയെന്ന് പ്രാര്‍ത്ഥിച്ചും കരഞ്ഞുവിളിച്ചുമാണ് ഇവര്‍ ആശുപത്രിയിലേക്ക് എത്തുന്നത്.
തമിഴ്നാട്ടിലുള്ളവരുടെ ബന്ധുക്കളും ദുരന്തം വിതച്ച ലയങ്ങളില്‍ താമസമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനേ തന്നെ നടന്നും ഓടിയും കിട്ടിയ വണ്ടികളില്‍ക്കയറിയും അവര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു.
പലരും വൈകുന്നേരത്തോടെയാണ് ഇവിടെയെത്തിയത്. മണ്ണുമൂടിക്കിടക്കുന്ന കാഴ്ച കണ്ട് നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ഉറ്റവരെ തിരഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ രക്ഷപ്പെട്ടവരേപ്പറ്റി തിരക്കി. ആശുപത്രിയിലെത്തിച്ചവരില്‍ ബന്ധുക്കളുണ്ടോയെന്നറിയാന്‍ പിന്നീട് അവിടേക്കായി ഓട്ടം. ആശുപത്രിയില്‍ കണ്ടവരോടൊക്കെ ബന്ധുക്കളുടെ പേരു പറഞ്ഞ് ഇക്കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിക്കുന്നതും കാണാമായിരുന്നു.
ദുരന്തമുഖത്ത് ആദ്യം എത്തിയത് വനം വകുപ്പ്
മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തമുഖത്ത് സഹായവുമായി ആദ്യം എത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെ രാജമലയിലുള്ള വനംവകുപ്പിന്റെ ഓഫീസില്‍ ദുരന്തത്തില്‍പ്പെട്ട പ്രദേശവാസി എത്തി വിവരം അറിയിച്ചതോടെ കിട്ടിയ സന്നാഹവുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടിമുടിയിലേക്ക് കുതിച്ചു.
രാജമലയില്‍ നിന്നും 10 കിലോമീറ്റര്‍ താണ്ടണം പെട്ടിമുടിയിലെത്താന്‍. ഇരവികുളം നാഷണല്‍ പാര്‍ക്കിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ഓഫീസില്‍ നിന്നുമാണ് ഉദ്യാഗസ്ഥര്‍ പെട്ടി മുടിയിലേക്ക് പോയത്. ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈന്‍ ഓഫീസര്‍ ജോബ് ജെ. നേര്യന്‍പറമ്പിലിന്റെ നേതൃത്വത്തിലുള്ളവരാണ് ദുരന്ത സ്ഥലത്ത് ആദ്യം എത്തിയത്.
പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും ഇവരാണ്. രാവിലെ തന്നെ 5 പേരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുവാനും ഇവര്‍ക്കായി. ഭൂപ്രകൃതിയെക്കുറിച്ച് കൃത്യമായി അറിയാവുന്ന പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇടമലക്കുടിയില്‍ നിന്നുള്ള വനവാസികളും സഹായമായെത്തി.
കല്ലും മണ്ണും വന്ന് മൂടി കിടന്ന ലയങ്ങള്‍ക്ക് ഇടയില്‍ നിന്നും ജീവന്റെ ചലനം തിരിച്ചറിഞ്ഞെങ്കിലും ഫലപ്രദമായി ഇടപെടുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കനത്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
വനം വകുപ്പില്‍ നിന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപകടം സംബന്ധിച്ച ആദ്യ വിവരം എത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായെങ്കിലും പ്രദേശത്തേക്ക് എത്തിചേരുവാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: