ഉത്തര കര്‍ണാടകത്തില്‍ തുംഗഭദ്രാതീരത്തുള്ള ഹംപിയെ ചരിത്ര പ്രസിദ്ധമാക്കിയത് വിജയനഗര സാമ്രാജ്യമാണ്. ഐതിഹ്യപ്രസിദ്ധമാക്കിയത് ത്രേതായുഗത്തിലെ ഒരു വാനരസാമ്രാജ്യവും. ലോക പൈതൃകഭൂപടത്തിലൂടെ വിഖ്യാതമായ ഹംപിയാണ് രാമായണത്തില്‍ ആദികവി വര്‍ണിക്കുന്ന ബാലിസുഗ്രീവ ഹനുമാന്മാരുടെ കിഷ്കിന്ധ. രംഗമണ്ഡപത്തൂണുകളില് സംഗീതമുയരുന്ന വിട്ടലക്ഷേത്രവും വിരൂപാക്ഷക്ഷേത്രവുമുള്പ്പെടെ എണ്ണമറ്റ അത്ഭുതങ്ങള്‍ കാണാനെത്തുന്നവരില്‍ അധികമാര്‍ക്കും അറിയില്ല ഹംപിയുടെ ഈ രാമായണ ബന്ധം.
‘കല്ലിലെഴുതിയ മഹാകാവ്യമായ്’ തകര്‍ന്നും തലയുയര്‍ത്തിയും വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.
കൃത്യമായി പറഞ്ഞാല്‍, ഹംപിയോടു ചേര്‍ന്നുള്ള അനേഗുന്ധിയാണ് കിഷ്കിന്ധ. ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയകുന്നും ബാലികേറാമലയെന്ന ഋശ്യമൂകാചലവും മഴക്കാലം തീരും വരെ രാമലക്ഷ്മണന്മാര് തങ്ങിയ മാല്യവന്തമലയും ബാലിയെ ശപിച്ച മാതംഗമുനിയുടെ മാതംഗമലയുമുള്പ്പെടുന്ന കിഷ്കിന്ധ.
സീതാപഹരണമാണ് രാമലക്ഷ്മണന്മാരുടെ കിഷ്കിന്ധായാത്രയ്ക്ക് നിമിത്തമാകുന്നത്. സീതയെ തിരഞ്ഞുള്ള രാമലക്ഷ്ണന്മാരുടെ പുറപ്പാട്. യാത്രയ്ക്ക് കിഷ്കിന്ധയിലെത്തുമ്പോഴുള്ള ഗതിമാറ്റം. മാതംഗമുനിയുടെ ശിഷ്യയും രാമന്റെ പരമഭക്തയുമായ ശബരിയാണ് കിഷ്കിന്ധയെന്ന വാനരസാമ്രാജ്യത്തെക്കുറിച്ച് രാമനോടു പറയുന്നത്. ബാലിയുടെയും സുഗ്രീവന്റെയും സാമ്രാജ്യമായ കിഷ്കിന്ധയില്‍ രാമനും ലക്ഷ്മണനുമെത്തുന്നു. ഋശ്യമൂകാചലത്തില്‍ രാമന് ഭക്തോത്തമനായ ഹനുമാനെ കണ്ടുമുട്ടുന്നു. വാനരരാജാവായ സുഗ്രീവന്റെ സചിവപ്രവരനാണ് ഹനുമാന്. ജ്യേഷ്ഠന് ബാലിക്ക് സുഗ്രീവനോടുള്ള വൈരാഗ്യം, തുടര്‍ന്നുള്ള യുദ്ധം, ബാലിവധം, സീതയെ കണ്ടെത്താന്‍ ഹനുമാന്റെ ലങ്കായാത്ര തുടങ്ങി രാമായണത്തിലെ സുപ്രധാന കഥാസന്ദര്ഭങ്ങള്ക്കെല്ലാം ഹംപിയുടെ പരിസരം സാക്ഷ്യമാകുന്നുണ്ട്. അവിടെയുള്ള ചെറുതും വലുതുമായ കുന്നുകളോരോന്നും പറയുന്നുണ്ട് രാമകഥകള്‍.
രാമനെത്തുമ്പോള്, ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തില്‍ ഹനുമാനൊപ്പം കഴിയുകയാണ് സുഗ്രീവന്. രാമലക്ഷ്മണന്മാരുടെ യാത്രാദൗത്യം ഹനുമാന് സുഗ്രീവനെ ധരിപ്പിക്കുന്നു. രാവണന് ബലാല്‍ക്കാരമായി കൊണ്ടു പോകുന്നതിനിടയില്‍ പുഷ്പക വിമാനത്തില്‍ നിന്ന് കിഷ്കിന്ധയില്‍ വീണ സീതയുടെ ആഭരണങ്ങള്‍ സുഗ്രീവന് ഒരു ഗുഹയ്ക്കകത്ത് സൂക്ഷിച്ചിരുന്നു. അത് രാമനെ കാണിക്കുന്നു. ആഭരണങ്ങള്‍ സീതയുടേതാണെന്ന് രാമന് തിരിച്ചറിയുന്നു. തുംഗഭദ്രാതീരത്തിലൂടെ ഹംപിയിലെ വിട്ടലക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ഈ ഗുഹയുള്ളത്.
സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി ഹനുമാന് തിരികെ എത്തിയെങ്കിലും രാമനും, സഹായത്തിന് സദാ സന്നദ്ധരായ വാരനരസേനയ്ക്കും ലങ്കയിലേക്ക് പുറപ്പെടാനായില്ല. വിഘാതമായത് മഴക്കാലം. അതുതീരും വരെ രാമലക്ഷ്മണന്മാര് തങ്ങിയത് മാല്യവന്തമലയിലായിരുന്നു. മഴക്കാലം കഴിഞ്ഞായിരുന്നു ലങ്കായാത്ര.
അനേഗുന്ധിയിലെങ്ങും കാണാം വലിയ വലിയ ഉരുളന്‍ കല്ലുകള്‍. ഇവ സേതുബന്ധനശേഷം വാനരന്മാര് ഉപേക്ഷിച്ചതാണെന്നാണ് വിശ്വാസം. മുഗളന്മാര് തകര്‍ത്തതുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട് ഹംപിയില്‍. ശില്‍പ്പഭംഗിയാല്‍ മനോഹരങ്ങളയവ. അവയിലെ കൊത്തുപണികളില്‍ പലതിലും രാമായണ സന്ദര്‍ഭങ്ങള്‍ കാണാം. ഹനുമാനും സുഗ്രീവനുമുള്പ്പെടെ വാനരന്മാരേയും കൊത്തിവച്ചിരിക്കുന്നു.
വിജയനഗര രാജകുടുംബത്തിന് ആരാധിക്കാന്‍ മാത്രമായി പണിതതാണ് ഹംപിയിലെ പ്രസിദ്ധമായ ഹസാരരാമക്ഷേത്രം. യന്ത്രോദ്ധാരക ആഞ്ജനേയ ക്ഷേത്രം, മാല്യവന്തയിലെ രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങി രാമായണ ചരിതവുമായി പിന്നെയുമെത്രയോ രാമമന്ദിരങ്ങള്. ആരാധനാമൂര്‍ത്തികളില്‍ ഹംപിയിലെ ജനതയ്ക്ക് ഇന്നും പ്രിയങ്കരരാണ് രാമനും ആഞ്ജനേയനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: