ശാസ്താംകോട്ട: ഒന്നരമാസം മുമ്പ് ലോക്ഡൗണിന്റെ മറവില്‍ നിര്‍മാണം തുടങ്ങി വ്യാപകപ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ശാസ്താംകോട്ട തടാകതീരത്തെ എക്സൈസ് ഓഫീസ് നിര്‍മാണം വരും ദിവസങ്ങളില്‍ പുനരാരംഭിക്കാന്‍ നീക്കം. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് തടയാന്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുതിയ നീക്കം. ഇതിന്റെ പണി തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ശാസ്താംകോട്ട കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സോണ്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ പ്രതിഷേധക്കാരുടെ ശ്രദ്ധ പതിയുന്നതിന് മുമ്പേ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പുതിയ നീക്കമെന്നറിയുന്നു.
ജില്ലയിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തിന് സംരക്ഷണമൊരുക്കുന്ന പ്രകൃതിദത്തമായ മൊട്ടക്കുന്നുകളാണ് ഒന്നരമാസം മുമ്പ് വ്യാപകമായി ഇടിച്ചുനിരത്തിയത്. പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി അരങ്ങേറിയത്. ജില്ലയിലെ ഏക കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന ഈ ക്രൂരകൃത്യം നടത്തിയത് എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ പേരിലാണ്.
പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ശാസ്താംകോട്ട തടാകതീരത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു മണ്ണിടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണപ്രവര്‍ത്തനമാണ് ലോക്ഡൗണിന്റെ മറവില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലെന്ന ധാരണയില്‍ വീണ്ടും തുടങ്ങിയത്. എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ തടാകത്തെ നിലനിര്‍ത്തുന്ന മൊട്ടക്കുന്നുകള്‍ ഇടിച്ച് മണ്ണ് കടത്തുന്നതിന് പിന്നില്‍ വന്‍അഴിമതിയും അനീതിയും ഉണ്ടന്ന് മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് എക്സൈസ് ഓഫീസിനായി ഇവിടെ കുന്നിടിക്കാന് തുടങ്ങിയപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുന്നിടിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭങ്ങളെ വെല്ലുവിളിച്ചാണ് അന്ന് എക്സൈസ് മന്ത്രി നേരിട്ടെത്തി ഓഫീസിന് ശിലയിട്ടത്. ഇപ്പോള്‍ സംരക്ഷണഭിത്തി കെട്ടാനെന്ന പേരിലാണ് രഹസ്യമായി മണ്ണുമാന്തിയന്ത്രവും ടിപ്പറുകളുമെത്തിച്ച് വീണ്ടും മണ്ണ് കടത്തുന്നത്. മൊട്ടക്കുന്നുകള്‍ ഇടിച്ച് നിരത്തുന്നതോടെ കാലവര്‍ഷ കാലത്ത് മണ്ണൊഴുകി തടാകത്തിലേക്ക് തന്നെ പതിക്കും.
ശാസ്താംകോട്ടയില്‍ സര്‍ക്കാര്‍ ഭൂമി നിരവധി ഉണ്ടായിട്ടും എക്സൈസ് ഓഫീസ് നിര്‍മിക്കാന്‍ തടാകതീരം തിരഞ്ഞെടുത്തത് ദുരൂഹമാണ്. മുമ്പ് പോലീസ് സ്റ്റേഷനും ടൗണില്‍ നിന്ന് ഒരു കിലോമീറ്ററോളം അകത്തുള്ള വിജനമായ തടാകതീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യമയങ്ങിയാല്‍ തടാക തീരത്തെ വിജനമായ വഴിയിലൂടെ പോലീസ് സ്റ്റേഷനിലേക്കെത്താന്‍ പരാതിക്കാര്‍ മടിക്കുകയാണ്. പിന്നാലെ എക്സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: